കിളിമാനൂരില്‍ കെഎസ്ആര്‍ടിസി ബസ്സും ലോറികളും തമ്മില്‍ കൂട്ടിയിടിച്ച് അപകടം; 17 പേര്‍ക്ക് പരിക്ക്‌


കിളിമാനൂര്‍: എം.സി റോഡില്‍ കിളിമാനൂരിനടുത്ത്  മണലേത്തുപച്ചയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും ലോറികളും തമ്മില്‍ കൂട്ടിയിടിച്ച് എംഎല്‍എ റോഷി അഗസ്‌ററിനടക്കം 17 പേര്‍ക്ക് പരിക്ക്. എംഎല്‍എ യുടേതടക്കം ആരുടേയും പരിക്ക് ഗുരുതരമല്ല. ഇന്ന് വെളുപ്പിന് രണ്ടരയോടെ യായിരുന്നു അപകടം. ബസ്സിലെ യാത്രക്കാര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ബസ്സും ലോറികളും പരസ്പരം കൂട്ടിയിടിച്ച ശബ്ദം കേട്ട് ഉണര്‍ന്നെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതും ഫയര്‍ഫോഴ്‌സിനെയും ആംബുലന്‍സിനേയും വിവരമറിയിച്ചതും. പരിക്കേറ്റ എംഎല്‍എ റോഷി അഗസ്‌ററിന്‍ ഉള്‍പ്പടെ 11 പേരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു. നാല് പേര്‍ മെഡിക്കല്‍ കോളേജ് ആശുപതിയിലാണ്. സംഭവത്തില്‍ കിളിമാനൂര്‍ പൊലീസ് കേസെടുത്തു.