കുരുമുളകെന്താ തലശ്ശേരിക്കാരുടെ തറവാട്‌ സ്വത്തോ ?

അബ്ദുള്ള ബിൻ ഹുസൈൻ പട്ടാമ്പി

തലവാചകം വായിച്ച്‌ പൊങ്കാലയിടാൻ ഒരുങ്ങുന്നതിനു മുന്നെ താഴെയുളള ആദ്യവരികൾ വായിച്ചാൽ നിങ്ങളും ചോദിച്ച്‌ പോവും, തലശ്ശേരിക്കാർക്കെന്താ കുരുമുളകിൽ കാര്യം എന്ന്.

ഇന്ത്യയിലെ ഏറ്റവും നല്ല കുരുമുളകിനുളള അഗ്‌മാർക്ക്‌ ലേബിൾ ‘ടി. ജി. ഇ. ബി’ (T.G.E.B ) എന്നാണ്. അതിന്റെ ഫുൾഫോം വായിച്ചാൽ നിങ്ങളും പറയും തലശ്ശേരിക്കാർക്കെന്താ കൊമ്പുണ്ടോ എന്ന്.

Tellichery Garbled Extra Bold എന്നാണ് T.G.E.B യുടെ പൂര്‍ണരൂപം.
ടെലിച്ചെരി എന്നാൽ നമ്മുടെ തലശ്ശേരി തന്നെ. പലനാട്ടുപേരുകളും നാക്കിന് വഴങ്ങാത്തത്‌ കൊണ്ട്‌ സായിപ്പ്‌ പണ്ട്‌ ഇത്പോലെ പല കുസൃതികളും ഒപ്പിച്ചിരുന്നു. പട്ടാമ്പിക്കടുത്തുളള രാമഗിരിയെ രംഗേരി ആക്കിയത്‌ ഒരുദാഹരണം.

ഇനി ഇതെങ്ങിനെ കുരുമുളകിന്റെ കുത്തക തലശ്ശേരിക്ക്‌ കിട്ടിയതെന്ന് നോക്കാം. മലബാർ തീരത്തെ കണ്ണൂരിൽ നിന്നാണ് പ്രധാനമായും പോർച്ചുഗീസുകാർക്കും ഡെച്ചുകാർക്കുമൊക്കെ കുരുമുളക്‌ ലഭിച്ച്‌ കൊണ്ടിരുന്നത്‌. ഉടക്കി നിന്ന കോഴിക്കോട്ടെ കുന്നലക്കോനൻ അവർക്ക്‌ കറുത്ത പൊന്ന് കൈമാറാൻ വിസമ്മതിച്ചതായിരുന്നു കാരണം. ഡച്ച്‌ കാലം മുതലേ കണ്ണൂരിൽ ( തലശ്ശേരിയിൽ ) ഒരു പ്രമുഖ വ്യാപാര കുടുംബമുണ്ടായിരുന്നു. “കേയി” എന്ന പേരിലാണവർ അറിയപ്പെട്ടത്‌. മാപ്പിളമാർ മിക്കവരും സാമൂതിരിയുടെ നായർ പടയോടൊപ്പം ചേർന്ന് പോർച്ചുഗീസുകാരേയും ഡച്ചുകാരേയും കെട്ടുകെട്ടിക്കാൻ പണിപ്പെടുംബോളായിരുന്നു മാപ്പിളമാരിൽ പെട്ട കേയിമാർ ഡച്ചുകാരുമായും പിന്നീടുവന്ന ബ്രിട്ടീഷുകാരുമായും കച്ചവടം പൊടിപൊടിച്ചത്‌.

