കുട്ടികളിലെ ഓട്ടിസം മുന്‍കൂട്ടി അറിയാം..

ചെറുപ്രായത്തില്‍ത്തന്നെ കുട്ടികളെ ബാധിക്കുന്ന വ്യക്തമായ ഒരു മാനസിക രോഗമാണ് ഓട്ടിസം. 12 വയസ്സിന് താഴെയുള്ള പതിനായിരം കുട്ടികളില്‍ പത്ത് ശതമാനം പേര്‍ക്ക് ഓട്ടിസം ഉള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ജന്മനാ ഉള്ള വൈകല്യങ്ങളും ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ വളര്‍ച്ചയിലുണ്ടാകുന്ന വൈകല്യങ്ങളുമാണ് ഓട്ടിസത്തിന് കാരണമാകുന്നത്. ചില കേസുകളില്‍ ഓട്ടിസത്തിനൊപ്പം അപസ്മാരവുംകണ്ടുവരാറുണ്ട്. പാരമ്പര്യഘടകങ്ങളും ഓട്ടിസത്തെ സ്വാധീനിക്കാറുണ്ട്. ഇരട്ടകുട്ടികളില്‍ ഒരാള്‍ക്ക് അസുഖം ബാധിച്ചാല്‍ മറ്റേയാള്‍ക്ക് അസുഖം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

ലക്ഷണങ്ങള്‍

മൂന്ന് വയസ്സിന് മുന്‍പു തന്നെ കുട്ടികളില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുവരുന്നു. ആണ്‍കുട്ടികളിലാണ് ഓട്ടിസം കൂടുതലായി കാണപ്പെടുന്നത്.
ഓട്ടിസ്റ്റിക് കുട്ടികള്‍ മാതാപിതാക്കളോടൊ ബന്ധുക്കളോടൊ യാതൊരു അടുപ്പവും കാണിക്കില്ല.
ചില കുട്ടികള്‍ മറ്റുള്ളവര്‍ സംസാരിക്കുന്നതോ ചെയ്യുന്നതോ പോലും ശ്രദ്ധിക്കാതെ അവരുടേതായ ലോകത്ത് ഒതുങ്ങി കൂടാന്‍ ശ്രമിക്കും. ഇത്തരം കുട്ടികള്‍ മറ്റ് കുട്ടികളെപ്പോലെ മാതാപിതാക്കള്‍ പിരിഞ്ഞാല്‍ പേടിയോ ഉത്കണ്ഠയോ കാണിക്കുകയില്ല.
സംസാരിക്കാനുള്ള വൈകല്യവും ഓട്ടിസ്റ്റിക് കുട്ടികളില്‍ കണ്ടുവരുന്നു. സംസാരിച്ച് തുടങ്ങിയാലും അത് ഒരുപാട് വൈകിയായിരിക്കും.
ചില വാക്കുകള്‍ ഒരിക്കല്‍ പറഞ്ഞാല്‍ പിന്നീട് ആഴ്ചകളോ മാസങ്ങളോ ആ വാക്ക് ഉച്ചരിക്കുകയില്ല. ചില വാക്കുകള്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ച് പറയുന്ന പ്രത്യേകതയും കാണാറുണ്ട്.

അപൂര്‍വം ചിലര്‍ അക്ഷരങ്ങളിലും വാക്കുകളിലും അമിതമായ പ്രാവീണ്യവും ഓര്‍മശക്തിയും പ്രകടിപ്പിക്കാറുണ്ട്. ‘ഹൈപ്പര്‍ ലെക്സിയ’ എന്നാണ് ഇതിനെ പറയുന്നത്. ദൈനംദിനകാര്യങ്ങള്‍ ഒരേമാതിരി ചെയ്യാനാണ് ഇവര്‍ക്കിഷ്ടം. ഉദാഹരണത്തിന്, ഭക്ഷണം കഴിക്കുവാന്‍ ഒരേ പ്ലേറ്റ്, ഇരിക്കാന്‍ ഒരേ കസേര, ഒരേ ഡ്രസ്സ് എന്നിങ്ങനെ ഇവര്‍ വാശിപിടിച്ചെന്നിരിക്കും.

തിരിച്ചറിയാനുള്ള വഴികള്‍

കുട്ടികളില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ രക്തത്തിന്റേയും മൂത്രത്തിന്റേയും പരിശോധനയിലൂടെ കഴിയും. ഓട്ടിസവും രക്തത്തിലെ പ്രോട്ടീനിലെ പ്ലാസ്മയുടേയും അളവും തമ്മില്‍ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ രക്തപരിശോധനയിലൂടെ രോഗം കണ്ടെത്താന്‍ സാധിക്കും. ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ കഴിയാത്തത് രോഗവ്യാപ്തി വര്‍ധിപ്പിക്കും.