കെ.ആർ. മോഹനന്റെ ‘വൈറ്റ് ബാലൻസും’ പ്രതിബദ്ധത മായ്ച്ച ഹാർഡ് ഡിസ്‌കും

വി. ശശികുമാർ

കെ.ആർ. മോഹനൻ എന്ന മോഹനേട്ടൻ വേർപിരിഞ്ഞിട്ടു രണ്ടു വർഷമാകുന്നു. കാലം വളരെ വളരെ വേഗത്തിലാണ്  പോകുന്നത്. എന്നാൽ മോഹനേട്ടന്റെ ജീവിതത്തിലെ അവസാനത്തെ ഒരു മാസം വേഗത്തിലല്ലായിരുന്നു. അന്നടുത്തു നിന്ന ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾക്കും സഹോദരിമാർക്കും സഹോദരൻ രവിയ്ക്കും ആ ദിനങ്ങൾക്ക് വളരെ പതിഞ്ഞ താളമായിരുന്നു. മോഹനേട്ടന്റെ സിനിമകൾ പോലെ തന്നെ. ഇന്ന് മോഹനേട്ടന്റെ ചരമദിനത്തിൽ  ഞാൻ പഴയ കുറെ കാര്യങ്ങൾ ഓർത്തു പോയി.

അശ്വത്ഥാമാവ് 

ഞങ്ങൾ സുഹൃത്തുക്കൾ ബോംബയിൽ ഒരു ഫിലിം സൊസൈറ്റി തുടങ്ങുന്നതിന് 1978ൽ നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് മോഹനേട്ടനെ പരിചയപ്പെടുന്നത്. മോഹനേട്ടന്റെ കോളജ് സഹപാഠി ആയിരുന്ന ബോംബെ അണുശക്തി കേന്ദ്രത്തിലെ ഡോക്ടർ എ. വേണുഗോപാലിനന്നു വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല പഠനകാലത്ത് നടൻ സത്യനാകാൻ പരിശ്രമിച്ച കെ.ആർ. മോഹനൻ ഇങ്ങനെ ഒരു സിനിമ ചെയ്യുമെന്ന്.

പിന്നീട് ഞങ്ങളുടെ സൗഹൃദം വലുതായി. ‘അശ്വത്ഥാമാവ്’ ഫ്രാൻസിലെ നാന്ത് ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പക്ഷെ, മോഹനേട്ടന് പോകാൻ കഴിഞ്ഞില്ല. പണമില്ലാത്തത് കൊണ്ട്. അവിടെ ‘അശ്വത്ഥാമാവി’ന് അവാർഡ് ലഭിച്ചപ്പോൾ മോഹനേട്ടന്റെ അവാർഡ് വാങ്ങി കൊണ്ട് വന്നത് ആ ചിത്രത്തെ വാനോളവും പുകഴ്ത്തി എഴുതിയ  അന്നത്തെ പ്രശസ്ത നിരൂപകൻ ഇക്‌ബാൽ മസൂദായിരുന്നു. നാന്തിൽ പോകാൻ പറ്റാഞ്ഞതിനെപ്പറ്റി മോഹനേട്ടന് ഒരു ഇച്‌ഛാഭംഗവുമില്ലായിരുന്നു.  

പുരുഷാർത്ഥം 

രണ്ടാമത്തെ ചിത്രമായ ‘പുരുഷാർത്ഥ’ത്തിന്റെ നായികയെ തേടി ബോംബേയിലൂടെ ഉള്ള യാത്രയും പല പ്രവാശ്യം ബോംബെ പൊലീസ് മോഹനേട്ടനെ തടഞ്ഞു നിറുത്തിയതും പറഞ്ഞു ഞങ്ങൾ പിൽക്കാലത്തു ചിരിക്കുമായിരുന്നു. അക്കാലത്തു ഗൾഫുകാർ കൊണ്ടുവരുന്ന തടിച്ച ബ്രീഫ്കേസുമായി നടക്കുന്ന മോഹനേട്ടനെ കണ്ടപ്പോൾ തോന്നിയ സംശയമായിരുന്നു അതിന് കാരണം.