അങ്ങിനെ കേയിമാർ വളർന്നു , എത്രത്തോളമെന്നാൽ അക്കാലത്തെ പ്രമുഖ തുറമുഖനഗരമായിരുന്ന ജിദ്ദയിലടക്കം അവർക്ക്‌ കെട്ടിടങ്ങൾ ഉണ്ടായിരുന്നു.
അന്ന് കച്ചവടങ്ങൾക്ക്‌ നേതൃത്വം നൽകിയിരുന്നത്‌ ആദ്യം കേയി കുടുംബത്തിലെ കാരണവരായിരുന്ന ചൊവ്വാക്കാരൻ ആലിപ്പിക്കാക്ക കേയിയും പിന്നീട്‌ മൂസാക്കാക്ക കേയിയുമായിരുന്നു. ആലിപ്പിക്കാക്ക കുരുമുളക്‌ വ്യാപാരം പൊടിപൊടിക്കുന്നതിനിടയിൽ അദ്ദേഹത്തിനൊരു പാര വന്നു. വാണിയമ്പലത്ത്‌ എന്ന തറവാട്ടുകാരായിരുന്നു ആലിപ്പിക്കാക്കയുടെ എതിരാളികൾ. അവർ കൂടുതൽ കുരുമുളക്‌ കമ്പനിക്ക്‌ കൊടുക്കാൻ തുടങ്ങിയതോടെ സായിപ്പ്‌ പതുക്കെ പതുക്കെ അങ്ങോട്ട്‌ ചായാൻ തുടങ്ങി.

ഇതിലെ അപകടം മണത്ത ആലിപ്പിക്കാക്ക കുരുമുളകിന്റെ ‘ക്വാളിറ്റി’ എന്ന തുറുപ്പ്‌ ചീട്ട്‌ പുറത്തെടുത്തു. അന്ന് വരെ കേരളക്കരയിൽ നിന്ന് കുരുമുളക്‌ കയറ്റി അയച്ചിരുന്നത്‌, പറിച്ചെടുത്ത്‌ ഉണക്കി നേരാം വണ്ണം അതിലെ ഉണങ്ങിയ ഇലയടക്കമുളള കരടുകളും ചത്തയും ( പൊട്ടമണികൾ അഥവാ ഉളളിൽ കുരുവില്ലാത്ത ചെറിയ കുരുമുളക്‌ മണികൾ ) പൊടിയുമെന്നും നേരേ നീക്കം ചെയ്യാതെയായിരുന്നു വിദേശികൾക്ക് നൽകിയിരുന്നത്‌.

ആലിപ്പിക്കാക്ക ഇതിനൊരു മാറ്റം വരുത്തി. തന്റെ പാണ്ടികശാലയോട്‌ ചേർന്ന് ഒരു വിശാലമായ കളം നിർമ്മിച്ചു. അവിടെയിട്ട്‌ കുരുമുളക്‌ നന്നായി ഉണക്കിയെടുത്ത ശേഷം പ്രത്യേകം നിർമ്മിച്ച അരിപ്പകളിലിട്ട്‌ അരിച്ചെടുത്ത്‌ വലിയ മണികൾ വേർത്തിരിച്ചെടുത്തു. അവ ‘തലശ്ശേരി കുരുമുളക്‌’ എന്ന ബ്രാന്റിൽ ഡെച്ചുകാർക്കും ബ്രിട്ടീഷുകാർക്കും വിൽപ്പന നടത്തി. ഇത്‌ യൂറോപ്പിലെത്തിയപ്പോൾ വലിയ വിലക്ക്‌ വിൽക്കാനാരംഭിച്ചു, എന്ന് മാത്രമല്ല ടെല്ലിച്ചേരി കുരുമുളകിന് ഡിമാന്റേറുകയും ചെയ്തു.

പിന്നീട്‌ യൂറോപ്പിൽ ഗുണനിലവാരമുളള കുരുമുളകെന്നാൽ ടെല്ലിച്ചേരി ( തലശ്ശേരി ) കുരുമുളകായി മാറി. ഇതിനിടക്ക്‌ ബ്രിട്ടീഷ്‌ ഇന്ത്യയിൽ സായിപ്പ്‌ കുരുമുളകിന്റെ ഗുണനിലവാരത്തെ കണക്കാക്കാൻ ഈ തലശ്ശേരിപ്പേരും അതിന് നൽകി. ഇന്ത്യാ രാജ്യം സ്വതന്ത്രമായപ്പോൾ നമ്മളും ആ പാത പിന്തുടർന്ന് ഇന്നും കുരുമുളകിന്റെ ഗുണം കണക്കാക്കാനുളള T.G.E.B. നിലനിർത്തി.

ഇന്നും യൂറോപ്പിൽ ടെല്ലിച്ചേരി കുരുമുളക്‌ കുപ്പിയിൽ കയറി രാജാവായി വിലസുന്നുണ്ട്‌.