കാശ്‌ കൊടുത്തിട്ടല്ലേ സാധനം വാങ്ങുന്നത്‌ ഇനി ചിരിക്കുകേം വേണോ എന്നാണോ?

ഡോ. ഷിംന അസീസ്

ഇന്നലെ ഹോസ്‌പിറ്റലിൽ നിന്നിറങ്ങി വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിലേക്കാണ്‌ നേരെ പോയത്‌. സാധനങ്ങൾ എടുക്കുന്നതിനിടയിൽ എണ്ണ വെച്ചിരിക്കുന്ന സെക്ഷനിൽ പുതിയ ബ്രാൻഡ്‌ Corn oil വെച്ചിരിക്കുന്നിടത്ത്‌ ആ പ്രൊഡക്‌ട്‌ പരിചയപ്പെടുത്താൻ 10-17 വയസ്സുള്ള ഒരു കൊച്ചു പയ്യൻ നിൽപുണ്ട്‌.

അവൻ ഈ സംഗതി ഒന്ന്‌ കൊണ്ട്‌ പോയി നോക്കൂ എന്ന്‌ വിനയപുരസരം ഒരു കസ്‌റ്റമറോട്‌ പറയുന്നു. “അയ്‌ന്‌ എനിക്ക്‌ കൊണ്ടോവേണ്ടത്‌ സൺഫ്ലവർ ഓയിലാണെടോ” എന്ന്‌ അവനോട്‌ ഒച്ചയിടുന്ന അയാളെയാണ്‌ പിന്നെ കാണുന്നത്‌. അവന്റെ മുഖം പെട്ടെന്ന്‌ വാടി. അവന്റെ കൺവെട്ടത്ത്‌ നിന്ന്‌ വേഗം മാറി നിൽക്കാനാണ്‌ തോന്നിയത്‌, മറ്റൊരാളത് കണ്ടെന്ന വിഷമം കൂടി വേണ്ടല്ലോ.

അതേയിടത്ത്‌ മുൻപൊരിക്കൽ ഇതേ പ്രായമുള്ള ഒരു ഡിഗ്രി വിദ്യാർത്‌ഥി അവന്റെ അമ്മ ഉണ്ടാക്കുന്ന അച്ചാറുകൾ പരിചയപ്പെടുത്താൻ ഇരിക്കുന്നുണ്ടായിരുന്നു. നന്നായി സംസാരിക്കുന്ന ഒരു മിടുക്കൻ. പെരുന്നാളിന്‌ വീട്ടിൽ കാശ്‌ കൊടുക്കാനും പുത്തൻ വസ്‌ത്രം വാങ്ങാനും ട്രിപ്പ്‌ പോവാനുമൊക്കെ ഇത്തരത്തിൽ എക്‌സ്‌ട്രാ ടൈം ജോലി ചെയ്യുന്നവരാണ്‌ പലരും. വഴിയോരത്ത്‌ പരദൂഷണം പറഞ്ഞ്‌ ഈച്ചയാട്ടി ഇരിക്കുന്നവൻമാരാണ്‌ ഇവരെ കടയിൽ കാണുമ്പോൾ ചാടിവീണ്‌ ഓവറാക്കുന്നതെന്നത്‌ അടുത്ത വിചിത്രസത്യം.

തുണിക്കടയിലൊക്കെ ഇതേ കണക്ക്‌ നിൽക്കുന്ന സ്‌റ്റാഫിന്‌ ക്ഷമക്കുള്ള നൊബേൽ സമ്മാനത്തിന്‌ തീർച്ചയായും പരിഗണിക്കേണ്ടതുണ്ട്‌. കാര്യം സ്‌കൂൾ തുറക്കലും പെരുന്നാളും ഒക്കെ ഒന്നിച്ചാണ്‌. ഡ്രസെടുക്കാൻ പന്ത്രണ്ട്‌ പേര്‌ ഒന്നിച്ച്‌ പോയി പതിമൂന്ന്‌ അഭിപ്രായം പറഞ്ഞ്‌ പതിനാലാമത്തെ അഭിപ്രായത്തിന്‌ ഫോട്ടോയെടുത്ത്‌ വാട്ട്‌സ്ആപ്പിൽ ഫോട്ടോ അയച്ച്‌… ആ വരിയിലുള്ളത്‌ മൊത്തം വലിച്ചിട്ട്‌… പലപ്പോഴും ജനബാഹുല്യം മാനേജ്‌ ചെയ്യാനായി നിയമിച്ച പാർട്‌ടൈം ജോലിക്കാർക്ക്‌ ശാരീരികവും മാനസികവുമായി ഇത്‌ വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്‌.

എന്ത് വാങ്ങാനാണ്‌ പോകുന്നത്‌ എന്നൊന്ന്‌ പ്ലാൻ ചെയ്‌ത്‌ പോകുന്നത്‌ നന്നാകും. അയലോക്കത്തുള്ളവരേയും കുടുംബക്കാരെ മൊത്തവും കൂട്ടിപ്പോകാൻ അവിടെ എക്‌സിബിഷനും യന്ത്ര ഊഞ്ഞാലുമൊന്നുമില്ല. നമ്മൾ നോറ്റ അതേ നോമ്പാണ്‌ ആ സെയിൽസിലുള്ളവരും എടുത്തുകാണുക. മനുഷ്യത്വം, കരുണ തുടങ്ങിയ സാധനങ്ങൾ കുറേശ്ശെയാവാം…

ആ പിന്നേ, സാധനങ്ങൾ എടുത്ത്‌ തന്ന്‌ കഴിഞ്ഞാൽ ഒരു താങ്ക്‌ യൂ/ശരി, ട്ടോ അതുമല്ലെങ്കിൽ ഒരു ചിരി അവർക്കും കൊടുക്കാം. അവർക്ക്‌ അടുത്ത കുറച്ച്‌ പേർക്ക്‌ നല്ല സർവ്വീസ് കൊടുക്കാനുള്ള ഊർജം നമ്മുടെ ആ ജെസ്‌റ്ററിൽ നിന്ന്‌ കിട്ടും.

കാശ്‌ കൊടുത്തിട്ടല്ലേ സാധനം വാങ്ങുന്നത്‌ ഇനി ചിരിക്കുകേം വേണോ എന്നാണോ? നിങ്ങൾക്ക്‌ ഇഷ്‌ടമുള്ള സാധനങ്ങൾ എടുത്ത്‌ തരാത്ത, ചിരിക്കുകയോ മൈൻഡ്‌ ചെയ്യുകയോ ചെയ്യാത്ത കടയിൽ എത്ര കിടിലൻ സാധനമുണ്ടേലും പോകാൻ നിങ്ങളൊന്ന്‌ മടിക്കില്ലേ? ഒരു ചിരിയല്ലേ, ഒരു വഴിക്ക്‌ പോണതല്ലേ… ഒരു ചിലവുമില്ലാത്ത അതാകട്ടെ അവർക്കുള്ള നമ്മുടെ വിലമതിക്കാനാകാത്ത സമ്മാനം.