കുനിഷ്ട്‌ ബുദ്ധി എന്ന്‍ കേട്ടിട്ടുണ്ട്, കുനിഷ്ട്‌ സുഖമോ?

ഡോ. വിവേക് പൂന്തിയിൽ  ബാലചന്ദ്രൻ

ഏഴില്‍ പടിക്കുമ്പോഴാണെന്ന് തോന്നുന്നു, മലയാളം മാഷ് ക്ലാസ്സിലെ ഒരു കുട്ടിയോട് ഒരു പാഠം ഉറക്കെ വായിക്കാന്‍ പറഞ്ഞു. അവന്‍ എണ്ണിപ്പെറുക്കി വായിക്കുന്നത് കേട്ട് ഞാനടക്കമുള്ള എല്ലാ കുട്ടികളും ഉറക്കെ ചിരിച്ചു. എന്തുകൊണ്ടാണ് അപ്പോള്‍ എല്ലാവരും ചിരിച്ചത്? നിങ്ങള്‍ക്കും ഇത് പലപ്പോഴും സംഭവിച്ചിട്ടുണ്ടാകും.

ഒന്നുകില്‍ നിങ്ങള്‍ വീഴുന്നത് കണ്ട് മറ്റുള്ളവര്‍ ചിരിച്ചിട്ടുണ്ടാകും അല്ലെങ്കില്‍ മറ്റാരെങ്കിലും വീഴുന്നത് കണ്ട് നിങ്ങള്‍ ചിരിച്ചിട്ടുണ്ടാകും. മറ്റുള്ളവരുടെ വീഴ്ച കണ്ട് സന്തോഷം തോന്നുന്ന വികാരത്തെ കുറിക്കാന്‍ മലയാളത്തില്‍ ഒരു വാക്കുണ്ടെന്ന് തോന്നുന്നില്ല. ജര്‍മനില്‍ അതിന് പറയുന്നതാണ് ഷാഡന്‍ ഫ്രോയിഡ്. തര്‍ക്കാലം നമുക്കതിനെ മലയാളത്തില്‍ കുനിഷ്ട്‌ സുഖം എന്ന് വിളിക്കാം.

കാലുതെറ്റി ആളുകള്‍ കുളത്തില്‍ വീഴുന്നത് അല്ലെങ്കില്‍ അബദ്ധത്തില്‍ എന്തെങ്കിലും പൊടി ആളുകളുടെ മേലില്‍ വീഴുന്നത് പോലുള്ള ഒരുപാട് വീഡിയോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അവയ്ക്കൊക്കെ ഒരുപാട് വ്യൂസും ഉണ്ടാകും. നമ്മിലെ കുനിഷ്ട്‌ സുഖത്തെ തൃപ്തിപ്പെടുത്തുന്നത് കൊണ്ടാണ് ആ വീഡിയോകളെല്ലാം ഹിറ്റാകുന്നത്. ഇത്തരം വീഡിയോകള്‍ നല്‍കുന്ന കുനിഷ്ട്‌ സുഖം ചിലപ്പോള്‍ നിഷ്കളങ്കമാകാം, പക്ഷെ എപ്പോഴും അതങ്ങനെയല്ല.

എന്തുകൊണ്ടാണ് നാം ഇത് ആസ്വദിക്കുന്നത്?

ഒരു കാരണം ഒരാള്‍
വീഴുന്നത് കാണുമ്പോള്‍ അത് നമുക്ക് പറ്റിയില്ലല്ലോ എന്ന സന്തോഷമാകാം. വീഴുന്ന ആള്‍ ഒരു ധിക്കാരിയാണ്, അതര്‍ഹിക്കുന്ന ഒരാളാണ് എന്ന് നമുക്ക് തോന്നിയാല്‍ നമ്മള്‍ അനുഭവിക്കുന്ന കുനിഷ്ട്‌ സുഖത്തിന്‍റെ മധുരം കൂടും. സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍റെ കാര്യത്തില്‍ ഈയടുത്ത് സംഭവിച്ചത് അതാണ്‌ എന്ന് തോന്നുന്നു. വീഴുന്ന ആള്‍ വളരെ പ്രശസ്തനാണെങ്കിലും ഇത് തന്നെയായിരിക്കും സ്ഥിതി.

