കുഞ്ഞിനെയും കൂട്ടി ബാറിലെത്തി: യുവാവിനെ പൊലീസ് പിടികൂടി

തൃശൂര്‍: അയല്‍വാസിയുടെ ആറ് വയസുള്ള മകളുമായി ബാറില്‍ മദ്യപിക്കാനെത്തിയ ആളെ പൊലീസ് പിടികൂടി. ഒല്ലൂരിലെ ബാറിലാണ് പ്രതി മദ്യപിക്കാനെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയായ പ്രതിയെ പൊലീസ് രാത്രി തന്നെ കസ്റ്റഡിയിലെടുത്തു.

ബാര്‍ ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. ബാറിന്റെ ഗേറ്റിനു സമീപം നാട്ടുകാരുടെ മുന്നില്‍ നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. അയല്‍വാസിയായ ഇതര സംസ്ഥാന തൊഴിലാളിയുടെ കൂടെയാണ് വന്നതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിക്കൊപ്പം ഇതര സംസ്ഥാന തൊഴിലാളി ഉണ്ടായിരുന്നില്ല.

കുട്ടി പറഞ്ഞ വിവരമനുസരിച്ച് പൊലീസ് ഇവരുടെ വീട്ടിലെത്തുകയും അയല്‍വാസിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബാറിന്റെ ഗേറ്റിനു മുന്‍പില്‍ കുട്ടിയെ നിര്‍ത്തിയ ശേഷം മദ്യപിക്കാന്‍ കയറുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മദ്യപിച്ച് പുറത്തെത്തിയപ്പോള്‍ കുട്ടിക്ക് ചുറ്റും നാട്ടുകാര്‍ കൂടി നില്‍ക്കുന്നത് കണ്ടു. നാട്ടുകാരെ ഭയന്നാണ് താമസസ്ഥലത്തേക്ക് തിരികെ പോയതെന്ന് യുവാവ് മൊഴി നല്‍കി.