കീറാ ജഡ്ജ് എന്ന ഐറിഷ് പെൺകുട്ടി, കേരളത്തിലെ വിദ്യാർത്ഥി/വിദ്യാർത്ഥിനികൾക്ക് ഒരു റോൾ മോഡൽ

ഡോ. സുരേഷ്. സി. പിള്ള

2014 ആണ് കീറയെപ്പറ്റി ആദ്യം കേൾക്കുന്നത്. ഈ കൊച്ചു മിടുക്കി നേടിയ നേട്ടങ്ങൾ കേൾക്കണ്ടേ? 2014 ൽ Time മാഗസിന്റെ ലോകത്തിലെ ’25 most influential teens’ ൽ ഇടംപിടിച്ച ആളാണ് കീറ. അന്ന് കീറയ്ക്ക് പതിനാറു വയസ്സ്. കൂടാതെ, 2014 ൽ കാലിഫോണിയയിൽ നടന്ന Google Science Fair ൽ രണ്ടു സഹപാഠികളോടൊപ്പം തന്റെ കണ്ടുപിടുത്തങ്ങൾക്ക് ഒന്നാം സ്ഥാനം പങ്കിട്ടു. കൂടാതെ 2013 ലെ ‘European Union Contest for Young Scientists’ ൽ ഒന്നാം സ്ഥാനം, ബ്രിട്ടീഷ് ടെലികോം (BT) Young Scientist and Technology Exhibition ൽ ഒന്നാം സ്ഥാനം. ഇനി കീറയുടെ കണ്ടുപിടിത്തത്തെ പ്പറ്റി പറയാം Diazotrophs എന്ന ബാക്ടീരിയ ഉപയോഗിച്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ എങ്ങിനെ germination (മുളയ്ക്കല്‍) ത്വരിതപ്പെടുത്താം എന്നതായിരുന്നു. കൂടതെ ഈ ബാക്ടീരിയ ഉപയോഗിക്കുമ്പോൾ ധാന്യ വിളകളിൽ രാസ വളങ്ങൾ ഉപയോഗിക്കുന്നത് കുറച്ചു കൊണ്ട് വിളവ് കൂട്ടാം എന്നും കണ്ടെത്തി (നൈട്രജൻ ഫിക്സേഷൻ വഴി). അയർലണ്ടിലെ സ്റ്റേറ്റ് പരീക്ഷയിലും ഒന്നാം സ്ഥാനം ഈ കൊച്ചു മിടുക്കി കൈക്കലാക്കി. ഇപ്പോൾ അയർലണ്ടിന്റെ തെക്കു ഭാഗത്തുള്ള കോർക്ക് യൂണിവേഴ്സിറ്റിയിൽ രണ്ടാം വർഷ BSc ജനറ്റിക്സ് വിദ്യാർത്ഥിയാണ്.

ജനറ്റിക്സ് മേഖലയിൽ ഉള്ള തൊഴിൽ സാധ്യതകളെപ്പറ്റി കുട്ടികൾക്ക് ക്ലാസ്സെടുക്കാൻ ഇന്ന് വൈകുന്നേരം വന്നപ്പോളാണ് കീറ ജഡ്ജിനെ നേരിൽ കാണുന്നത്.

പറഞ്ഞു വരുന്നത്, ശാസ്ത്ര പഠനത്തിന് ധാരാളം സാധ്യതകൾ ഉണ്ട്. മിടുക്കരായ കുട്ടികൾ, ശാസ്ത്രം പഠിക്കുവാൻ മുൻപോട്ട് വരണം.

ഗവേഷണ മേഖലയിലും, വ്യവസായ മേഖലകളിലും ധാരാളം ശാസ്ത്രജ്ഞരെ ആവശ്യമായുണ്ട്.

ബയോ ടെക്നോളജി, ഫിസിക്സ്, കെമിസ്ട്രി, ജനറ്റിക്സ്, കംപ്യൂട്ടിങ്ങ്, പരിസ്ഥിതി പഠനം, ബയോ ഇൻഫോർ മാറ്റിക്സ് തുടങ്ങിയ മേഖലകളിൽ ധാരാളം ജോലി സാധ്യതകൾ ഉണ്ട്.

