കുഞ്ഞിനെ നോക്കാന്‍ ആളെ കിട്ടിയില്ല; പ്രൊഫസ്സര്‍ ക്ലാസിലെത്തിയത് കഴുത്തില്‍ തൂക്കിയ സുരക്ഷാവലയത്തില്‍ കുട്ടിയെ കിടത്തി

ലോകത്തെവിടെയായാലും കുഞ്ഞുങ്ങളെ വളര്‍ത്തുകയെന്നത് ശ്രമകരമായ ജോലിയാണ്. അത് അദ്ധ്യാപകനായാലും വിദ്യാര്‍ത്ഥിക്കായാലും. അറ്റ്‌ലാന്റയിലെ മോര്‍ഹൗസ് കോളേജിലെ മാത്‌സ് പ്രൊഫസ്സര്‍ നഥാന്‍ അലക്‌സാണ്ടര്‍ വെള്ളിയാഴ്ച ക്ലാസെടുത്തത് കഴുത്തില്‍ കുഞ്ഞിനെയും തൂക്കിയിട്ടാണ്. കുഞ്ഞിനെ നോക്കാന്‍ ആളെ കിട്ടാതെ, ക്ലാസ്സിലേക്ക് കുട്ടിയുമായി വന്ന ഒരു വിദ്യാര്‍ത്ഥിയെ സഹായിക്കുന്നതിനുവേണ്ടിയാണ് പ്രൊഫസ്സര്‍ പഠിപ്പിക്കുന്നതിനെ ബേബിസിറ്റര്‍ കൂടിയായത്.

ക്ലാസില്‍ ശ്രദ്ധിക്കാനും കുട്ടിയെ നോക്കാനും നോട്‌സ് എഴുതാനുമൊക്കെക്കൂടി തന്റെ വിദ്യാര്‍ത്ഥി കഷ്ടപ്പെടുന്നതുകണ്ടാണ് നഥാന്‍ ഇടപെട്ടത്. കുട്ടിയെ താന്‍ എടുത്തുകൊള്ളാമെന്നും അപ്പോള്‍ നിനക്ക് നോട്‌സ് തയ്യാറാക്കാമല്ലോ എന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ നെഞ്ചോടുചേര്‍ത്ത് സുരക്ഷാ കവചത്തിനുള്ളില്‍ ഇരുത്തിക്കൊണ്ടായിരുന്നു പിന്നീട് നഥാന്റെ ക്ലാസ്. കുഞ്ഞിനെയും ചേര്‍ത്തുപിടിച്ചുകൊണ്ട് ക്ലാസ് എടുത്ത നഥാന്റെ ചിത്രം നിക്ക് വോന്‍ എന്ന വിദ്യാര്‍ത്ഥി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലായി.

ട്വിറ്ററില്‍ ഈ ചിത്രം പെട്ടെന്നുതന്നെ പതിനായിരത്തിലേറെ തവണ റീട്വീറ്റ് ചെയ്യപ്പെട്ടു. 42,000-ലേറെ ലൈക്കുകളും നേടി. തന്റെ ചിത്രത്തോടൊപ്പം പോസ്റ്റിട്ട നിക്കിന് നന്ദി പറഞ്ഞുകൊണ്ട് നഥാന്‍ മറുപടി ട്വീറ്റിടുകയും ചെയ്തു. കുട്ടിയെ എടുത്തശേഷവും നഥാന്റെ ക്ലാസ്സില്‍ യാതൊരു തടസ്സവും നേരിട്ടില്ലെന്ന് നിക്ക് ഫേസ്‌ബുക്കിലെ പോസ്റ്റില്‍ കുറിച്ചു. കുട്ടികള്‍ക്കടുത്തെത്തി അവരുടെ സംശയങ്ങള്‍ തീര്‍ത്തും മറ്റും സ്വാഭാവികതയോടെ നഥാന്‍ ക്ലാസെടുത്തു.

കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരനായ അദ്ധ്യാപകന്‍ കൂടിയാണ് നഥാന്‍. ബേബിസിറ്റിങ് സംഭവത്തിനുശേഷം അദ്ദേഹത്തെ പ്രതീര്‍ത്തിച്ചുകൊണ്ട് കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ പോസ്റ്റുകളിട്ടു. മറ്റൊരധ്യാപകനുകീഴില്‍ പഠിക്കുമ്ബോള്‍ എല്ലാത്തവണയും തോറ്റ് ഡ്രോപ്പ് ഔട്ടാകാന്‍ റെഡിയായിരുന്ന തന്നെ, സഹായിച്ചതും കണക്കില്‍ മിടുക്കനാക്കിയതും നഥാനാണെന്നും അദദ്ദേഹമാണ് തന്റെ പ്രിയപ്പെട്ട അദ്ധ്യാപകനെന്നും ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.

2017 മുതല്‍ മോര്‍ഹൗസ് കോളേജില്‍ അദ്ധ്യാപകനാണ് നഥാന്‍. മാത്തമാറ്റിക്‌സ് എഡ്യുക്കേഷന്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ആന്‍ഡ് മാത്തമാറ്റിക്കല്‍ മോഡലിങ്, സോഷ്യല്‍ നെറ്റ്‌വര്‍ക്ക്, ഗ്രാഫ്‌സ് തുടങ്ങിയവയില്‍ വിദ്ധഗ്ധനാണ് അദ്ദേഹം. പ്രൊഫസ്സര്‍ ഹീറോയെന്നാണ് ഇപ്പോള്‍ നഥാന്‍ അലക്‌സാണ്ടര്‍ ക്യാമ്ബസില്‍ അറിയപ്പെടുന്നത്.