സ്വരൂപം  

മൂന്നാമത്തെ ചിത്രമായ ‘സ്വരൂപ’വുമായി മോഹനേട്ടൻ  ബോംബെയിലെത്തിയത് ബാബ്രി മസ്‌ജിദ്‌ പൊളിക്കുന്നതിനു മുൻപ് എൽ. കെ. അഡ്‌വാനിയുടെ രഥയാത്ര നടക്കുന്ന കാലത്താണ്. മോഹനേട്ടനൊപ്പം ഞാനും ബോംബയിൽ പോയി. ബിഎആർസിയിലെ വേണുവിന്റെ ക്വാർട്ടേഴ്‌സിലായിരുന്നു ഞങ്ങളുടെ താമസം. ചിത്രം സബ് ടൈറ്റിൽ ചെയ്തു ബോംബയിൽ ഒരു സ്ക്രീനിങ് നടത്തുക ആയിരുന്നു ലക്‌ഷ്യം.

ടി.എം.പി നെടുങ്ങാടി (നാദിർഷാ) ആയിരുന്നു സംഭാഷണം പരിഭാഷപ്പെടുത്തി സബ്‌ടൈറ്റിൽ ചെയ്യാൻ തയ്യാറാക്കിയത്. സബ് ടൈറ്റിൽ ചെയ്യുന്നത് വർളി നെഹ്‌റു സെന്ററിലെ എൻഎഫ് ഡി സിയിലും. ഉച്ചവരെ ഞങ്ങൾ ഫ്ലാറ്റിലിരുന്നു രഥയാത്രയുമായി ബന്ധപ്പെട്ട ആനന്ദ് പട്വർധന്റെ ചിത്രം കണ്ടു. പുറത്തിറങ്ങിയപ്പോഴറിയുന്നു പല ഇടങ്ങളിലും ബസ്സുകൾ തടഞ്ഞിട്ടിരിക്കുന്നുവെന്ന്. വാഹനങ്ങൾ പോകുന്നില്ല. ഞങ്ങൾ രണ്ടുപേരും കൂടി ഉൾവഴികളികളിലൂടെയും ചേരികളിലൂടെയും നടന്ന് ചെമ്പൂർ, കുർള, കലീന വഴി വകോളയിലെ നെടുങ്ങാടിയുടെ ഫ്ലാറ്റിലെത്തി. അവിടെ നിന്നും സബ് ടൈറ്റിൽ ഷീറ്റ് വാങ്ങി എൻ എഫ് ഡി സിയിലെത്തിക്കണം. സബ് ടൈറ്റിൽ ആക്കിയാലേ പ്രിവ്യു നടക്കു.

ബോംബയിൽ പലയിടങ്ങളിലും കലാപങ്ങളും വെടിവെപ്പും തുടങ്ങി. കവചിതവാഹനങ്ങൾ ചേരിപ്രദേശങ്ങളിലൂടെ ചീറിപായുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ ഞങ്ങൾ കലാപം കഴിഞ്ഞയിടങ്ങൾ കടന്നു മുന്നോട്ട് പോകുമ്പോഴാണറിയുന്നത്  എല്ലാ ഓഫീസുകളും അനിശ്ചിതകാലത്തേയ്ക്കടച്ചിരിക്കുന്നു… 
നടന്നും ,കിട്ടിയ വാഹനങ്ങളിൽ കയറിയും പാതിരാവിൽ ഞങ്ങൾ ക്വാർട്ടേഴ്സിലെത്തി. മൂന്ന് ദിവസ്സം പുറത്തിറങ്ങാനാവാതെ  അവിടെ പെട്ടുപോയി. ക്വാർട്ടറിന്റെ ഉടമ വേണുവിനെ പ്പോലും രണ്ടു ദിവസം സെക്യൂരിറ്റിക്കാർ അകത്തേയ്ക്കു വിട്ടില്ല. ബോംബയിലെ ചില ചലച്ചിത്രപ്രവർത്തകരായ സുഹൃത്തുക്കളെ വിളിച്ചു വിവരങ്ങൾ അറിഞ്ഞു കൊണ്ടിരുന്നു.അവരെല്ലാം ഫ്‌ളാറ്റുകളിൽ തന്നെ ഇരിക്കുകയായിരുന്നു.

