കാസര്‍കോട് ഇരട്ടക്കൊലപാതകം; ഇ. ചന്ദ്രശേഖരൻറെ സന്ദര്‍ശനത്തെ അനുകൂലിച്ച്‌ കാനം രാജേന്ദ്രന്‍

കാസര്‍കോട്: കാസര്‍കോട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ റവന്യൂ മന്ത്രി സന്ദര്‍ശിച്ചതിനെ അനുകൂലിച്ച്‌ കാനം രാജേന്ദ്രന്‍. ഇ. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടവരുടെ വീട്ടില്‍ പോയതില്‍ തെറ്റില്ല. ജനപ്രതിനിധി എന്ന നിലയിലാണ് ചന്ദ്രശേഖരന്‍ അവിടെ പോയതെന്നും കാനം പറഞ്ഞു.

അതേസമയം, ശരത്ത് ലാലിന്റേയും കൃപേഷിന്റയും വീടുകള്‍ റവന്യൂ മന്ത്രി സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ച്‌ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ രംഗത്തെത്തിയിരുന്നു. സന്ദര്‍ശനം നല്ല സന്ദേശം നല്‍കുമെന്ന് പറയാനാകില്ല. ജില്ലയിലെ മന്ത്രി എന്ന നിലയില്‍ മന്ത്രിയുടെ സന്ദര്‍ശനം തെറ്റില്ലെന്നും വിജയ രാഘവന്‍ പറഞ്ഞു. കൂടാതെ ശരത്ത് ലാലിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഇന്നു രാവിലെയാണ് ഇ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ശരത്ത് ലാലിന്റേയും കൃപേഷിന്റേയും വീടുകളില്‍ സന്ദര്‍ശനം നടത്തിയത്. മന്ത്രിയുടെ ആശ്വാസ വാക്കുകള്‍ക്കിടെ ശരത്തിന്റെ അച്ഛന്‍ സത്യാനാരായണന്‍ പൊട്ടിത്തെറിച്ചു. ‘ സംരക്ഷണം കൊടുക്കേണ്ട സര്‍ക്കാരാണ് ജീവനെടുത്തത്. പാര്‍ട്ടിക്കാരാണ് ഗൂഢാലോചന നടത്തിയത്. മനശാന്തി കിട്ടണമെങ്കില്‍ പ്രതികള്‍ക്ക് ശിക്ഷ കിട്ടണം. ഇന്നോ ഇന്നലെയോ തുടങ്ങിയ ഗൂഢാലോചനയല്ല, കുഞ്ഞുങ്ങള്‍ എന്ത് തെറ്റ് ചെയ്തു. അവനൊരു ക്രിമനല്‍ ഒന്നും അല്ല. പീതാംബരന്റെ തലയ്ക്ക് കുറ്റമിടാനാണ് ശ്രമിക്കുന്നത്. സിബിഐ വന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാകുമോ ?’എന്നും സത്യനാരായണന്‍ മന്ത്രിയോട് ചോദിച്ചു.

സര്‍ക്കാര്‍ പ്രതിനിധിയായിട്ടാണ് തന്റെ സന്ദര്‍ശനമെന്ന് മന്ത്രി അറിയിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹം കാസര്‍കോട്ട് എത്തിയത്. കൊലപാതക രാഷ്ട്രീയത്തെ എല്ലാവരും തള്ളണമെന്ന് കൃപേഷിന്റെ വീട്ടിലെത്തിയ മന്ത്രി പറഞ്ഞു. രാഷ്ട്രീയമായ തര്‍ക്കം ആളുകള്‍ തമ്മിലുള്ളപ്പോള്‍ അത് പറഞ്ഞ് പരിഹരിക്കേണ്ടതായിരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.