കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി തടഞ്ഞു

ഹേഗ് : കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞു. രാജ്യാന്തര നീതിന്യായ കോടതിയാണ് വിധി തടഞ്ഞത്. വിധി പാകിസ്ഥാന്‍ പുനപരിശോധിക്കണമെന്നും, വിയന്ന ഉടമ്പടി പാകിസ്ഥാന്‍ ലംഘിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.

ജയിലില്‍ കഴിയുന്ന ഇന്ത്യൻ പൗരനായ കുല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ അപേക്ഷയില്‍ ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് രാജ്യാന്തര നീതിന്യായ കോടതി വിധി പറഞ്ഞത്.

മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച്‌ പാക് കോടതി വധശിക്ഷയ്‌ക്ക് വിധിച്ചിരുന്നു. 2016 മാര്‍ച്ചിലാണ് ജാദവിനെ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്യുന്നത്. ജാദവിനെ ഇറാനില്‍ നിന്നും തട്ടിക്കൊണ്ടു പോയതാണെന്നും ജാദവിന് നയതന്ത്രതല സഹായം പാകിസ്ഥാന്‍ നിക്ഷേധിച്ചത് വിയന്ന ഉടമ്ബടിയുടെ ലംഘനമാണെന്നും ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചു.

ജാദവിനെ പാകിസ്ഥാന്‍ ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്നും ഇന്ത്യ ആരോപിച്ചിരുന്നു. ചാരപ്രവര്‍ത്തനത്തിനായി ഇറാനില്‍ നിന്നും ബലൂചിസ്ഥാനിലേക്കു കടക്കാന്‍ ശ്രമിക്കവെയാണ് ജാദവിനെ പിടികൂടിയതെന്നാണ് പാക് വാദം.