കേന്ദ്ര ബജറ്റ്: ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്സ് 40,000 കടന്നു

മുംബൈ: ബജറ്റിനു മുന്നോടിയായി ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് നാല്‍പതിനായിരത്തിന് മുകളിലെത്തി. ജൂണ്‍ 11നുശേഷം സെന്‍സെക്സ് 40,000 കടക്കുന്നത് ഇതാദ്യമായാണ്.  ദേശീയ ഓഹരി വിപണിയായ നിഫ്റ്റി 35 പോയിന്‍റ് നേട്ടത്തില്‍ 11,982 ലാണിപ്പോള്‍.

അതേസമയം കാര്‍ഷിക – ഗ്രാമീണമേഖയ്ക്കും അടിസ്ഥാന സൗകര്യവികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ബജറ്റില്‍ മുന്‍ഗണന നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ചെറുകിട വ്യവസായമേഖലയ്ക്കും തൊഴില്‍ പ്രതിസന്ധി പരിഹരിക്കാനും നൈപുണ്യവികസനത്തിനും പരിഗണനയുണ്ടാകും. അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും കൂടുതല്‍ തുക നീക്കിവെച്ചേക്കും. നിക്ഷേപവും കയറ്റുമതിയും വര്‍ധിപ്പിക്കാന്‍ കാര്യമായ ശ്രമുണ്ടാകും. ആദായനികുതി ഘടനയില്‍ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവന്നേക്കും.

അഞ്ച് ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ റിബേറ്റ് നല്‍കി ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള ഇടക്കാല ബജറ്റില്‍ കൈയടി നേടിയിരുന്നു. നിലവിലുള്ള 2.5 ലക്ഷത്തിൽ നിന്ന്​ 3 ലക്ഷമായി ആദായ നികുതി പരിധി ഉയർത്താനുള്ള ആലോചനകളാണ്​ ധനമന്ത്രാലയം നടത്തുന്നതെന്ന്​ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.