കാൻ ചലച്ചിത്രമേളയിൽ ചരിത്രം സൃഷ്ടിക്കാനിരുങ്ങി മാത്തി ഡി ഓപ്

കാൻ ചലച്ചിത്രമേളയിൽ പാം ദോർ പുരസ്കാരം നേടുന്ന ആദ്യ കറുത്ത വനിതയായി മാത്തി ഡി ഓപ് മാറിയേക്കാം. മേളയിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച മാത്തിയുടെ ‘അറ്റ്ലാന്റിക്സ്’ എന്ന ഫ്രഞ്ച്-സെനഗലീസ് ചിത്രത്തിന്റെ സംവിധായികയാണ് മാത്തി. ലോകസിനിമയിലെ ഏറ്റവും ഉന്നത പുരസ്കാരമാണ് പാം ദോർ.

വേറിട്ട അനുഭവമെന്നാണ് മറ്റ് സംവിധായകർ അറ്റ്ലാന്റിക്സിനെ വിശേഷിപ്പിച്ചത്. മാജിക്കൽ റിയലിസത്തിലാണ് സിനിമയുടെ സഞ്ചാരം.ചൂഷണത്തിനിരയായ തൊഴിലാളികളുടെ കുടിയേറ്റത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

സ്വന്തം ജീവിതാനുഭവങ്ങൾ ചിത്രത്തിൽ കലരാതിരിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും തൻറെ വ്യക്തിജിവിതത്തോട് അടുത്തു നിൽക്കുന്നതാണ് ചിത്രമെന്നും, സ്വയം കണ്ടെത്തലാണെന്നും മാത്തി പറഞ്ഞു.

പാരീസിലെ ഒരു സംഗീത കുടുംബത്തിലാണ് നടിയായ മാത്തിയുടെ ജനനം. അച്ഛൻ ജാസ് സംഗീതത്തിന്റെ നാടൻ ശൈലിയുടെ പ്രയോക്താവായിരുന്നു.1973ൽ കാനിൽ അവാർഡ് നേടിയ ‘ടൗക്കി ബൗക്കി’ എന്ന കുടിയേറ്റം പ്രമേയമാക്കിയ ചിത്രത്തിന്റെ അണിയറക്കാരനായിരുന്നു മാത്തിയുടെ അടുത്ത ബന്ധു.