കൂപ്പർ ബെൽറ്റിലെ പുതിയ ചക്രവാളങ്ങൾ 

ഋഷി ദാസ്. എസ്സ്

കുള്ളൻ ഗ്രഹമായ പ്ലൂട്ടോയെയും കൂപ്പർ ബെൽറ്റിനെയും ( KUIPER BELT)പറ്റിയുള്ള പര്യവേക്ഷണങ്ങൾ നടത്താനാണ് 2006 ൽ ന്യൂ ഹൊറൈസൺസ് ( New Horizons) എന്ന പര്യവേക്ഷണ പേടകം വിക്ഷേപിക്കപ്പെട്ടത്. 2015 ജൂലൈ മാസത്തിൽ പ്ലൂട്ടോയെ പറ്റി പഠിക്കുന്ന ആദ്യത്തെ ബഹിരാകാശപേടകമായി ന്യൂ ഹൊറൈസൺസ്. നമുക്ക് ഇപ്പോൾ പ്ലൂട്ടോയെപ്പറ്റി അറിയാവുന്ന വസ്തുതകളിൽ നല്ലൊരു പങ്ക് ന്യൂ ഹൊറൈസൺസിന്റെ സംഭാവനയാണ്.

ഇന്നേക്ക് മൂന്ന് വർഷം മുൻപാണ് (14/7/2015 ) ന്യൂ ഹൊറൈസൺസ് പര്യവേക്ഷണ പേടകം പ്ലൂട്ടോക്ക് ഏറ്റവും അടുത്തെത്തി ചിത്രങ്ങൾ പകർത്തുകയും വിദൂര സംവേദന രീതികളിലൂടെ പ്ലൂട്ടോയുടെ പ്രതലത്തെയും അന്തരീക്ഷത്തെയും പറ്റി പഠനങ്ങൾ നടത്തുകയും ചെയ്തത്. പ്ലൂട്ടോയെ പിന്നിട്ട് വിദൂരമായ ഒരു കൂപ്പർ ബെൽറ്റ് വസ്തുവിനെ ലക്‌ഷ്യം വച്ച് നീങ്ങുകയാണ് ന്യൂ ഹൊറൈസൺസ് ഇപ്പോൾ. ഈ വർഷത്തിന്റെ അവസാന ദിനങ്ങളിൽ ന്യൂ ഹൊറൈസൺസ് ഇനിയും പേരിട്ടിട്ടില്ലാത്ത ആ വസ്തുവിന്( (486958) 2014 MU69) സമീപം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂ ഹൊറൈസൺസ് പേടകം പ്ലൂട്ടോയുടെ അനേകം ചിത്രങ്ങൾ വ്യത്യസ്ത തരംഗ ദൈർഘ്യങ്ങളിൽ പകർത്തുകയും പല ശാസ്ത്ര നിരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. ആ വിവരങ്ങളെല്ലാം പേടകത്തിന്റെ ഓൺ ബോർഡ് മെമ്മറിയിൽ ശേഖരിച്ച ശേഷം വളരെ സാവസാധാനത്തിൽ ഏതാണ്ട് രണ്ടു വര്ഷം കൊണ്ട് ഭൂമിയിലേക്ക് അയക്കുകയാണ് ഉണ്ടായത്.

ഏതു തരം വാർത്താവിനിമയവും പ്രസിദ്ധമായ ഷാനോൻ -ഹാർട്ലി നിയമം അനുസരിച്ചേ നടത്താനാവൂ . അതിനാൽ ന്യൂ ഹൊറിസോണിൽ നിന്നും ശരാശരി അമ്പതു കിലോബിറ്റ് പെർ സെക്കൻഡ് നിരക്കിലാണ് ഭൂമിയിലേക്ക് വിവരങ്ങൾ ലഭിച്ചു കൊണ്ടിരുന്നത്. അതിനാലാണ് ഒരാഴ്ചകൊണ്ട് ശേഖരിച്ച വിവരങ്ങൾ ഭൂമിയിലേക്ക് കൈമാറാൻ രണ്ടു വർഷം എടുത്തത്ന്യൂ ഹൊറൈസൺസ് പ്‌ളൂട്ടോയെക്കുറിച്ചു നൽകിയ സുപ്രധാന വിവരങ്ങൾ ഇവയാണ്

