കാശ്മീർ വിഷയം: 24 മണിക്കൂറിനു ശേഷം രാഹുൽ ഗാന്ധി പ്രതികരിച്ചു

കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് രാജ്യസഭയില്‍ അവതരിപ്പിച്ച് 24 മണിക്കൂറിനു ശേഷം പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. കാശ്മീർ ബില്ലിൽ നിലപാട് തീരുമാനിക്കാൻ യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി കോൺഗ്രസ് എം.പിമാരുടെ യോഗം വിളിച്ചതിനു മുന്നോടിയായിട്ടാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം വരുന്നത്.

‘ഭരണഘടനയെ ലംഘിച്ചു കൊണ്ടും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ തടങ്കലിലാക്കിയും കശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറിക്കൊണ്ടുമല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടത്. ഈ രാജ്യം നിര്‍മിച്ചിരിക്കുന്നത് ജനങ്ങളെക്കൊണ്ടാണ് അല്ലാതെ ഓരോ തുണ്ട് ഭൂമിയും കൊണ്ടല്ല. ഭരണ നിര്‍വഹന അധികാരം ദുര്‍വിനിയോഗം ചെയ്യുന്നത് ദേശീയ സുരക്ഷയ്ക്ക് കല്ലറ തീര്‍ക്കുന്നത് പോലെയാണ്.’ രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞദിവസം രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ഉൾപ്പെടെയുള്ളവർ കേന്ദ്രനടപടിക്കെതിരെ പ്രതിഷേധമുയർത്തിയിരുന്നെങ്കിലും പാർട്ടിയിലെ പലനേതാക്കൾക്കും ബില്ലിനെ എതിർത്ത കോൺഗ്രസ് നിലപാടിനോട് യോജിപ്പ് ഉണ്ടായിരുന്നില്ല. രാജ്യസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് ഭുവനേശ്വർ കലിത ഇതിൽ പ്രതിഷേധിച്ചു പാർട്ടിവിടുന്നതായി പ്രഖ്യാപിച്ചിരുന്നു. കാശ്മീർ വിഷയത്തിൽ കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പ്രതികരിക്കാതിരുന്നത് നിലപാടിൽ വ്യക്തത ഇല്ലാത്തതു മൂലമാണ് എന്ന ആക്ഷേപവും ഉയർന്നിരുന്നു.