കേരളം ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതായി കേന്ദ്രം; ഒപ്പം രഹസ്യ അന്വേഷണവും; കേന്ദ്ര-കേരള ബന്ധം ഉലയുന്നു

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടു വര്‍ഷത്തിനു ശേഷം ഇതാദ്യമായി കേരളാ-കേന്ദ്രം ബന്ധം വഷളാകുന്നു. ശബരിമല സുപ്രീംകോടതി വിധി നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രം കേരളത്തിനു നല്‍കിയ കത്ത് പരസ്യപ്പെടുത്തിയതിലും യുഎഇയില്‍ മുഖ്യമന്ത്രി കേന്ദ്രത്തിന്നെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരിലുമാണ്  ബന്ധം വഷളാകുന്നത്.

രഹസ്യം എന്ന് രേഖപ്പെടുത്തി സര്‍ക്കാരിനു നല്‍കിയ ശബരിമല കത്ത്  പരസ്യമാക്കിയതില്‍ കേരള സര്‍ക്കാര്‍ ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കുകയും ഭരണഘടനാ ലംഘനം നടത്തുകയും ചെയ്തു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതിന്റെ പേരില്‍ കേന്ദ്ര ആഭ്യന്തരവകുപ്പാണ്‌ കേരളാ സര്‍ക്കാര്‍ നടപടിക്കെതിരെ അന്വേഷണം നടത്തുന്നത്. പ്രശ്നത്തില്‍ ഇടത് സര്‍ക്കാരിനെതിരെ കേന്ദ്രത്തില്‍  കടുത്ത അതൃപ്തി ഉടലെടുത്തിട്ടുണ്ട്.

കത്ത് പരസ്യപ്പെടുത്തിയത് വിവാദമായപ്പോള്‍ അത് മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക്ക് പേജില്‍ നിന്നും പിന്നീട് നീക്കം ചെയ്തിരുന്നു.

പൊതുസമക്ഷം വെളിപ്പെടുത്താന്‍ പാടില്ലാത്ത രഹസ്യ നിര്‍ദ്ദേശം കേരളാ സര്‍ക്കാര്‍ പരസ്യപ്പെടുത്തിയതില്‍ ഭരണഘടനാ ലംഘനം ഉണ്ടായി എന്നാണ് കേന്ദ്ര വിലയിരുത്തല്‍. ഇതിനെ തുടര്‍ന്നാണ്‌ ആഭ്യന്തര മന്ത്രാലയം കേരളാ സര്‍ക്കാരിന്റെ നടപടിക്കെതിരെ അന്വേഷണം തുടങ്ങിയത്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്രം കേരളത്തിനു നല്‍കിയ ഉത്തരവ് പരസ്യപ്പെടുത്തിയതിലാണ് അന്വേഷണം നടക്കുന്നത്.

സുപ്രീംകോടതി വിധി വരുമ്പോള്‍ ഇത്തരം നിര്‍ദ്ദേശം കേന്ദ്രം കേരളത്തിനു കൈമാറുന്നത് സാധാരണമാണ്. പക്ഷെ ഇത് രഹസ്യസ്വഭാവമുള്ള ഭരണഘടനാപരമായ നടപടിയാണ്. ഇത് പരസ്യപ്പെടുത്താന്‍ കേരളത്തിനു അനുവാദമില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫെയ്സ് ബുക്ക്‌ പോസ്റ്റിലാണ് ഈ ഉത്തരവ് ആദ്യം പരസ്യപ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം പരസ്യമാക്കിയതിനു പിന്നാലെ ഈ ഉത്തരവിന്റെ കോപ്പി കൂടി ഫെയ്സ് ബുക്ക്‌ പേജില്‍ ടാഗ് ചെയ്യുകയായിരുന്നു. നടപടി വിവാദമായപ്പോള്‍ സര്‍ക്കാര്‍ തന്നെ ഈ ഉത്തരവിന്റെ പകര്‍പ്പ് ഫെയ്സ് ബുക്ക്‌ പേജില്‍ നിന്നും നീക്കം ചെയ്തിരുന്നു.

സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് കേന്ദ്ര വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. രഹസ്യസ്വഭാവമുള്ള ഉത്തരവാണ് കേരളത്തിനു കൈമാറിയത് എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇത് പൊതുസമക്ഷം പരസ്യപ്പെടുത്താന്‍ സര്‍ക്കാരിനു അധികാരമില്ല. ഭരണഘടനയില്‍ തന്നെ ഇത് വിശദമാക്കിയിട്ടുണ്ട്. രഹസ്യസ്വഭാവമുള്ള രേഖകള്‍ പുറത്ത് വിടരുത് എന്ന്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക്ക്‌ പേജ് വഴി ഈ രേഖകള്‍ പുറത്തായി. സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഉത്തരവിന്റെ കോപ്പി ഫെയ്സ് ബുക്ക്‌ പേജില്‍ കൂടി വന്നത്.

കേന്ദ്രം സര്‍ക്കാരിനു അയക്കുന്ന ഒരു കത്തും മുഖ്യമന്ത്രിയോ മന്ത്രിമാരോ പുറത്ത് വിടാന്‍ പാടുള്ളതല്ല. ഇത് ഭരണഘടനാ ലംഘനവും അതേസമയം സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ്  എന്ന് സൂചനയുണ്ട്.  ഇത് മനസിലാക്കിയാണ് ആഭ്യന്തര മന്ത്രാലയം അന്വേഷണം തുടങ്ങിയത്. ഏത് തരത്തിലുള്ള പ്രശ്നങ്ങള്‍ വന്നാലും ഭരണഘടനപരമായി അനുവര്‍ത്തിക്കുന്ന രീതി അനുസരിച്ച് അയക്കുന്ന രേഖകള്‍ ഒരു കാരണവശാലും പുറത്ത് വിടാന്‍ പാടുള്ളതല്ല. ആദ്യം കേന്ദ്ര ഉത്തരവിന്റെ കോപ്പി ഫെയ്സ് ബുക്ക്‌ ഉള്‍പ്പെടുത്തിയ ശേഷം പിന്നീട് അത് പിന്‍വലിച്ചത് ഇതുകൊണ്ട് തന്നെയാണ്.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് സാധൂകരിക്കാന്‍ ജനങ്ങളെ നേരിട്ട് കാണാന്‍ സിപിഎമ്മിന് പദ്ധതിയുണ്ട്. ശബരിമല വിഷയത്തില്‍ ഇടത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ മലയാള പരിഭാഷയും ഒപ്പം വിധി നടപ്പിലാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക കത്തിന്റെ പകര്‍പ്പും കൂടി ജനങ്ങള്‍ക്ക് നല്‍കാന്‍ നീക്കമുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് അന്വേഷണം നടത്താനുള്ള കേന്ദ്ര നീക്കം.

ഇതുവരെ സാധാരണ രീതിയില്‍ നീങ്ങിയിരുന്ന കേന്ദ്ര-കേരള ബന്ധം കൂടുതല്‍ വഷളാകുകയാണ്. പ്രളയത്തിനു ശേഷമുള്ള കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിക്കായുള്ള മന്ത്രിമാരുടെ വിദേശയാത്ര കേന്ദ്രം തടഞ്ഞതിനെ അതിരൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. യുഎഇ പോലുള്ള ഒരു വിദേശരാജ്യത്ത് പോയി പ്രധാനമന്ത്രിയ്ക്കെതിരെ പ്രസംഗിച്ചതില്‍ കടുത്ത അതൃപ്തിയിലാണ് കേന്ദ്ര സര്‍ക്കാര്‍. അതിനു പിന്നാലെയാണ് കേന്ദ്രം നല്‍കിയ കത്ത് പരസ്യപ്പെടുത്തിയതിന്റെ പേരിലുള്ള കേന്ദ്ര അന്വേഷണവും വരുന്നത്.

മന്ത്രിമാരുടെ യാത്ര തടസ്സപ്പെടുത്തിയ കേന്ദ്രത്തിന്റെ നടപടിയ്ക്കെതിരെ കടുത്ത പ്രതിഷേധം കേരളത്തിനകത്ത്‌ നിന്ന് ഉയര്‍ന്നു വരേണ്ടതുണ്ട് എന്നാണ് ഇന്നലെയും മുഖ്യമന്ത്രി പ്രതികരിച്ചത്. ഇതെല്ലാം തന്നെ കേരളവും കേന്ദ്രവും തമ്മില്‍ നിലവിലുണ്ടായിരുന്ന സുതാര്യബന്ധം തകരുന്നതിന്റെ ലക്ഷണമായി വിലയിരുത്തപ്പെടുന്നു.