കീഴാറ്റൂരില്‍ സമരം ചെയ്യുന്നവരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കോടിയേരി

തളിപ്പറമ്പ്: കീഴാറ്റൂരില്‍ സമരം ചെയ്യുന്നവരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കാനും അവരുമായി ചര്‍ച്ച നടത്താനും പാര്‍ട്ടി തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരത്തിനിടെ ‘കലക്കവെള്ളത്തില്‍ നിന്ന് മീന്‍ പിടിക്കാനാണ്’ ബിജെപി പോലെയുള്ള പാര്‍ട്ടികളുടെ ശ്രമമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. സിപിഎം അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ കീഴാറ്റൂരില്‍ നടന്ന ഗ്രാമോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വയല്‍ സംരക്ഷണ സമരം നടന്ന കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിച്ച ശേഷമാണ് കോടിയേരി സമ്മേളനത്തിനെത്തിയത്. സംസ്ഥാനം മുഴുവന്‍ സുപരിചിതമായ കീഴാറ്റൂര്‍ എന്ന നാമം ഇപ്പോള്‍ സിപിഎം വിരുദ്ധരുടെ കേന്ദ്രീകരണത്തിന്റെ പേരായി മാറിയിരിക്കുകയാണ്. പ്രകൃതിയെ പരമാവധി സംരക്ഷിച്ചുള്ള വികസനമാണ് എല്‍ഡിഎഫ് നടത്തുന്നതെന്നും എല്‍ഡിഎഫിനെ പരിസ്ഥിതി വിരുദ്ധരെന്ന് മുദ്രകുത്താന്‍ ആരുവിചാരിച്ചാലും സാധിക്കില്ലെന്നും കോടിയേരി പറഞ്ഞു. ഒരു സിപിഎം വിരുദ്ധ പ്രസ്ഥാനമായി കീഴാറ്റൂര്‍ സമരം മാറിയിരിക്കുകയാണ്. സിപിഎമ്മിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ഈ സമരത്തെ രാഷ്ട്രീയമായി തന്നെ പരാജയപ്പെടുത്തുകയാണ് വേണ്ടതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

കീഴാറ്റൂരില്‍ ബൈപാസ് റോഡിന്റെ പേരില്‍ സ്ഥലം നഷ്ടപ്പെടുന്നവരെ കണ്ണീര് കുടിപ്പിക്കില്ലെന്നും പദ്ധതികള്‍ക്കെതിരെ പ്രതിഷേധവും സമരവും സാധാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥലം നഷ്ടപ്പെടുന്നവരുമായി തുറന്ന ചര്‍ച്ചയ്ക്ക് തയാറാണെന്നും സിപിഎം ഇരകളുടെ കൂടെയായിരിക്കുമെന്നും പദ്ധതി വേണ്ടെന്ന് പറയുന്നത് ഭാവി തലമുറയോട് ചെയ്യുന്ന തെറ്റാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ദേശീയ പാതയുടെ അലൈന്‍മെന്റ് ഇനി മാറ്റാനാകില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയതായി സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ശനിയാഴ്ച കൊച്ചിയില്‍ പറഞ്ഞിരുന്നു. ദേശീയപാത വികസനം സംബന്ധിച്ച് കേന്ദ്ര മന്ത്രിയും സംസ്ഥാന മന്ത്രിമാരും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു സുധാകരന്റെ പ്രതികരണം. കേരളത്തില്‍ ദേശീയപാത വികസനത്തിന് മേല്‍പ്പാലങ്ങള്‍ പ്രായോഗികമല്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയനും നേരത്തേ അവകാശപ്പെട്ടിരുന്നു.