കീഴാറ്റൂരില്‍ ആത്മഹത്യാ ഭീഷണി മുഴക്കി കര്‍ഷകരുടെ പ്രതിഷേധം

തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാത ബൈപ്പാസാക്കുന്നതിനെതിരെ സമരം നടത്തുന്ന വയല്‍ക്കിളി എന്ന കര്‍ഷക കൂട്ടായ്മ ആത്മഹത്യാഭീഷണി മുഴക്കി പ്രതിഷേധിക്കുന്നു. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് കര്‍ഷകര്‍ രാവിലെ മുതല്‍ വയലില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

പൊലീസിന്റെ സഹായത്തോടെ ഇന്ന് രാവിലെ റോഡ് നിര്‍മ്മാണത്തിനായി അധികൃതര്‍ എത്തിയപ്പോഴാണ് കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കിയത്. ഡീസലും മണ്ണെണ്ണയും നിറച്ച കുപ്പികളുമായി വയലില്‍ നിലയുറപ്പിച്ചിരിക്കുകയാണ് കര്‍ഷകര്‍. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറോളം കര്‍ഷകരാണ് സമരരംഗത്തുള്ളത്.

കര്‍ഷകരുടെ വയലാണിത്. ഇവിടെ നിന്ന് പൊലീസ് പിന്‍വാങ്ങണം എന്ന നിലപാടില്‍ മുദ്രാവാക്യം വിളികളുമായാണ് പ്രതിഷേധം. പൊലീസ് സ്ഥലത്തുണ്ടെങ്കിലും സമരക്കാര്‍ ഇവരോട് സംസാരിക്കാന്‍ തയ്യാറായിട്ടില്ല. നേതൃത്വത്തിന്റെ നിലപാട് തള്ളി സിപിഎം പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സമരരംഗത്തുണ്ട്. ആത്മഹത്യാ ഭീഷണിയുള്ളതിനാല്‍ ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.