കേന്ദ്ര മെട്രോ നയം ലൈറ്റ് മെട്രോയ്ക്ക് തടസം, കേന്ദ്രാനുമതി ലഭിച്ചാല്‍ മാത്രമേ ലൈറ്റ് മെട്രോ മുന്നോട്ട് നീങ്ങൂ: എം.വി.ജയരാജന്‍

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ലൈറ്റ് മെട്രോയെ ചൊല്ലിയുള്ള വിവാദങ്ങള്‍ അനാവശ്യമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍. ലൈറ്റ് മെട്രോ പദ്ധതിയില്‍ ഡിഎംആര്‍സിയെ ഒഴിവാക്കിയിട്ടില്ല. നിലവില്‍ പദ്ധതി അനിശ്ചിതത്വത്തിലാണ്. കാരണം തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല-24 കേരളയോട് പറഞ്ഞു.

2017-ല്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ മെട്രോ നയം പ്രഖ്യാപിച്ചിട്ടുണ്ട്. അതും ലൈറ്റ് മെട്രോ പദ്ധതിക്ക്‌ വിഘാതമായി നില്‍ക്കുന്നു. കേന്ദ്ര മെട്രോ നയം പറയുന്നത് ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ സൂഷ്മമായി പരിശോധിക്കണമെന്നാണ്.
മെട്രോ പദ്ധതിക്കുള്ള വിഭവ സമാഹരണം എങ്ങിനെ നടപ്പിലാക്കുമെന്ന് വിശദീകരിക്കുകയും വേണമെന്ന് പറയുന്നു.

മെട്രോ പദ്ധതി ലാഭകരമാകണം. മെട്രോ പദ്ധതി നടപ്പിലാകുമ്പോള്‍ ഇതെല്ലാം പരിഗണിക്കണം. കേന്ദ്ര അനുമതിക്കായുള്ള പ്രോജെക്റ്റ്‌ തയ്യാറാക്കിയത് ഡിഎംആര്‍സി തന്നെയാണ്. പുതിയ മെട്രോ നയത്തിന് അനുസൃതമായി ഡിഎംആര്‍സി തയ്യാറാക്കിയ പ്രോജെക്റ്റ്‌ ആണ് കേന്ദ്രത്തിനു നല്‍കാന്‍ പോകുന്നത്. അതിനുവേണ്ടിയാണ് സെക്രട്ടറി തല സമിതി അത് പരിശോധിക്കുന്നത്.

ഈ അപേക്ഷ  കേന്ദ്രത്തിനു ലഭ്യമാക്കി വേണം കേന്ദ്രാനുമതി നേടിയെടുക്കാന്‍. അപ്പോള്‍ ലൈറ്റ് മെട്രോ പദ്ധതി അണിയറയില്‍ ഒരുങ്ങുകയാണ്. പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വിവാദങ്ങള്‍ അനാവശ്യമാണ്. സംസ്ഥാന
സര്‍ക്കാരിന്റെ ധനസഹായം കൊണ്ട് മാത്രം ലൈറ്റ് മെട്രോ യാഥാര്‍ത്ഥ്യമാകില്ല. ഇതിനു കേന്ദ്ര ഫണ്ട് വേണം.

കേന്ദ്ര ഫണ്ട് മുന്‍നിര്‍ത്തിയുള്ള പദ്ധതിയാണ് ലൈറ്റ് മെട്രോ പദ്ധതി. കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കണമെങ്കില്‍ കേന്ദ്രാനുമതി നല്‍കണം. കേന്ദ്രാനുമതി ഇതുവരെ ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് ലഭിച്ചിട്ടില്ല. ഇപ്പോള്‍ കേന്ദ്രാനുമതിയും കേന്ദ്ര സഹായവും ഇല്ലാത്ത അവസ്ഥയിലാണ് ലൈറ്റ് മെട്രോ പദ്ധതികള്‍.

ലൈറ്റ് മെട്രോ പദ്ധതി രൂപരേഖ കേന്ദ്ര സര്‍ക്കാരിനു നല്‍കാനായി ഒരു സെക്രട്ടറി തല സമിതി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അതിനാല്‍ വെറുതെ വിവാദങ്ങള്‍ സൃഷ്ടിച്ച് അത് ലൈറ്റ് മെട്രോ പദ്ധതിയ്ക്ക് വിഘാതമാക്കരുത്- എം.വി.ജയരാജന്‍ പറഞ്ഞു.

ലൈറ്റ് മെട്രോ പദ്ധതികൾ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുമായി മുന്നോട്ടു പോകും. പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ശ്രീധരൻ ഉദ്ദേശിക്കുന്ന അതേ വേഗത്തിൽ സർക്കാരിനു നീങ്ങാൻ കഴിയുന്നില്ല. കേന്ദ്രാനുമതി കിട്ടിയതിനുശേഷം മാത്രമേ ലൈറ്റ് മെട്രോ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയുള്ളൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ലൈറ്റ് മെട്രോ വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചതായി തെളിയിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന്‌ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരിൽ സ്വാധീനമുണ്ടെന്നു പറയുന്നവർക്ക് മെട്രോ പദ്ധതിക്ക് അനുമതി വാങ്ങിത്തരാൻ കഴിഞ്ഞില്ലെന്നും ഡിഎംആര്‍സിയെ കുറ്റപ്പെടുത്തി സുധാകരന്‍ പറഞ്ഞിരുന്നു.