കുമ്മനം രാജശേഖരൻ ഗവർണർ പദവി രാജിവച്ചു; തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് സൂചന

തിരുവനന്തപുരം: മിസോറം ഗവർണർ പദവി കുമ്മനം രാജശേഖരൻ രാജിവച്ചു. രാജി രാഷ്ട്രപതി അംഗീകരിച്ചു. തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാർഥിയാകുമെന്നാണ് സൂചനകൾ. കുമ്മനം മൽസരിക്കണമെന്ന നിലപാടിൽ ആർഎസ്എസ് ഉറച്ചുനിൽക്കുകയാണ്.

നേരത്തെ കുമ്മനത്തെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാഘടകം പാര്‍ട്ടി നേതൃത്വത്തോട് ജില്ലാ കമ്മിറ്റി ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. കുമ്മനം മല്‍സരിക്കണമെന്ന് ഏതെങ്കിലുമൊരു പാര്‍ട്ടി ഘടകം ആവശ്യപ്പെടുന്നത് ആദ്യമായാണ്. ഒ. രാജഗോപാലിന്റെ മികവ് ആവര്‍ത്തിക്കാന്‍ കുമ്മനം തന്നെ വേണമെന്നും വിലയിരുത്തലുണ്ട്.