കാശ്മീരിലെ പോളിംഗ് ശതമാനം

വെള്ളാശേരി ജോസഫ്

2014 -ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ പോളിംഗ് രേഖപ്പെടുത്തിയത് കാശ്മീരില്‍ വളര്‍ന്നുവരുന്ന ജനാധിപത്യാവബോധത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ് നല്‍കിയത്. അഞ്ച് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ കൊടും തണുപ്പിനെ അവഗണിച്ച് പോളിംഗ് ബൂത്തിലെത്തിയത് 65.23 ശതമാനം വോട്ടര്‍മാരാണ്. പക്ഷെ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഷോപ്പിയാനിലും പുൽവാമയിലും വോട്ടിങ് ശതമാനം 2. 81 ശതമാനമായി കുറഞ്ഞു. ലഡാക്കിൽ 63 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോൾ ബാരാമുള്ളയിൽ 35 ശതമാനവും, തെക്കൻ കാശ്മീരിൽ 13.63 ശതമാനവും ആയിരുന്നു കണക്ക്.

കുൽഗാം ജില്ലയിലാവട്ടെ 10.3 ശതമാനം ജനങ്ങൾ മാത്രമേ വോട്ട് രേഖപ്പെടുത്തിയുള്ളൂ. കാശ്മീർ താഴ്വരയിൽ 2014-ൽ 56.49 ശതമാനം പേര് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തപ്പോൾ 2019 ആയപ്പോൾ അത് 22.5 ശതമാനമായി ചുരുങ്ങി. ചുരുക്കം പറഞ്ഞാൽ ഒരു ‘പൊളിറ്റിക്കൽ പ്രോസസ്’ ഇപ്പോഴത്തെ ബി.ജെ.പി. സർക്കാരിന് കാശ്മീരിൽ ഇതുവരെ തുടങ്ങിവെക്കാൻ സാധിച്ചിട്ടില്ല. പഞ്ചാബിലും തമിഴ്നാട്ടിലും കോൺഗ്രസ്സ് സർക്കാരുകൾ പണ്ട് ശക്തമായി തീവ്രവാദത്തെ നേരിട്ടതാണ്. പക്ഷെ അതിനോടൊപ്പം കോൺഗ്രസ്സ് ഒന്നുകൂടി ചെയ്തു. അവിടെയൊക്കെ ‘പൊളിറ്റിക്കൽ പ്രോസസ്’ എന്നുള്ളതും തുടങ്ങിവെച്ചു. അതാണിപ്പോൾ കാശ്മീരിൽ കാണാത്തത്.

കശ്മീരിൽ പാകിസ്താൻറ്റെ കൈ കടത്തൽ ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. കഴിഞ്ഞ യു.പി.എ. ഒന്നിൻറ്റേയും, രണ്ടാം യു.പിഎ. – യുടെ സർക്കാരിൻറ്റെയും കാലത്ത് പലതും ചെയ്തു കാശ്മീരികളുടെ വിശ്വാസം ആർജിക്കാൻ കുറച്ചൊക്കെ കഴിഞ്ഞിരുന്നു. സമാധാന അന്തരീക്ഷം കൈ വന്നിരുന്നതും ആണ്. കഴിഞ്ഞ മോഡി സർക്കാർ ആണ് എല്ലാം തകിടം മറിച്ചത്. ബി.ജെ.പി.- യുടേയും, സംഘ പരിവാറിൻറ്റേയും പ്രവർത്തന രീതിക്കനുസരിച്ച് ഗുജറാത്തിൽ ചെയ്തത് പോലെ അടിച്ചൊത്തുക്കാമെന്ന് അവർ കരുതി. അവിടെയാണ് തെറ്റ് സംഭവിച്ചത്. ഉത്തരേന്ത്യയിലും ഗുജറാത്തിലും ഉള്ളപോലെ ദരിദ്രവാസികളായ മുസ്ലീങ്ങളല്ല കാശ്മീരിൽ ഉള്ളത്.

ഒരു വലിയ വിഭാഗം പ്രാദേശിക വാസികൾ ‘ഹൈ ഹാൻഡഡ്‌നെസ്സിനെ’ ചെറുക്കുമെന്ന് കേന്ദ്ര സർക്കാർ തിരിച്ചറിയാതെ പോയി. ബി.ജെ.പി. സർക്കാരിൻറ്റെ അവസരവാദപരമായുള്ള പി.ഡി.പി.-യുമായുള്ള കൂട്ടുകെട്ടാണ് കാര്യങ്ങൾ തകിടം മറിച്ചത്. ആ കൂട്ടുകെട്ട് ജനവിധിക്ക് എതിരായിരുന്നു. ആ അവസരവാദപരമായ കൂട്ടുകെട്ട് നിലവിൽ വന്നതിൽ പിന്നെ കാശ്മീരിൽ വിഘടന വാദം പതിൻമടങ് വർദ്ധിക്കുകയും കൂടുതൽ ആളുകൾ അതിലേക്ക് ആകർഷിക്കപെടുകയും ചെയ്തു. ഇനിയിപ്പോൾ കാശ്മീർ പ്രശ്നം പരിഹരിക്കാനായി വരാൻ പോകുന്നത് അമിത് ഷായുടെ നെത്ര്വത്ത്വത്തിലുള്ള നിയമ സഭാ/പാർലമെൻറ്റ് മണ്ഡലങ്ങളുടെ പുനർ നിർമിതി ആണ്. കാശ്മീരിൽ മണ്ഡലങ്ങൾ കുറച്ചും, ലഡാക്കിലും ജമ്മുവിലും മണ്ഡലങ്ങൾ കൂട്ടിയുമുള്ള പുനർ നിർമിതിക്കാണ് അമിത് ഷാ ലക്ഷ്യം വെക്കുന്നത്.

