കീഴാറ്റൂരില്‍ നിന്നുള്ള ലോങ്ങ്‌ മാര്‍ച്ച് യാഥാര്‍ത്ഥ്യമാകുന്നു; മേയ് അഞ്ചിന് തീയതി പ്രഖ്യാപിക്കും

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: ഒടുവില്‍ കീഴാറ്റൂരില്‍ നിന്നുള്ള ലോങ്ങ്‌ മാര്‍ച്ച് യാഥാര്‍ത്ഥ്യമാകുന്നു. വരുന്ന മേയ് അഞ്ചിന് കണ്ണൂരില്‍ ചേരുന്ന സംസ്ഥാനതല കണ്‍വെന്‍ഷനില്‍ തിരുവനന്തപുരത്തേയ്ക്കുള്ള ലോങ്ങ്‌ മാര്‍ച്ചിന്റെ തീയതി പ്രഖ്യാപിക്കും.

ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് നഗരത്തില്‍ നിന്ന് മാറി കീഴാറ്റൂര്‍ വഴി ബൈപാസ് നിർമിക്കാനുള്ള ഇടത് സര്‍ക്കാര്‍ തീരുമാനമാണ് വയല്‍ക്കിളി സമരത്തിന് കീഴാറ്റൂരില്‍ തുടക്കമിട്ടത്. പാടം നികത്തി റോഡ് പണിയുന്നതു ജൈവവ്യവസ്ഥയെ തകിടം മറിക്കുമെന്നും കടുത്ത വരൾച്ചയ്ക്ക് ഇടയാക്കുമെന്നും ആരോപിച്ചാണ് വയൽക്കിളികള്‍ കീഴാറ്റൂര്‍ കേന്ദ്രമാക്കി സമരം തുടങ്ങിയത്.

കീഴാറ്റൂര്‍ സമരം കേരളത്തിന്റെ ശ്രദ്ധപിടിച്ചു പറ്റിയതോടെ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും കീഴാറ്റൂരിലെക്ക് പ്രവഹിച്ച് സമരത്തിനു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ലോങ്ങ്‌ മാര്‍ച്ചിന്റെ കാര്യത്തില്‍ മാറ്റമില്ലെന്നും മേയ് അഞ്ചിന് തന്നെ ലോങ്ങ്‌ മാര്‍ച്ചിന്റെ തീയതി പ്രഖ്യാപിക്കുമെന്നും വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ 24 കേരളയോടു പറഞ്ഞു.

കേരളത്തിലെ പാരിസ്ഥിതിക സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. തങ്ങളുടെ മുദ്രാവാക്യങ്ങളുമായി യോജിക്കുന്ന എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും കണ്‍വെന്‍ഷനിലേയ്ക്ക്‌
ക്ഷണിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന രീതിയില്‍ കണ്‍വെന്‍ഷനിലേയ്ക്ക്‌ ആരെയും ക്ഷണിക്കില്ല. പക്ഷെ ഞങ്ങളുടെ മുദ്രാവാക്യത്തോട് യോജിപ്പുള്ള എല്ലാവരെയും കണ്‍വെന്‍ഷനിലേയ്ക്ക്‌ സ്വാഗതം ചെയ്യും – സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാക്കുന്ന തീരുമാനമാണ് വയല്‍ക്കിളികളുടേത്. കാര്‍ഷിക പ്രശ്നങ്ങള്‍ ഉയര്‍ത്തി മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ലോങ്ങ്‌ മാര്‍ച്ച് സംഘടിപ്പിച്ച സിപിഎമ്മിന് തിരിച്ചടിയാകുകയാണ് കേരളത്തില്‍ അതേരീതിയില്‍ ലോങ് മാര്‍ച്ച് നടത്താനുള്ള വയല്‍ക്കിളികളുടെ തീരുമാനം.

കണ്ണൂരിലെ സിപിഎം പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണ് വയല്‍ക്കിളി പ്രസ്ഥാനത്തിനു പിന്നില്‍. ഭീഷണി കൊണ്ടും പ്രലോഭനങ്ങള്‍ കൊണ്ടും അനുരജ്ഞനം കൊണ്ടും വയല്‍ക്കിളികളെ വരുതിയിലാക്കാനുള്ള സിപിഎം ശ്രമങ്ങള്‍ പരാജയമാകുന്നു എന്നാണ് വയല്‍ക്കിളികളുടെ തീരുമാനം കാണിക്കുന്നത്. ഇത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് വ്യക്തിപരമായുള്ള തിരിച്ചടി കൂടിയാണ്.