ഇന്ത്യയിൽ ശാസ്ത്രം പഠിക്കണം എങ്കിൽ ഏറ്റവും ഉത്തമം Indian Institute of Science Education and Research (IISERs) കൾ ആണ്. ഇവിടെ അഡ്മിഷൻ 10+2 നു ശേഷം മൂന്നു തരത്തിൽ ആണ് 1) IIT JEE (Advanced) channel: 2) Kishore Vaigyanik Protsahan Yojana സ്കോളർഷിപ്പ് പരീക്ഷ പാസായവർ. 3) IISER Aptitude Test (IAT). ഇന്ത്യയിൽ തിരുവനന്തപുരത്ത് ഉൾപ്പെടെ ഏഴ് IISER കൾ ഉണ്ട്. അല്ലെങ്കിൽ നാട്ടിലുള്ള നല്ല കോളേജുകളിൽ ചേർന്ന് അടിസ്ഥാന ശാസ്ത്രത്തിൽ ബിരുദവും, ബിരുദാനന്ത ബിരുദവും നേടുക.

എന്റെ അഭിപ്രായത്തിൽ അതിനു ശേഷം നാട്ടിൽ നിൽക്കാതെ വിദേശ യൂണിവേഴ്സിറ്റികളിൽ PhD ക്കായി സ്കോളർഷിപ്പ് നേടുക. ജോബ്സ്.എസി. യൂകെ, ഫൈണ്ട്എPhD.കോം, സയൻസ്ജോബ്സ്.കോം എന്നീ സൈറ്റുകളിൽ നിന്നും സ്കോളർഷിപ്പ് വിവരങ്ങൾ ലഭിക്കും. UK യിലും അയർലണ്ടിലും വർഷം പതിനായിരം മുതൽ ഇരുപതിനായിരം യൂറോ വരെ PhD സ്കോളർഷിപ്പുകൾ കിട്ടും.

മറ്റുള്ള യൂറോപ്യൻ രാജ്യങ്ങളിലും, യൂ. എസ്. ലും ഏകദേശം സ്കോളർഷിപ്പ് തുക ഇതാണ്. ഫീസും യൂണിവേഴ്സിറ്റി നൽകും. ഇംഗ്ലീഷ് പരിജ്ഞാനം കാണിക്കുവാൻ IELTS, TOEFL എന്നീ ടെസ്റ്റുകൾ പാസാകണം. [അമേരിക്കയിൽ ആണെങ്കിൽ Graduate Record Examinations (GRE) ടെസ്റ്റും പാസാക്കണം].

കൂടാതെ ഗവേഷണ പരിചയം, ശാസ്ത്ര ജേർണൽകളിൽ പ്രസിദ്ധീകരണങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ സാധ്യത ഉണ്ട്. നിങ്ങൾ ഫൈനൽ സെമസ്റ്റർ പ്രോജക്ട് ചെയ്യുന്നത് ഒരു നാഷണൽ ലാബിലോ (CSIR) അല്ലെങ്കിൽ അതേ പോലെയുള്ള ഗവേഷണ സ്ഥാപങ്ങളിലോ ആയാൽ ഒരു പക്ഷെ ശാസ്ത്ര ജേർണൽകളിൽ പ്രസിദ്ധീകരിക്കുവാനുള്ള അവസരങ്ങൾ ഉണ്ടാവും. അല്ലെങ്കിൽ ഒരു വർഷം നാട്ടിലെ ഏതെങ്കിലും പ്രശസ്തരായ ശാസ്ത്രജ്ഞൻ മാരുടെ കൂടെ പ്രൊജക്റ്റ് വർക്ക് ചെയ്യുക. അതിൽ നിന്നും ശാസ്ത്ര ജേർണൽകളിൽ പ്രസിദ്ധീകരിക്കുവാനുള്ള അവസരങ്ങൾ ഉണ്ടാവുമോ എന്നും ശ്രമിക്കാം.

ഇംഗ്ലീഷ് സ്‌പീക്കിങ് രാജ്യങ്ങൾ മാത്രം നോക്കി സ്കോളർഷിപ്പ് അപേക്ഷകൾ അയക്കാതെ ജർമ്മനി, സ്വീഡൻ, ഫിൻലൻഡ്‌, നോർവേ, ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ്സ്, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങളിലും ഗവേഷണ അവസരങ്ങൾ നോക്കാം. ഇവിടെയെല്ലാം നിങ്ങൾക്ക് ഇംഗ്ലീഷ് ഭാഷയിൽ PhD ചെയ്യാനുള്ള അവസരം ഉണ്ട്.