കുടിയന്മാരെ ഇതിലെ ഇതിലെ!

രാജേഷ്. സി.

1118 വർഷങ്ങൾ പഴക്കമുള്ള ബാർ. അയർലണ്ടിലെ അത്‌ലൺ നഗരത്തിൽ എന്നും ആ ബാർ ഉണ്ടായിരുന്നു. ആ ബാറിനെ ചുറ്റിപ്പറ്റിയാണ് അത്‌ലൺ നഗരം തന്നെ ഉണ്ടായത്. ആ ബാറിന്റെ ഇന്നേ വരെയുള്ള ഉടമകളുടെ വിവരങ്ങൾ എല്ലാം അവിടെ സൂക്ഷിച്ചിട്ടുണ്ട്. ബാർ തുടങ്ങിയിട്ട് 1118 വർഷമേ ആയിട്ടുള്ളൂ!

ഒരു പക്ഷെ, ഭൂമിയിലെ ഏറ്റവും പഴയ ബാർ അയർലണ്ടിലെ അത്‌ലൺ നഗരത്തിൽ സ്ഥിതി ചെയ്യുന്നു. 900 AD യിൽ ഷാനൻ നദീ തീരത്തു ജീവിച്ചിരുന്ന Luain Mac Luighdeach എന്നയാൾ ആണ് ഷോൺ (SEAN) ബാർ സ്ഥാപിച്ചത്. നദി കടന്നു പോകുന്ന സഞ്ചാരികളുടെ സഹായിയായി പ്രവർത്തിച്ചിരുന്ന Luain, കടവിനടുത്തു സ്ഥാപിച്ച ഈ ബാറിൽ ഭക്ഷണ താമസ സൗകര്യങ്ങൾ കൂടി ഒരുക്കി കൊടുത്തതിനാൽ സംഭവം കളറായി!

കടവിനടുത്തു മെല്ലെ മെല്ലെ ജനങ്ങൾ സ്ഥിരമായി താമസിക്കാൻ തുടങ്ങി. Luain ന്റെ പേരിൽനിന്ന് തന്നെ ആ ജനപഥത്തിനൊരു പേരും കിട്ടി, Athlon! ഏകദേശം അർഥം Luain ന്റെ കടവ് എന്നാണ്, നമ്മുടെ ‘ബാലൻ പിള്ള സിറ്റിയൊക്കെ പോലെ’.

1129 ഇൽ Turlough O’ Connor രാജാവ് ഈ സ്ഥലത്തെ സംരക്ഷിക്കാൻ വേണ്ടി അവിടെയൊരു കോട്ട പണിതു.  പിന്നെയങ്ങോട്ട് ആയിരം വർഷങ്ങൾ, അത്‌ലൺ ഗ്രാമം വളർന്നു വളർന്നു വലിയ ഒരു നഗരമായി. അപ്പോഴും ഉടമകളെ മാത്രം മാറ്റി ആ ബാർ അവിടെ തന്നെ ഉണ്ടായിരുന്നു. നീണ്ട 1118 വർഷങ്ങൾ!

1970 ൽ പുനർ നവീകരണ പ്രവർത്തനങ്ങൾക്കിടയിൽ പത്താം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ചുമരിന്റെ ഭാഗം കണ്ടെടുത്തിരുന്നു. അക്കാലത്തെ നാണയങ്ങളും, പിന്നെ ബാർ ഉടമകൾ തന്നെ സൗകര്യത്തിനു വേണ്ടി അടിച്ചിറക്കി എന്ന് കരുതപ്പെടുന്ന നാണയങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.

Whiskey എന്ന വാക്കിന്റെ ഉത്ഭവവും അത്‌ലൺ പ്രദേശത്തു നിന്നാണ് എന്നാണ് കരുതപ്പെടുന്നത്. ഹെൻറി രണ്ടാമൻ രാജാവിന്റെ സന്ദർശന സമയത്തു Whiskey കുടിച്ചു സന്തോഷം സഹിക്ക വയ്യാതെ അദ്ദേഹത്തിന്റെ പടയാളികൾ ആണത്രേ “ജീവന്റെ ജലം” എന്ന് അർഥം വരുന്ന Whiskey എന്ന വാക്കുപയോഗിച്ചത്.
ചരിത്രത്തിലെ ഇത്തരം സംഭവങ്ങളെ കുറിച്ചു ചെറിയൊരു വിവരണവും ഷോൺ ബാർ സന്ദർശിച്ചാൽ കേൾക്കാം!