പി.ജയരാജന്റെ നേതൃത്വത്തിലാണ് വയല്‍ക്കിളി സമരത്തില്‍ നിന്നും കീഴാറ്റൂരിലെ ജനങ്ങളെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നത്. സമരത്തിനെതിരായി വീടുകള്‍ കയറിയിറങ്ങിയുള്ള ബോധവത്ക്കരണങ്ങളും പോസ്റ്റർ പ്രചരണങ്ങളും സിപിഎം നടത്തിയിരുന്നു. വികസനത്തിനായി സ്ഥലം വിട്ടുനൽകാൻ തയ്യാറാണെന്നു കാണിച്ചുള്ള, സ്ഥലമുടമകളുടെ പേരുൾപ്പെടെയുള്ള ബോർഡുകളും സിപിഎം കീഴാറ്റൂരില്‍ സ്ഥാപിച്ചിരുന്നു. എല്ലാം ജയരാജന്റെ നേതൃത്വത്തിലായിരുന്നു. ഒടുവില്‍ അനുരഞ്ജനവുമായും പി.ജയരാജന്‍ മുന്നിട്ടിറങ്ങിയിരുന്നു.

ബൈപ്പാസ് മാറ്റി കീഴാറ്റൂരില്‍ ആകാശപ്പാത നിര്‍മിക്കാന്‍ ശ്രമിക്കുമെന്ന് സര്‍ക്കാര്‍ തലത്തില്‍ പ്രഖ്യാപനമുണ്ടായെങ്കിലും ഇത് ഫലവത്താകില്ലെന്ന് കീഴാറ്റൂരിലെ ജനങ്ങള്‍ വിശ്വസിക്കുന്നതിന്റെ തെളിവ് കൂടിയാണ് ലോങ്ങ്‌ മാര്‍ച്ച് തീരുമാനം. കീഴാറ്റൂര്‍ ബൈപ്പാസിനു പകരം ആകാശപ്പാത പണിയാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പക്ഷെ ഗഡ്കരിയെ മുഖ്യമന്ത്രി ഡല്‍ഹിയില്‍ കണ്ടെങ്കിലും കീഴാറ്റൂര്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നില്ല.

വിരലിലെണ്ണാവുന്ന ഭൂവുടമകള്‍ മാത്രമാണ് കീഴാറ്റൂര്‍ സമരത്തെ പിന്തുണയ്ക്കുന്നതെന്നും ബഹുഭൂരിപക്ഷം പേരും ബൈപ്പാസ് പണിയാന്‍ വയല്‍ വിട്ടു നല്‍കിയെന്നും പറഞ്ഞു കീഴാറ്റൂര്‍ സമരത്തിനെതിരെ സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി വയല്‍ക്കിളികളും രംഗത്ത് വന്നിരുന്നു.

മുംബൈയില്‍ സിപിഎമ്മിന്റെ കിസാന്‍ സഭ വിജയിപ്പിച്ച ലോങ്ങ്‌ മാര്‍ച്ച് ഭൂമറാംഗ് പോലെ കേരളത്തില്‍ സിപിഎമ്മിനെതിരെ തന്നെ തിരിച്ചുവരുകയാണ്. നികത്തപ്പെടാതെ വയലുകള്‍ സംരക്ഷിക്കും എന്ന സിപിഎമ്മിന്റെ പ്രഖ്യാപിത ലക്‌ഷ്യം മറന്നു കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കാന്‍
തീരുമാനിച്ചപ്പോള്‍ പാര്‍ട്ടി ഗ്രാമത്തിലെ സജീവ പ്രവര്‍ത്തകര്‍ തന്നെയാണ് പാര്‍ട്ടിക്കെതിരെ രംഗത്ത് വന്നത്.

ബൈപ്പാസ് തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിറകോട്ട് പോയില്ലെങ്കില്‍ മഹാരാഷ്ട്രയിൽ നടന്നതുപോലെ ലോങ്ങ്‌ മാർച്ച് സംഘടിപ്പിക്കുമെന്നു ‘വയൽക്കിളികൾ’ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ കേരളത്തെയാകെ ഏകോപിപ്പിച്ച് കീഴാറ്റൂര്‍ പ്രശ്നത്തില്‍ ലോങ്ങ്‌ മാര്‍ച്ചിനു വയല്‍ക്കിളികള്‍ തയ്യാറാകുകയാണ്.

കീഴാറ്റൂരിലെ സമരത്തിന് യുഡിഎഫ് നേതൃയോഗം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കീഴാറ്റൂര്‍ മാര്‍ച്ച് നടത്തി ബിജെപിയും കീഴാറ്റൂര്‍ സമരത്തിനു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി.ജോര്‍ജ് എംഎല്‍എയും അടക്കമുള്ള നേതാക്കള്‍ നേരെത്തെ തന്നെ കീഴാറ്റൂരില്‍ എത്തി സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദേശീയ ശ്രദ്ധ കീഴാറ്റൂരിലേയ്ക്ക്‌
നീങ്ങാന്‍ വഴിവെയ്ക്കുകയാണ് തിരുവനന്തപുരത്തേക്ക് ലോങ്ങ്‌ മാര്‍ച്ച് എന്ന വയല്‍ക്കിളികളുടെ തീരുമാനം.