കുനിഷ്ട്‌ സുഖത്തിന്റെ പ്രത്യാഘാതങ്ങള്‍ ചിലപ്പോള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് രാഷ്ട്രീയത്തിലായിരിക്കാം. ഭരണപക്ഷത്തിന്‍റെ ചില പോളിസികള്‍ കാരണം ജനങ്ങള്‍ക്ക് ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായെന്നു കരുതുക. പ്രതിപക്ഷത്തിലെ ഒരുപാട് നേതാക്കള്‍ക്കും അണികള്‍ക്കും അത് നല്ലൊരു കുനിഷ്ട്‌ സുഖം നല്‍കുമെന്ന് ഉറപ്പാണ്. നമ്മിലെ ഈ സുഖവും നാമത് പ്രകടിപ്പിക്കുന്നതും എപ്പോഴും മറ്റുള്ളവരുടെ തകര്‍ച്ചയിലേക്ക് മാത്രം നയിക്കുമെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.

സന്തോഷ്‌ പണ്ഡിറ്റ്‌ പണവും പ്രശസ്തിയും ഉണ്ടാക്കിയത് മലയാളികളുടെ കുനിഷ്ട്‌ സുഖം കാരണമാണ്. അമേരിക്കയില്‍ ട്രംപ് വിജയിച്ചതിന്റെ ഒരു പ്രധാന കാരണം ഇത് തന്നെയാണ്. ഇലക്ഷന്‍ പ്രചരണ സമയത്ത് അദ്ദേഹം കാണിച്ച, ചെയ്ത അബദ്ധങ്ങള്‍ ആളുകള്‍ കണ്ടാസ്വദിക്കാന്‍ തുടങ്ങി. ഇത് തിരിച്ചറിഞ്ഞ മാധ്യമങ്ങള്‍ അദ്ദേഹത്തിന് ഒരുപാട് വിസിബിലിറ്റി കൊടുത്തു. പിന്നീട് ആ വിസിബിലിറ്റി വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തി അദ്ദേഹം ഇലക്ഷന്‍ വിജയിച്ചു.

കേരളത്തില്‍ ഇങ്ങനെയുള്ള ഒരു അബദ്ധം ഇപ്പോള്‍ കാര്യമായി സംഭവിക്കുന്നത് കമ്മ്യൂണിസ്റ്റുകാര്‍ക്കാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് BJP-യിലെ ഒന്നോ രണ്ടോ നേതാക്കളെ മാത്രമേ മലയാളികള്‍ക്ക് അറിയാമായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ കുറേ നേതാക്കളെ നമുക്ക് അറിയാം. അവര്‍ ചെയ്യുന്ന ചെറിയ ചെറിയ അബദ്ധങ്ങളെ വരെ (ചിലത് അബദ്ധങ്ങള്‍ പോലുമായിരിക്കില്ല) കുനിഷ്ട്‌ സുഖം കാരണം കമ്മ്യൂണിസ്റ്റുകാര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി ആസ്വദിച്ച് ആ നേതാക്കള്‍ക്ക് നല്ല വിസിബിലിറ്റി കൊടുത്തു. (കുനിഷ്ട്‌ സുഖം രാഷ്ട്രീയത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നെഴുതി എന്ന് മാത്രം).

നാമെല്ലാവരും നെഗറ്റിവ് ഷേഡ്‌ ഉള്ള ഈ ഒരു സുഖം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുണ്ട് എന്ന്‍ മനസ്സിലായ സ്ഥിതിക്ക് മറ്റുള്ളവരെ ബാധിക്കാത്ത രീതിയില്‍ മാത്രം അത് ആസ്വദിക്കാന്‍ നമുക്ക് കഴിയട്ടെ..

PS: ഷാഡന്‍ ഫ്രോയിഡ് എന്ന ജര്‍മന്‍ പദത്തിന് ഞാന്‍ ഉപയോഗിച്ചിട്ടുള്ള കുനിഷ്ട്‌ സുഖം എന്ന പദത്തേക്കാള്‍ നല്ലൊരു പദം ഉണ്ടെന്ന് തോന്നിയാല്‍ comment ബോക്സില്‍ നിര്‍ദ്ദേശിക്കുക. മെച്ചപ്പെട്ട ഒരു പദം ആരും നിര്‍ദേശിച്ചില്ലെങ്കില്‍ കുനിഷ്ട്‌ സുഖത്തെ അതിന്‍റെ ഔദ്യോഗിക മലയാള പദമായി നമ്മളങ്ങ് പ്രഖ്യാപിക്കും