കെപിസിസി അധ്യക്ഷ സ്ഥാനം ഉമ്മന്‍ ചാണ്ടി നിരസിക്കുന്നതിന് പിന്നില്‍ മുഖ്യമന്ത്രി സ്ഥാന മോഹം; കരുതലോടെ ഐ ഗ്രൂപ്പും

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കെപിസിസി പ്രസിഡന്റ് സ്ഥാനം ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കാതിരിക്കുന്നതിനു പിന്നില്‍ മുഖ്യമന്ത്രിസ്ഥാന മോഹമെന്ന് സൂചന. ഒരു തവണ കൂടി മുഖ്യമന്ത്രിയാകാന്‍ ഉമ്മന്‍ചാണ്ടി മനസുകൊണ്ട് ആഗ്രഹിക്കുന്നു എന്നാണ് സൂചനകള്‍. ഇത് മനസിലാക്കിയാണ് പ്രതിപക്ഷ നേതൃസ്ഥാനം ആദ്യമേ തന്നെ രമേശ്‌ ചെന്നിത്തല കൈക്കലാക്കിയത്.

അടുത്ത തവണ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകുക നിലവിലെ പ്രതിപക്ഷ നേതാവാണ്‌. അങ്ങിനെയെങ്കില്‍ ആ സ്ഥാനത്തേയ്ക്ക്‌
കടന്നിരിക്കുക നിലവിലെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനം മോഹിച്ച് തന്നെയാണ് ചെന്നിത്തല മുന്നോട്ട് നീങ്ങുന്നതും.

ചെന്നിത്തലയുടെ സാധ്യതകള്‍ വെട്ടി, നിലവിലെ കോണ്‍ഗ്രസ് കീഴ്വഴക്കങ്ങള്‍ മറികടന്നു അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയാകാനാണ് ഉമ്മന്‍ചാണ്ടി ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെയാണ് എ ഗ്രൂപ്പിന് കെപിസിസി പ്രസിഡന്റ് പദവി കൈവന്നിട്ടും അന്ന് വിശ്വസ്തനായിരുന്ന എം.എം.ഹസനെ കെപിസിസി പ്രസിഡന്റ് ആക്കി ഉമ്മന്‍ചാണ്ടി മാറി നിന്നത്.

ഉമ്മന്‍ചാണ്ടിയുടെ ഈ നീക്കങ്ങള്‍ മനസിലാക്കി കരുതലെടുത്തു തന്നെയാണ് ഐ ഗ്രൂപ്പും ചെന്നിത്തലയും മുന്നോട്ട് നീങ്ങുന്നത്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം ശക്തിപ്പെടുത്താനും വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കേരളത്തില്‍ അധികാരത്തിലേയ്ക്ക്‌ നയിക്കാനും ഉമ്മന്‍ചാണ്ടി കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഉണ്ടാകണം എന്ന് കോണ്‍ഗ്രസിനുള്ളില്‍ മുറവിളി ശക്തമാണ്. ഈ മുറവിളി പക്ഷെ ഉമ്മന്‍ചാണ്ടി അവഗണിക്കുകയാണ്. കാരണം കെപിസിസി പ്രസിഡന്റായാല്‍ ഇനി ഭരണം ലഭിക്കുമ്പോള്‍ മുഖ്യമന്ത്രിയാകാന്‍ കഴിയില്ലെന്നാണ് അദ്ദേഹം കരുതുന്നത്.

നിലവിലെ കോണ്‍ഗ്രസിന്റെ നിര്‍ജീവത ഈ ഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി പരിഗണിക്കുന്നുമില്ല. യുഡിഎഫ് സംവിധാനത്തെ നയിക്കാന്‍ ചെന്നിത്തലയെക്കാളും താന്‍ തന്നെയാണ് യോഗ്യന്‍ എന്ന സന്ദേശമാണ് ഉമ്മന്‍ചാണ്ടി ചുറ്റും പരത്തുന്നത്. ഇതോടൊപ്പം നിലവിലെ യുഡിഎഫിന്റെ ദൗര്‍ബല്യങ്ങള്‍ ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരവേ തന്നെയാണ് വീരേന്ദ്രകുമാറിന്റെ ജെഡിയു ഒരു കാരണവും ഉയര്‍ത്തിക്കാട്ടാതെ യുഡിഎഫ് വിട്ടത്. രാഷ്ട്രീയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനു പകരം അടിയന്തിരാവസ്ഥ കാലത്ത് പിണറായിക്കൊപ്പം ജയിലില്‍ കിടന്നു എന്നാണ് വീരേന്ദ്രകുമാര്‍ പ്രതികരിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് ഉമ്മന്‍ചാണ്ടി ആയിരുന്നെങ്കില്‍ ഇത്ര പെട്ടെന്ന് ജെഡിയു മുന്നണി വിടുമായിരുന്നില്ല എന്ന്‌ കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

