കുപ്പിവെള്ളം ; ഗുണനിലവാര പരിശോധന നടന്നിട്ട് മാസങ്ങളായി, വിലനിയന്ത്രണവും നടപ്പായില്ല

തിരുവല്ല : കുപ്പിവെള്ള പരിശോധന മുടങ്ങിയിട്ട് ഏഴുമാസമായെന്നും ഈ ഇടവേളയില്‍ കേരളജനത ലക്ഷക്കണക്കിന് ലിറ്റര്‍ മലിനജലം കുടിച്ചിരിക്കാമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വിലയിരുത്തല്‍. ഭക്ഷ്യസുരക്ഷാ വകുപ്പ് തന്നെയാണ് പരിശോധന നടത്തേണ്ടത്.

ഭക്ഷ്യസുരക്ഷാ വകുപ്പ് കുപ്പിവെള്ള പരിശോധനയ്ക്കിറങ്ങുമ്പോൾ ഒരുപിടി കമ്പനികളെങ്കിലും കുടുങ്ങാറുണ്ട്. അതിനാല്‍ പരിശോധനയ്ക്കു തടയിഡാൻ ശ്രമിക്കുന്നത് കമ്പനികൾ ആണെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ദിവസം കോട്ടയം തലയോലപ്പറമ്പില്‍ സ്വകാര്യ കമ്പനിയുടെ കുപ്പിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവരുടെ കുപ്പിവെള്ളത്തിന് നിരോധനവും ഏര്‍പ്പെടുത്തി.

ഇതോടൊപ്പം, വിലയുടെ കാര്യത്തിലുള്ള സര്‍ക്കാര്‍ നിബന്ധനയും കമ്പനികള്‍ കാറ്റില്‍പ്പറത്തുന്നു. ഒരു ലിറ്റര്‍ കുപ്പിവെള്ളം 13 രൂപയ്ക്ക് വില്‍ക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ അത് ഇതുവരെ നടപ്പായിട്ടില്ല. ഒട്ടുമിക്ക കടകളിലും ഹോട്ടലുകളിലും ഇപ്പോഴും 20 രൂപയാണ് ഈടാക്കുന്നത്. നിര്‍മ്മാതാക്കള്‍ എട്ടു രൂപയ്ക്കാണ് വിതരണക്കാര്‍ക്ക് ഒരു ലിറ്റര്‍ കുപ്പിവെള്ളം നല്‍കുന്നത്. ഇത് 12 രൂപയ്ക്ക് കടകളില്‍ എത്തിക്കുന്നു. എട്ടു രൂപ ലാഭമെടുത്താണ് 20 രൂപയ്ക്ക് ചില്ലറ വില്‍പന.

ഇതിനു ബദലായി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാവേലി സ്റ്റോറുകള്‍ എന്നിവ മുഖേന പൊതുവിപണിയില്‍ 20 രൂപയുടെ കുടിവെള്ളം 11 രൂപയ്ക്ക് വില്‍ക്കുന്നുണ്ട്. നിരോധിച്ച കുപ്പിവെള്ളം വിറ്റാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.