കുട്ടനാടിനെ രക്ഷിക്കാൻ എന്ത് വഴി?

വി. ശശികുമാർ 

ആലപ്പുഴയിലെ ഭരണപരിഷ്ക്കാര കമ്മീഷൻ യോഗം വഴികാട്ടിയാകുന്നു 

ആലപ്പുഴ: കുട്ടനാട് കേരളത്തിന്റെ ഏറ്റവും വലിയ ഈടുവയ്പ്പാണ്. മനുഷ്യ പ്രയത്നം സ്വർണം വിളയിച്ച ഈ ഭൂമി പക്ഷെ ഇന്ന് ക്ഷീണിതമാണ്.

ഒരു കാലത്ത് ഈ മണ്ണിൽ സ്വർണം വിളയിച്ച മനുഷ്യരുടെ പിൻഗാമികൾ നിലനിൽപ്പിനായി പൊരുതുകയാണ്.കുട്ടനാടിനെ രക്ഷിക്കാൻ എന്താണൊരു വഴിയെന്ന ചിന്ത സമീപകാലത്ത് ചെന്നെത്തിയത് ‘കുട്ടനാട് പാക്കേജി’ലാണ്.

അപൂർണമായും അലസമായും നടപ്പാക്കപ്പെട്ട ‘കുട്ടനാട് പാക്കേജ്’ ഗുണമാണോ അതോ ദോഷമാണോ ചെയ്തത് എന്നത് ഇപ്പോഴും തർക്കവിഷയം. അങ്ങിനെ കുട്ടനാടിന്റെ ഭാവി തുലാസിൽ നിൽക്കുന്ന സന്ദർഭത്തിൽ ശനിയാഴ്ച്ച കുട്ടനാട്ടിൽ കുറെ മനുഷ്യർ ഒത്തുകൂടി. കുട്ടനാടിന്റെ ഇന്നത്തെ ദൈന്യതകൾക്ക് പരിഹാരം കാണാൻ. 

കേരളത്തിന് പരിചിതനായ കുട്ടനാടിന്റെ പുത്രനായിരുന്നു മുഖ്യ സംഘാടകൻ: കേരളത്തിൽ ഏറ്റവും തലയെടുപ്പുള്ള നേതാവായ മുൻ മുഖ്യമന്ത്രി വി.എസ്. അച്ച്യുതാനന്ദൻ.

ഭരണപരിഷ്‌ക്കാര കമ്മീഷൻ അധ്യക്ഷൻ എന്ന നിലയിൽ കുട്ടനാടിന്റെ സുസ്ഥിര വികസനത്തിന് തടസ്സമാകുന്ന ഭരണപരമായ പ്രശ്നങ്ങൾ എന്തെന്ന അന്വേഷണമായിരുന്നു യോഗത്തിൽ നടന്ന ചർച്ചകളുടെ കാതൽ.

കമ്മീഷന്റെ ഔപചാരിക സിറ്റിംഗ് നടത്തി ചർച്ചക്ക് ഔദ്യോഗിക സാംഗത്യം നൽകാനായിരുന്നു അച്ചുതാനന്ദന്റെ ലക്‌ഷ്യം. ദീർഘവും അർത്ഥപൂര്ണവുമായ ചർച്ചകൾ ചെന്നെത്തിയത് ഇനി പറയുന്ന തീരുമാനങ്ങളിലാണ്: 

കുട്ടനാട്ടിലെ എല്ലാ തോടുകളുടെയും ആഴം കൂട്ടുക

വേമ്പനാട് കായലിൽ ചെളി മാറ്റി ആഴം കുട്ടുക

പുറംബണ്ടുകൾ ബലപ്പെടുത്തുക

മോട്ടോർ തറകൾ സംരക്ഷിക്കുക

എസി കനാൽ വൃത്തിയാക്കി പള്ളാത്തുരുത്തി വരെ എത്തിക്കുക

അടിയന്തിരമായി എല്ലാ പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കുക

കാർഷിക കലണ്ടർ നിർബന്ധമായിനടപ്പാക്കുക

വർഷങ്ങളായി കൃഷിഭൂമിയ്ക്കരുകിൽ താമസിക്കുന്നവരുടെ വാസസ്ഥലം ഡേറ്റാ ബാങ്കിൽ നിന്നു മാറ്റുക

രണ്ടാം ഘട്ട കുട്ടനാട് പാക്കേജ് ആരംഭിക്കുന്നതിനു മുൻപ് ആദ്യ പാക്കേജിന്റെ ഫലങ്ങളെ കുറിച്ച് ധവളപത്രം ഇറക്കുക

ആലപ്പുഴ ജില്ലയിലെ ജലാശയങ്ങളിലെ മലിനീകരണ കാരണങ്ങളും, മത്സ്യസമ്പത്തുകുറയുന്നതു സംബന്ധിച്ച് പഠിച്ച് പരിഹാരം കണ്ടെത്തുക.

അച്ചുതാനന്ദനെ കൂടാതെ കമ്മീഷൻ അംഗം സി.പി. നായർ, സെക്രട്ടറി ഷീല തോമസ് എന്നിവരും പങ്കെടുത്ത സിറ്റിങ്ങിൽ കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി, മുൻ എംൽ എ, സി കെ സദാശിവൻ, നിരവധി കർഷകർ, കർഷക തൊഴിലാളികൾ, ഹൗസ് ബോട്ട് ഉടമാസംഘ പ്രതിനി ധികൾ തുടങ്ങിയവരും പങ്കെടുത്തു.