കെ എം മാണിയെ അനുസ്മരിച്ച് സഭ പിരിഞ്ഞു

തിരുവനന്തപുരം: ബജറ്റ് സമ്മേളനം ആരംഭിച്ച ആദ്യ ദിനം കെ എം മാണിയെ അനുസ്മരിച്ച് നിയമസഭ പിരിഞ്ഞു. പകരം വയ്ക്കാനില്ലാത്ത സാമാജികനെയാണ് നഷ്ടമായതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അനുസ്മരിച്ചു. തെരഞ്ഞെടുപ്പ് ജയത്തിലെ മാണിയുടെ റെക്കോര്‍ഡുകള്‍ ഇനി തകര്‍ക്കാനാന്‍ കഴിയുമോ എന്ന സംശയവും സ്പീക്കര്‍ വ്യക്തമാക്കി.

സമാനതകളില്ലാത്ത നേതാവായിരുന്നു കെ എം മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരണ പ്രസംഗത്തില്‍ പറഞ്ഞു. മാണി സഭയില്‍ ഹാജരാകുന്ന കാര്യത്തില്‍ കാണിച്ച കൃത്യത എല്ലാ സാമാജികരും മാതൃകയാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരള രാഷ്ട്രീയത്തെ തന്റെ വഴിയിലേക്ക് നയിച്ച നേതാവായിരുന്നു മാണിയെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇങ്ങനെയൊരു നേതാവ് ഇനി ഉണ്ടാകുമോ എന്നറിയില്ലെന്നും അഭിപ്രായപ്പെട്ടു.

ദേശീയ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു മാണിയെന്ന് പി ജെ ജോസഫ് വ്യക്തമാക്കി. സീനിയോറിറ്റി പറഞ്ഞാണ് ലയന സമയത്ത് മാണി ചെയര്‍മാന്‍ ആയതെന്നും ഇതോടെ താന്‍ വര്‍ക്കിംഗ് ചെയര്‍മാനായിയെന്നും പി ജെ ജോസഫ് സഭയില്‍ പറഞ്ഞു.