1.ഒരു ചെറിയ വസ്തുവാണെങ്കിലും പ്ലൂട്ടോ ഭൗമശാസ്ത്രപരമായി സജീവമായ ഒരു വസ്തുവാണ്. ഭൂമിയെപ്പോലെ പ്രതല ഫലകങ്ങളുടെ നീക്കം പ്ലൂട്ടോയിലുമുണ്ട് .

2.പ്ലൂട്ടോയിൽ കണ്ടെത്തിയ 1000 കിലോമീറ്റർ വലിപ്പമുളള നൈട്രജൻ ഗ്ലാസിയെർ ആയ സ്പുട്ട്ണിക് പ്ലാനം ( Sputnik Planum) ) സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്ളാസിയെർ ആണ്.

3. പ്ലൂട്ടോയുടെ അന്തർ ഭാഗത്തു വലിയ ഒരു ജല സമുദ്രം(internal water-ice ocean ) ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

4.പ്ലൂട്ടോയുടെ അന്തരീക്ഷം ഭൂമിയുടേതുപോലെ കാലാവസ്ഥാ മാറ്റങ്ങൾ ദൃശ്യമാകുന്ന ഒന്നാണ്‌.

5.പ്ലൂട്ടോ ഭൗമശാസ്ത്രപരമായി സജീവമാണെങ്കിലും പ്ലൂട്ടോയുടെ വലിയ ഉപഗ്രഹമായ ചാറോൺ ഭൗമശാസ്ത്രപരമായി നിർജീവമാണ്.

6.പ്ലൂട്ടോയും ചാറോണും പ്രതീക്ഷിച്ചതിനെക്കാളധികം ജല സമൃദ്ധമാണ്.

ന്യൂ ഹൊറൈസൺസ് പ്ലൂട്ടോക്കടുത്തുകൂടി സഞ്ചരിച്ച്‌ ഒരു ഫ്ലൈ ബൈ മിഷനാണ് നടത്തിയത്. അതിനാൽ തന്നെ ഏതാനും ദിവസങ്ങൾ മാത്രമേ ന്യൂ ഹൊറൈസൺ പേടകത്തിന് പ്ലൂട്ടോയെ പഠിക്കാൻ കഴിഞ്ഞുള്ളു. പക്ഷെ ലഭിച്ച വിവരങ്ങൾ തന്നെ പ്ലൂട്ടോയെയും വിദൂര കൂപ്പർ ബെൽറ്റ് വസ്തുക്കളെയും പറ്റിയുള്ള ധാരണകൾ എല്ലാം കീഴ്മേൽ മറിച്ചുകളഞ്ഞു.

വലിപ്പത്തിൽ ചെറുതാണെങ്കിലും വൈവിധ്യത്തിൽ പ്ലൂട്ടോ ഒരു വമ്പൻ തന്നെയാണ് എന്നതാണ് ന്യൂ ഹൊറിസോണിൽ നിന്നും ലഭിച്ച വിവരങ്ങളിലൂടെ മനസ്സിലാക്കാനായത്. (486958) 2014 MU69 : കൂപ്പർ ബെൽറ്റിലെ ചെറുവസ്തു :ന്യൂ ഹൊറൈസൺസ് പര്യവേക്ഷണ പേടകം  പുതുവർഷദിനത്തിൽ ( 1/1/2019) സന്ദർശിക്കുന്ന വിദൂരവസ്തു