ആ ദിനത്തിലെ നോവിപ്പിക്കുന്ന ഓർമകളുമായി ചിത്രം പ്രദര്ശിപ്പിക്കാതെ ഞങ്ങൾ മടങ്ങി..ബോംബെ ഫ്ളാറ്റുകളിലിരുന്ന പല സുഹൃത്തുക്കളായ ചലച്ചിത്രകാരന്മാരും ബോംബെ കലാപത്തിൽ പെട്ടുപോയ അനുഭവങ്ങളുമായി ഡോക്യുമെന്ററികൾ ഉണ്ടാക്കി. പലർക്കും അംഗീകാരങ്ങളും കിട്ടി. എന്നാൽ മോഹനേട്ടൻ ബോംബെ കലാപത്തിന് നടുവിലൂടെയുള്ള തന്റെ യാത്രയെപ്പറ്റി ആരോടും ഒന്നും പറഞ്ഞില്ല….

അടിയുറച്ച കമ്മ്യൂണിസ്റ്റുകാരൻ

കെ എസ് എഫ് ഡിസിയിൽ ജോലി നോക്കുന്ന കാലത്താണ് മോഹനേട്ടൻ ‘കൈരളി’ ചാനലിന്റെ തുടക്കത്തിൽ അതിന്റെ ക്രിയേറ്റീവ് ഡയറക്ടറായി പോകൂന്നത്. ബാങ്ക് രവി, ബാബു ഭരദ്വാജ് തുടങ്ങിയവരായിരുന്നു ഒപ്പം. ധാരാളം ചെറുപ്പക്കാരെ കൊണ്ട് വ്യത്യസ്തങ്ങളായ പരിപാടികൾ ചെയ്യിച്ചു. പ്രത്യേകിച്ച് സ്ത്രീകളുടെ വിഷയങ്ങളുമായി ബന്ധപ്പെട്ടവ. ശമ്പളം പോലും കിട്ടാതെ മാസങ്ങൾ കടന്നുപോയി. ചാനൽ ഏകദേശം രൂപപ്പെട്ട് വന്നപ്പോൾ ഒരു ദിവസം മോഹനേട്ടന്റെ സ്ഥാനത്തൊരാളെ കൊണ്ടിരുത്തി. ചാനലിന് വരുമാനമുണ്ടാക്കാൻ പറ്റുന്ന പരിപാടികളുണ്ടാക്കാൻ പാർട്ടി എടുത്ത തീരുമാനം.

ഒരു ദിവസം മോഹനേട്ടൻ കൈരളി വിട്ടു പോന്നു. അവിടെ താരങ്ങളെ ആയിരുന്നു ആവശ്യം. എന്നിട്ടും കക്ഷി ഒരു പരിഭവവും പറഞ്ഞില്ല. പാർട്ടി എടുത്ത തീരുമാനം എന്ന് മാത്രം പറഞ്ഞു. പാർട്ടി അംഗമല്ലാത്ത മോഹനേട്ടൻ ആ സംഭവത്തെ പറ്റി  ഒരക്ഷരം പോലും ആരോടും പറഞ്ഞില്ല. 

‘വൈറ്റ് ബാലൻസ്’

തന്റെ ചാനൽ അനുഭവം വെച്ചുകൊണ്ട് ‘വൈറ്റ് ബാലൻസ്’ എന്ന പേരിൽ സ്‌ക്രിപ്‌റ്റെഴുതി പ്രൊഡ്യൂസ് ചെയ്യാൻ ചിലരെ കണ്ടു. ഒരു യുവനടനെ അഭിനയിക്കാനും സമീപിച്ചു. അതോടു കൂടി ആ പദ്ധതി അവസാനിപ്പിച്ചു. പല വിദേശമലയാളികളും വാഗ്ദാനങ്ങൾ നടത്തി. പക്ഷെ മോഹനേട്ടന്റെ സിനിമ ഉണ്ടായില്ല. ‘വൈറ്റ് ബാലൻസ്’ കടലാസിൽ മാത്രം ബാക്കിയായി. 

