കുരീപ്പുഴയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കുമ്മനം

തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മതവിദ്വേഷ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നാണ് കുമ്മനം പറഞ്ഞിരിക്കുന്നത്. സ്വകാര്യ അന്യായം ഫയല്‍ ചെയ്യാനാണ് ബിജെപി നീക്കം.

കൊല്ലം കടയ്ക്കലില്‍ കൈരളി ഗ്രന്ഥശാലാ വാര്‍ഷികത്തില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ മതവിദ്വേഷം പ്രസംഗിച്ചുവെന്നാണ് ബിജെപി പരാതി നല്‍കിയത്. എന്നാല്‍ ആ പരാതിയില്‍ നടപടിയൊന്നും ഉണ്ടായില്ല. കുരീപ്പുഴയ്‌ക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല, കുരീപ്പുഴയെ കൈയ്യേറ്റം ചെയ്തതിന് 15 ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. ഇതില്‍ ആറു ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ സാഹചര്യത്തിലാണ് ബിജെപി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.