വ്യാഴത്തിനും ചൊവ്വക്കുമിടയിലുള്ള ഛിന്നഗ്രഹ സമൂഹത്തെപോലെയുള്ള ഒരു ഛിന്ന ഗ്രഹ സമൂഹമാണ് കൂപ്പർ ബെൽറ്റ്. നെപ്ട്യൂണിന്റെ ഭ്രമണപഥത്തിനു വെളിയിൽ അനേകം അസ്ട്രോണമികൽ യൂണിറ്റുകൾ (A U) വ്യാപ്തിയിൽ വ്യാപിച്ചുകിടക്കുകയാണ് കൂപ്പർ ബെൽറ്റ്. വ്യാഴത്തിനും ചൊവ്വക്കുമിടയിലുള്ള ഛിന്ന ഗ്രഹ സമൂഹത്തിലുള്ളതിനേക്കാൾ വളരെയധികം ചെറുവസ്തുക്കൾ കൂപ്പർ ബെൽറ്റിലുണ്ട്.

കൂപ്പർ ബെൽറ്റിലെ ചെറുവസ്തുക്കളാണ് വ്യാഴത്തിന്റെയും ശനിയുടെയും ഗുരുത്വബലങ്ങളുടെ ഫലമായി ഷോർട്ട് പീരീഡ്‌ വാൽ നക്ഷത്രങ്ങൾ (SHORT PERIOD COMETS ) ആയിമാറുന്നത് . ആ നിലക്ക് സൗരയൂരഥത്തിന്റെ ഘടനയിൽ കൂപ്പർ ബെൽറ്റിന് വലിയ സ്ഥാനമാണുള്ളത്.

ഭൂമിയിൽ ജലം എത്തിയതുതന്നെ ഭൂമിയുടെ ആദ്യ ദഹകളിൽ കൂപ്പർ ബെൽറ്റിൽ നിന്നുള്ള വലിയ ധൂമകേതുക്കളിലൂടെയാ ണെന്ന സിദ്ധാന്തവുമുണ്ട് . വളരെ സങ്കീർണമായ കാർബണിക സംയുക്തങ്ങൾ കൂപ്പർ ബെൽറ്റ് വസ്തുക്കളിൽ ഉണ്ടെന്ന് അനുമാനിക്കപ്പെടുന്നു .

അവയിലൂടെയാകാം ജീവന്റെ ആദ്യ കണികകൾ ഭൂമിയിൽ എത്തിയത് എന്ന അനുമാനം പ്രബലമാണ്. ഇത്തരുണത്തിലാണ് പ്ലൂട്ടോ പര്യവേക്ഷണത്തിനുശേഷം ഒരു ചെറിയ കൂപ്പർ ബെൽറ്റ് വസ്തുവിൽ പര്യവേക്ഷണം നടത്താനുള്ള തീരുമാനം നാസ എടുക്കുന്നത്. അവർ അതിനുവേണ്ടി കണ്ടെത്തിയ ചെറിയ കൂപ്പർ ബെൽറ്റ് വസ്തുവാണ് (486958) 2014 MU69 . ഇപ്പോൾ ഈ വസ്തുവിന് അൾട്ടിമ ധുൾ (Ultima Thule ) എന്ന വിളിപ്പേരുമുണ്ട് .

ഈ വസ്തുവിനെ വളരെ ദീർഘമായ നിരീക്ഷണങ്ങൾക്ക് ശേഷം ഹബിൾ ടെലിസ്‌കോപ്പ് ആണ് കണ്ടുപിടിച്ചത്. ന്യൂ ഹൊറൈസൺസ് പേടകത്തിന് ഇന്ധനം അധികം ചെലവാക്കാതെ ഗതിമാറ്റം വരുത്തി (486958 )2014 MU69 ന്റെ അടുത്തുകൂടി സഞ്ചരിക്കാനാകും. അതിനാലാണ് ന്യൂ ഹൊറൈസൺസ് ന്റെ കൂപ്പർ ബെൽറ്റ് പര്യവേക്ഷണ വസ്തുവായി ഈ ചെറു വസ്തുവിനെ തെരെഞ്ഞെടുത്തത്. ഈ വസ്തുവിന് ഇനിയും ഒരു ശരിക്കുള്ള പേര് നൽകിയിട്ടില്ല.