ഗൗരിയമ്മ ചിത്രം

അവസാനകാലത്തു ഗൗരിയമ്മയെപറ്റി പിആർഡിക്കു വേണ്ടി ഡോക്യൂമെന്ററി ചെയ്തു. സഹായത്തിന് ഞാനും കൂടി. ക്യാമറ കെ.ജി. ജയൻ. എല്ലാവർക്കും ഗൗരിയമ്മയെ ഭയമായിരുന്നു. പക്ഷെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഗൗരിയമ്മ മറ്റൊരാളായി മാറി. ആരെയും കയറ്റാത്ത  അവരുടെ കിടക്ക മുറിയിൽ ഞങ്ങൾ ക്യാമറയുമായി പിന്നാലെ കൂടി. ചുവരിൽ  ടി.വി. തോമസുമായി നിൽക്കുന്ന അനേകം ചിത്രങ്ങൾ! ഓരോ ചിത്രത്തിന്റെ അടുത്തെത്തുമ്പോഴും ഓരോ അനുഭവങ്ങൾ അവർ പറഞ്ഞു കൊണ്ടിരുന്നു. പാർട്ടി പിളരുന്നതിനും മുൻപും പിൻപും ഉള്ള  ഒരുപാട് രഹസ്യങ്ങൾ…

ഭൂപരിഷ്കരണ ബില്ലും, വനിതാ ബില്ലുമുണ്ടാക്കിയപ്പോൾ നേരിടേണ്ടി വന്ന പാർട്ടി ഇടപെടലുകളെക്കുറിച്ച് ഗൗരിയമ്മ പറഞ്ഞപ്പോൾ മോഹനേട്ടൻ ആകെ വിഷമിക്കുന്നത് കാണാമായിരുന്നു. അതില്ലാം കൃത്യമായി ജയൻ ഷൂട്ട് ചെയ്തു. പക്ഷെ മോഹനേട്ടൻ ഗൗരിയമ്മയെ പറ്റി ചെയ്ത ആ ചിത്രത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കു വൈഷമ്യം ഉണ്ടാക്കുന്ന ഒന്നും ഉൾപ്പെടുത്തിയില്ല. മാത്രവുമല്ല ഷൂട്ട്‌ ചെയ്തു വെച്ചിരുന്ന ഹാർഡ് ഡിസ്ക് മോഹനേട്ടൻ സുരക്ഷിതമായി വെച്ചു. കിടപ്പിലാകുന്നതിനു ഒരാഴ്ച മുൻപ് ആ ഹാർഡ് ഡിസ്കിലുണ്ടായിരുന്നതെല്ലാം മായ്ച്ചു കളഞ്ഞു. താൻ വിശ്വസിക്കുന്ന പാർട്ടിക്ക് ഒരാപത്തും ഉണ്ടാകരുതെന്ന് അടിയുറച്ചു വിശാസിച്ചിരുന്നത് കൊണ്ടാവാം ഒരു രാത്രിയിലിരുന്നു എല്ലാം മായ്ച്ച് കളഞ്ഞത്.

അതേക്കുറിച്ച് ചോദിച്ചപ്പോൾ മോഹനേട്ടൻ പറഞ്ഞത് ഇതാണ്:  “കുറെ നല്ല സിനിമകൾ അതിൽ കോപ്പി ചെയ്തു വെച്ചാൽ ഒറ്റക്കിരുന്നു കാണാം”. ആ  ഹാർഡ് ഡിസ്‌കിൽ പക്ഷെ ഒരു നല്ല സിനിമയും നിറയ്ക്കാൻ മോഹനേട്ടനായില്ല..