മാണിയെ യുഡിഎഫിലേയ്ക്ക്‌ തിരിച്ചു കൊണ്ടുവരാന്‍ പ്രാപ്തനായ നേതാവ് ഉമ്മന്‍ചാണ്ടി തന്നെയാണ് എന്നും കോണ്‍ഗ്രസ് വൃത്തങ്ങളില്‍ അഭിപ്രായമുണ്ട്. ഉമ്മന്‍ചാണ്ടിയ്ക്കാണ് മാണിയില്‍ സ്വാധീനമുള്ളത്, മറിച്ച് ചെന്നിത്തലയ്ക്കല്ല. വീരേന്ദ്രകുമാര്‍ മുന്നണി വിട്ടതിനാല്‍ പകരം കേരള കോണ്‍ഗ്രസ് (എം) യുഡിഎഫില്‍ വേണം. അതിന്‌ മധ്യസ്ഥത വഹിക്കാന്‍ യോഗ്യന്‍ ഉമ്മന്‍ചാണ്ടി തന്നെയാണെന്ന് നേതാക്കള്‍ പറയുന്നു.

ഈ കാര്യങ്ങള്‍ എല്ലാം മനസില്‍ വെച്ചാണ് വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി സ്ഥാനം തനിക്ക് തന്നെ വേണം എന്നും ഈ കസേരയ്ക്ക് സര്‍വദാ യോഗ്യന്‍ താന്‍ തന്നെയാണെന്നും ഉമ്മന്‍ചാണ്ടി കരുതുന്നത്.

നിലവില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മറ്റി സംവിധാനം പോലും കേരളത്തില്‍ കാര്യക്ഷമമല്ല. ഈ അവസ്ഥയില്‍ കോണ്‍ഗ്രസിന് എങ്ങിനെ വരുന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്താന്‍ കഴിയും എന്നാണ്‌ കോണ്‍ഗ്രസിനുള്ളില്‍ നിന്നും ഉയരുന്ന ചോദ്യം. എം.എം.ഹസന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഉണ്ടെങ്കിലും ഊര്‍ജ്ജ്വസ്വലതയോടെ കെപിസിസിയെ നയിക്കുന്നതില്‍ ഹസന്‍ പരാജയമാണെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ നിന്നുള്ള വിലയിരുത്തല്‍.

സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ചെന്നിത്തല പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ആരോപിക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി വന്ന ബിനോയ്‌ കോടിയേരി വിവാദത്തില്‍ പ്രതിപക്ഷം എന്ന നിലയില്‍ സ്കോര്‍ ചെയ്തത് ബിജെപി ആയിരുന്നെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തുറന്നു സമ്മതിക്കുന്നു.

സംസ്ഥാനത്ത് നിലവില്‍ കോണ്‍ഗ്രസ് ദുര്‍ബലമാണ്. സിപിഎം ആണെങ്കില്‍ ശക്തമായ അവസ്ഥയിലും. മുഖ്യമന്ത്രി പിണറായി വിജയന്‍ ലക്ഷ്യമിടുന്നത് വരുന്ന തിരഞ്ഞെടുപ്പിലും ജയിച്ച് അധികാരത്തിലെത്താനാണ്.
പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിനെ സജ്ജമാക്കി അധികാരത്തിലെത്തിക്കാനുള്ള
ഉത്തരവാദിത്തം പ്രതിപക്ഷ നേതാവിനാണ്. ഇക്കാര്യത്തില്‍ ചെന്നിത്തല പരാജയമാണെന്നും  ആരോപണമുയരുന്നു. ഈ സാഹചര്യത്തിലാണ്‌ കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി കെപിസിസി അധ്യക്ഷ സ്ഥാനത്ത് എത്തണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.

പക്ഷെ ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി പദം തന്നെയാണ്. ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങള്‍ ശ്രദ്ധിച്ചാലും ഈ കാര്യങ്ങള്‍ തെളിഞ്ഞു കാണാം. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട്‌ കേരളത്തിലെ കോണ്‍ഗ്രസ് നേരിടുന്ന പ്രശ്നങ്ങളും കെ.എം.മാണിയെ മുന്നണിയില്‍ തിരിച്ചു കൊണ്ടുവരുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു.

ഇതിന്‌ തൊട്ടുപിന്നാലെ ഉമ്മന്‍ചാണ്ടിയും ഇന്നലെ ഡല്‍ഹിയില്‍ എത്തി രാഹുലിനെ കണ്ടു. ഈ സന്ദര്‍ശനത്തിലും ചര്‍ച്ചയായത് കേരളത്തിലെ കാര്യങ്ങള്‍ തന്നെ. ചെന്നിത്തലയെക്കാള്‍ ഒരു പടികൂടി കടന്ന്‌ ഉമ്മന്‍ചാണ്ടി പ്രവര്‍ത്തക സമിതിയംഗം എ.കെ.ആന്റണി, കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്നിക്, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്നിവരെയും സന്ദര്‍ശിച്ചു. ഇതെല്ലാം ഉമ്മന്‍ചാണ്ടി നീങ്ങുന്നത് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ചാണ് എന്ന സൂചനകള്‍ ശക്തമാക്കുന്നു.