കെ വി തോമസിനെ ഡല്‍ഹിക്ക് വിളിപ്പിച്ചു, എറണാകുളം സ്ഥാനാര്‍ത്ഥിത്വത്തില്‍ സസ്പെന്‍സ്

ന്യൂഡല്‍ഹി : ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡന്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന. ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍​ഗ്രസ് സ്ക്രീനിങ് കമ്മിറ്റി യോ​ഗത്തിലേക്ക് നിലവിലെ എംപി കെവി തോമസിനെ വിളിച്ചുവരുത്തി. എറണാകുളത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കെ വി തോമസിനെ അനുനയിപ്പിക്കുക ലക്ഷ്യമിട്ടാണ് നടപടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളുമായി കെ വി തോമസ് ചര്‍ച്ച നടത്തി. ഉമ്മന്‍ ചാണ്ടിയും യോഗത്തില്‍ പങ്കെടുത്തു. അതേസമയം മല്‍സരിക്കാന്‍ സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ വി തോമസ് പ്രതികരിച്ചു. പാര്‍ട്ടി എന്ത് തീരുമാനം എടുത്താലും അം​ഗീകരിക്കുമെന്നും തോമസ് പറഞ്ഞു. എറണാകുളത്ത് സിറ്റിം​ഗ് എംപി കെ വി തോമസിന് പുറമെ ഹൈബി ഈഡന്റെ പേരും സജീവമായി പരി​ഗണിച്ചിരുന്നു.

എറണാകുളത്ത് പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി പി രാജീവിനെ നിര്‍ത്തി സിപിഎം കടുത്ത മല്‍സരമാണ് കാഴ്ച വെക്കുന്നത്. ഈ സാഹചര്യത്തില്‍ ഹൈബി ഈഡനെന്ന യുവസ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മണ്ഡലം നിലനിര്‍ത്താമെന്നാണ് കോണ്‍​ഗ്രസ് വിലയിരുത്തല്‍. സ്ഥിരമായി മല്‍സരിക്കുന്നു എന്ന കെ വി തോമസിനോടുള്ള തോമസിനോടുള്ള കോണ്‍​ഗ്രസ് പ്രവര്‍ത്തകരുടെ അതൃപ്തി ഇല്ലാതാക്കാനും ഹൈബി വരുന്നത് നല്ലതായിരിക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. മല്‍സര രം​ഗത്തുനിന്നും മാറിനില്‍ക്കുന്നതിന് കെ വി തോമസിന് മുന്നില്‍ ഹൈക്കമാന്‍ഡ് എന്ത് വാ​ഗ്ദാനമാകും മുന്നില്‍ വെക്കുന്നതെന്നും കോണ്‍​ഗ്രസ് ജില്ലാ നേതൃത്വം ഉറ്റുനോക്കുന്നു.