കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളെ തുടർന്ന് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വ്യക്തിവൈരാഗ്യം തീർക്കുന്നതിനാണ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ സർക്കാർ ഇന്ന് നിലപാടറിയിക്കും.

ചിത്തിരആട്ട വിശേഷ പൂജയ്ക്ക് നട തുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ 52 കാരിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയില്‍ കെ സുരേന്ദ്രന് പങ്കുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഈ കേസില്‍ നേരത്തെ പത്തനംതിട്ട കോടതി സുരേന്ദ്രന് ജാമ്യം നിഷേധിച്ചിരുന്നു. എസ്പി ഹരിശങ്കറിന് തന്നോടുള്ള വ്യക്തിപരമായ വൈരാഗ്യമാണ് കള്ളക്കേസിന് പിന്നിലെന്നാണ് സുരേന്ദ്രന്‍ ആരോപിച്ചത്.

അതിനിടെ റിമാന്‍ഡ് കാലാവധി കഴിയുന്ന സുരേന്ദ്രനെ പൊലീസ് ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കും. ഇന്നലെ സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന വഴിയ്ക്ക് പുറത്ത് നിന്ന് ഭക്ഷണം വാങ്ങിക്കൊടുത്തതിന് പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൊല്ലം എആര്‍ ക്യാംപിലെ വിക്രമന്‍ നായരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.