സൂര്യനിൽ നിന്നും ഏതാണ്ട് 45 A U അകലെയാണ് ഇപ്പോൾ (486958) 2014 MU69 ഇന്റെ സ്ഥാനം .486958 2014 MU69 കാര്ബണിക വസ്തുക്കൾ അധികമുള്ള ഒരു C -ടൈപ്പ് വസ്തുവാകാനാണ് (C-TYPE ASTEROID ) സാധ്യത . ഈ വസ്തുവിന്റെ വലിപ്പം 20 മുതൽ 40 വരെ കിലോമീറ്റർ ആണെന്നാണ് ഇപ്പോഴുള്ള വിവരം. രണ്ടു വസ്തുക്കൾ ചേർന്ന ഒരിരട്ട വസ്തുവാണ് ഇത് എന്നതിനും തെളിവുകൾ ഉണ്ട്.

2019 ജനുവരി ഒന്നിന് ന്യൂ ഹൊറൈസൺസ് (486958) 2014 MU69 ന്റെ ഏറ്റവും അടുത്തെത്തും. ഒരു മനുഷ്യനിർമിത പേടകം അടുത്തുനിന്നും വീക്ഷിക്കുന്ന ഏറ്റവും വിദൂര വസ്തുവാകും (486958) 2014 MU69 . ന്യൂ ഹൊറൈസൺസിന്റെ പ്ലൂട്ടോ പര്യവേക്ഷണം പ്ലൂട്ടോയെപ്പറ്റിയുള്ള എല്ലാ സങ്കല്പങ്ങളെയും മാറ്റിമറിച്ചിരുന്നു . അതുപോലെ (486958) 2014 MU69 ലെ ന്യൂ ഹൊറൈസൺസിന്റെ 2019 ജനുവരി ഒന്നിന് നടക്കാനിരിക്കുന്ന സന്ദർശനവും കൂപ്പർ ബെൽറ്റിനെക്കുറിച്ചുള്ള മനുഷ്യകുലത്തിന്റെ അറിവ് പതിൻമടങ്ങ് വർധിപ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ജനുവരി ഒന്ന് 5.30 യൂണിവേഴ്സൽ ടൈമിൽ ന്യൂ ഹൊറൈസൺസ് (486958) 2014 MU69 നു ഏറ്റവും അടുത്ത് എത്തും എന്ന് കരുതുന്നു. മനുഷ്യനിർമിതമായ ഒരു വസ്തു സന്ദർശിക്കുന്ന ഏറ്റവും വിദൂരമായയ വസ്തുവാകും (486958) 2014 MU69 ആ ദിവസം . അപ്പോൾ ആ വസ്തു സൂര്യനിൽ നിന്നും 44 AU അകലെ ആയിരിക്കും. ഈ വസ്തുവിന്റെ ഉപരിതലത്തിനു 5000 കിലോമീറ്റർ അകലെ കൂടെ ന്യൂ ഹൊറൈസൺ പേടകത്തിന് സഞ്ചരിക്കാനാവുമെന്നതിനാൽ വളരെ വ്യക്തമായ ചിത്രങ്ങളും വിവരങ്ങളും ലഭിക്കും എന്നാണ് പ്രതീക്ഷ.

ന്യൂ ഹൊറൈസൺ പേടകത്തിൽ ഒരു കോഴ്സ് ചേഞ്ച് ഉദ്യമത്തിന് കൂടിയുള്ള ഇന്ധനം അവശേഷിക്കുന്നു എന്നാണ് നിഗമനം. അതിനാൽ തന്നെ ന്യൂ ഹൊറൈസൺ പേടകത്തിന്റെ പര്യവേക്ഷ ണം (486958) 2014 MU69 ൽ അവസാനിക്കാൻ ഇടയില്ല. മറ്റൊരു വിദൂര കൂപ്പർ ബെൽറ്റ് വസ്തു കൂടി ന്യൂ ഹൊറൈസൺ പേടകം സന്ദർശിക്കാൻ തന്നെയാണ് സാധ്യത.