കെവിന്‍ വധക്കേസ്; കൂറുമാറിയ സാക്ഷികളുടെ എണ്ണം ആറായി

കോട്ടയം: കെവിന്‍ വധക്കേസ് വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. പതിനൊന്നാം പ്രതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതിന് സാക്ഷിയായ ഇംത്യാസാണ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയത്. ഇതോടെ വിചാരണക്കിടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം ആറായി.

നൂറ്റിരണ്ടാം സാക്ഷിയായ ഇംത്യാസ്, ഫോണ്‍ കണ്ടെടുത്തത് തന്റെ സാന്നിധ്യത്തിലല്ല എന്നാണ് കോടതിയില്‍ മൊഴി മാറ്റിയത്. അതേസമയം, കെവിന്‍റെ മൃതദേഹം കണ്ടത് പൊലീസിനെ വിളിച്ചറിയിച്ച പൊതുപ്രവര്‍ത്തകന്‍ റെജി ജോണ്‍സണ്‍ ഉള്‍പ്പെടെ എട്ട് സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴിനല്‍കി. ഷാനു ചാക്കോ ഉള്‍പ്പെടെയുള്ള 13 പ്രതികള്‍ കോട്ടയത്തേക്കും, തിരികെ കൊല്ലത്തേക്കുള്ള യാത്രാമധ്യേ എടിഎം കാര്‍ഡ് സ്വൈപ്പ് ചെയ്ത് ഇന്ധനം നിറച്ചത് പേരൂര്‍ക്കട എസ് ബി ഐ ബ്രാഞ്ച് മാനേജര്‍ കൃഷ്ണചന്ദ്രന്‍ സ്ഥിരീകരിച്ചു.

കേസില്‍ ഇന്നലെയും രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു. 27-ാം സാക്ഷി അലന്‍, 98-ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് ഇന്നലെ പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റിയത്. എട്ടാം പ്രതി നിഷാദിന്റെ അയല്‍വാസിയാണ് സുലൈമാന്‍. കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ പ്രതികളെത്തിയ പമ്ബിലെ ജീവനക്കാരനാണ് അലന്‍. നേരത്തെ, രണ്ടാം പ്രതി നിയാസിന്റെ അയല്‍വാസികളായ സുനീഷ്, മുനീര്‍ എന്നിവരും 28-ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ എബിന്‍ പ്രദീപും മൊഴിമാറ്റിയിരുന്നു.