കേന്ദ്രം ഇന്ത്യ സ്വകാര്യവൽക്കരിക്കുന്ന തിരക്കിലാണ്, കേരളം പൊതുമേഖല ഇലക്ട്രിക്ക് ഓട്ടോ യാഥാർത്യമാക്കുന്നു ; കേരളത്തിന്റെ സ്വന്തം നീംജി

തിരുവനന്തപുരം : ശബ്ദ പരിസര മലിനീകരണമില്ലാതെ 50 പൈസ നിരക്കില്‍ ഒരു കിലോ മീറ്റര്‍. നടക്കുന്ന കാര്യമാണോ. നടക്കും എന്ന് തെളിയിച്ച് പൊതു മേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ്. കേരളാ നീംജി എന്ന ഇലക്ട്രിക്ക് ഓട്ടോറിക്ഷ വ്യാവസായിക അടിസ്ഥാനത്തിന്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായ പരീക്ഷണഓട്ടം വിജയിച്ചു.

കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇലക്‌ട്രിക് ഓട്ടോ നിര്‍മ്മാണത്തിന് യോഗ്യത നേടിയത്. കേന്ദ്ര സർക്കാർ കാര്യക്ഷമത എന്ന തൊടുന്യായം നിരത്തി ഇന്ത്യയെ സ്വകാര്യ മേഖലക്ക് തീറെഴുതി കൊടുക്കുമ്പോഴാണ് കേരളം വീണ്ടും രാജ്യത്തിന് വഴി കാട്ടുന്നത്. ആശയപരമായ വ്യത്യസ്ത നിലപാട് പ്രവർത്തിയിപ്പോലും സാധ്യമാണ് എന്ന് കാണിക്കുകയാണ് കേരളം.

തിരുവനന്തപുരം ആറാലുംമൂട്ടിലുള്ള കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് അഞ്ച് മാസം കൊണ്ടാണ് നീംജി രൂപകല്‍പന ചെയ്തത്. 5000 കിലോമീറ്റര്‍ പരീക്ഷണയോട്ടം നടത്തിയ വാഹനം ഓട്ടോമോട്ടീവ് റിസര്‍ച്ച്‌ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരവും നേടി.

കേരളാ നീംജി എന്നത് സാധാരണ ഓട്ടോറിക്ഷാ പോലെ തന്നെയാണ്. മൂന്ന് പേര്‍ക്കാണ് പിറകില്‍ ഇരിക്കാന്‍ സാധിക്കുക. ജര്‍മ്മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ബാറ്ററിയും രണ്ട് കെ. വി മോട്ടോറുമാണ് ഈ ഓട്ടോറിക്ഷയുടെ ഹൃദയം. മൂന്നു മണിക്കൂര്‍ 55 മിനിറ്റ് കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം.

ഒരു തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. സാധാരണ ത്രീ പിന്‍ പ്ലഗ് ഉപയോഗിച്ചും ബാറ്ററി റീചാര്‍ജ് ചെയ്യാം. കേരളത്തിലെ വലിയ കയറ്റമെല്ലാം കയറാന്‍ പ്രത്യേക പവര്‍ ഗിയറും വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. കിലോമീറ്ററിന് 50 പൈസ മാത്രമാണ് ചെലവ്. വണ്ടിക്ക് അധികം കുലുക്കമുണ്ടായിരിക്കില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. അറ്റകുറ്റപ്പണിയും കുറവായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. രണ്ടര ലക്ഷം രൂപയാണ് വാഹനത്തിന്റെ വില.

സബ്‌സിഡി കൂടി ലഭിക്കുന്നതോടെ രണ്ടു ലക്ഷത്തിന് വിപണിയില്‍ വില്‍ക്കാനാകുമെന്നാണ് പ്രതീക്ഷ. ഈ ഓണത്തിന് വാഹനം വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വര്‍ഷം 8000 ഓട്ടോറിക്ഷകള്‍ പുറത്തിറക്കും. പിന്നീട് ആവശ്യാനുസരണം ഉല്‍പാദനം കൂട്ടാനാണ് തീരുമാനം. ഇലക്‌ട്രിക് ഓട്ടോറിക്ഷയ്ക്ക് പിന്നാലെ ഇലക്‌ട്രിക് ബസുകളുടെ നിര്‍മ്മാണ രംഗത്തേക്കും കടക്കാനൊരുങ്ങുകയാണ് കേരള ഓട്ടോമൊബൈല്‍സ്.