കെഎം ഷാജിക്ക് നിയമസഭയില്‍ പങ്കെടുക്കാം; വോട്ടവകാശവും ആനുകൂല്യങ്ങളും ലഭിക്കില്ല

തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയ സംഭവത്തില്‍ കെ എം ഷാജിയെ അയോഗ്യനാക്കിയ മുന്‍ ഉത്തരവ് ആവര്‍ത്തിച്ചു സുപ്രീംകോടതി.നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും ?എന്നാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു. നിയമസഭ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന മുന്‍ ഉത്തരവും കോടതി ആവര്‍ത്തിക്കുകായിരുന്നു.

കെ എം ഷാജിക്ക് എംഎല്‍എ ആയി നിയമസഭയില്‍ പങ്കെടുക്കാം. വോട്ടവകാശം ഉണ്ടായിരിക്കില്ല. ആനുകൂല്യങ്ങളും കൈപറ്റാന്‍ പാടില്ല എന്നിവയാണ് സുപ്രീം കോടതി നേരത്തെ മുമ്ബോട്ട് വെച്ച ഉപാധികള്‍. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. പിന്നീട് ജനുവരിയിലേക്ക് മാറ്റിയ കേസിലാണ് പഴയ തീരുമാനത്തില്‍ തന്നെ സുപ്രീംകോടതി വീണ്ടുമെത്തിയത്

തെരഞ്ഞെടുപ്പ് നേട്ടത്തിനായി വര്‍ഗീയ വിദ്വേഷം പരത്തുന്ന ലഘുലേഖ പ്രചരിപ്പിച്ചതിനാണ് അഴിക്കോട് എംഎല്‍എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. അമുസ്ലിമിന് വോട്ടുചെയ്യരുതെന്നും അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണെന്നും മുസ്ലീമായ ഷാജിക്ക് വോട്ടുചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചുള്ള ലഘുലേഖയാണ് മതധ്രുവീകരണം നടത്തിയതിന് കോടതി തെളിവായി സ്വീകരിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാറാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ് നല്‍കിയത്.

കെ.എം.ഷാജി എംഎല്‍എ യെ സിപിഎം ബോധപൂര്‍വ്വം കേസില്‍ കുടുക്കിയതാണെന്ന് മുസ്ലിം ലീഗ് വാദം. മതപരമായി മുസ്ലീങ്ങള്‍ വോട്ട് ചെയ്യണമെന്ന് അഴീക്കോട് മണ്ഡലത്തിലെ 20 ശതമാനത്തില്‍ താഴെ വരുന്ന മുസ്ലീങ്ങളോട് ആവശ്യപ്പെട്ടുവെന്നത് ബാലിശമായ വാദമാണ് എന്നും ലീഗ് ആരോപിച്ചിരുന്നു. ബോധപൂര്‍വ്വം സിപിഎം സൃഷ്ടിച്ച നാടകമാണ്. വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി മനോരമയുടെ വീട്ടില്‍ നിന്നും പൊലീസ് പിടിച്ചെടുത്ത പോസ്റ്ററിലും അഭ്യര്‍ത്ഥനയിലും ഇത്തരമൊരു നോട്ടീസ് ഉണ്ടായിരുന്നില്ല എന്നും ഹൈന്ദവ ആചാര പ്രകാരം ജീവിക്കുന്ന തന്റെ വീട്ടില്‍ ഇങ്ങനെ ഒരു ലഘുലേഘ വരുന്നത് എങ്ങനെ എന്നും അവര്‍ ചോദിച്ചിരുന്നു