കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കോണ്‍ഗ്രസ്; അധികാരത്തിലെത്തിയാല്‍ കാര്‍ഷികകടങ്ങള്‍ എഴുതിതള്ളും

ന്യൂഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കോണ്‍ഗ്രസ്. 2019 തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലെത്തിയാല്‍ എല്ലാ കാര്‍ഷിക കടങ്ങളും എഴുതിതള്ളുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

കോണ്‍ഗ്രസ് കര്‍ഷക സെല്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രണ്‍ദീപ് സിങ് സുര്‍ജേവാല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന പ്രഖ്യാപനം സുര്‍ജേവാല നടത്തിയത്.

ഓരോ 24 മണിക്കൂറിലും, 12 കര്‍ഷകരാണ് രാജ്യത്ത് ജീവനൊടുക്കുന്നത്. കര്‍ഷകരുടെ ഈ ദുരിതജീവിതത്തിന് 53മാസമായി രാജ്യം ഭരിക്കുന്ന മോഡി സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.