സംഘ പരിവാർ അമിത് ഷായെ ആഭ്യന്തരമന്ത്രിയാക്കിയതു തന്നെ കൃത്യമായ ലക്ഷ്യങ്ങളോടെയും പ്ലാനിങ്ങോടെയുമാണെന്നാണ് തോന്നുന്നത്. കാശ്മീരിന് പ്രത്യേക അവകാശങ്ങൾ കൊടുക്കുന്ന 370, 35 A എന്നിവ റദ്ദു ചെയ്തു കശ്മീർ ഇന്ത്യയിലെ മറ്റുള്ളത് പോലെ ഒരു സംസ്ഥാനമാക്കുക എന്നതാണ് അമിത് ഷാ ഏറ്റെടുത്തിരിക്കുന്ന പ്രധാന ദൗത്യം എന്നാണ് തോന്നുന്നത്. നേരത്തേ തന്നെ ഒരു ഇൻറ്റർവ്യൂവിൽ രാജ്യസഭയിൽ തങ്ങൾക്ക് ഭൂരിപക്ഷം കിട്ടിയാൽ 370, 35 A വകുപ്പുകൾ ഇല്ലാതാക്കും എന്ന് അമിത് ഷാ പറഞ്ഞിരുന്നു. പല സംസ്ഥാനങ്ങളിലും ഇപ്പോൾ ബി.ജെ.പി. ഭരണം ഉള്ളതുകൊണ്ട് രാജ്യസഭയിലും ബി.ജെ.പി.- ക്ക് ഭൂരിപക്ഷം കിട്ടാൻ ഇനി അധികം കാലതാമസം ഉണ്ടാകില്ല.

രണ്ടാമതായി അമിത് ഷാ പൗരത്ത്വ ബിൽ ആണ് ലക്ഷ്യം വെക്കുന്നതെന്ന് തോന്നുന്നു. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞു കയറ്റം എന്ന വിഷയം ഉന്നയിച്ച് ബംഗാളിലേയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുള്ളവരേയും മതപരമായി ഭിന്നിപ്പിക്കുക; അതിലൂടെ മമതാ ബാനർജിയെ രാഷ്ട്രീയമായി കെട്ടുകെട്ടിക്കലും ആണ് അമിത് ഷായുടെ അടുത്ത സുപ്രധാന ദൗത്യമെന്നും തോന്നുന്നു. പശ്ചിമ ബംഗാളിൽ അധികാരം പിടിക്കുക ആണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് ബി.ജെ.പി. വിജയിച്ചപ്പോൾ തന്നെ അമിത് ഷാ വ്യക്തമാക്കിയതാണ്. പൗരത്ത്വ ബിൽ കൊണ്ടു വരുന്നതിലൂടെ ഗുജറാത്ത്‌ കലാപം പോലെ ഒരു ബംഗാൾ കലാപവും ആണോ ബി.ജെ.പി. ലക്ഷ്യമിടുന്നത്??? കണ്ടറിയണം.

മൊത്തം സംസ്ഥാനത്തിൽ പാർലമെൻറ്റും നിയമസഭാ മണ്ഡലങ്ങളും ഏറെയുള്ള കാശ്മീരിനെ പുനസംഘടിപ്പിച്ചു കാശ്മീർ പ്രശ്നം പരിഹരിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് തോന്നുന്നത്. ജമ്മുവിനും ലഡാക്കിനും കൂടുതൽ പ്രാധാന്യം കൊടുത്ത് കാശ്മീർ പ്രശ്നം പരിഹരിക്കാനുള്ള അമിത് ഷായുടെ നീക്കം വിജയിക്കുമോയെന്ന് കണ്ടറിയേണ്ട കാര്യമാണ്. ജനങ്ങളെ വിശ്വാസത്തിൽ എടുക്കാത്ത ഏതു നീക്കവും പാളിയതാണ് ഇതുവരെ ജമ്മു ആൻഡ് കാശ്മീരിൽ കണ്ടിട്ടുള്ളത്. മോഡി സർക്കാരിൻറ്റെ കാശ്മീർ നയമാകട്ടെ ഇതുവരെ വലിയ പരാജയവുമാണ്.

ജമ്മുവിലും ലഡാക്കിലും തീവ്രവാദമില്ല എന്നുള്ളതാണ് സംഘ പരിവാറുകാരിൽ ചിലരൊക്കെ ഈ നിയമസഭ/പാർലമെൻറ്റ് മണ്ഡലങ്ങളുടെ പുനർ നിർമ്മിതിക്ക് പറയുന്ന ന്യായീകരണം. ആദ്യം അമിത് ഷായുടെ നെത്ര്വത്ത്വത്തിൽ ജമ്മു ആൻഡ് കാശ്മീരിൽ ഉള്ള മുഴുവൻ കോൺസ്റ്റിറ്റ്യുവൻസികൾ പുനർ നിർണ്ണയിക്കും. അതോടെ ജമ്മുവിലേയും ലഡാക്കിലേയും MLA-മാരുടേയും, എം.പി.-മാരുടേയും എണ്ണം കൂടും. ഇങ്ങനെ കശ്‍മീരിലെ വരും തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന കുറവിലൂടെ അമിത ഷാ എന്ന ആഭ്യന്തര മന്ത്രിക്ക് കാശ്മീർ പ്രശ്നം പരിഹരിക്കാനാകുമോ??? കണ്ടറിയണം. കാശ്മീർ മേഖലക്ക് മൊത്തം സംസ്ഥാനത്തിൽ പ്രാധാന്യം കുറക്കുകയും, ജമ്മു, ലഡാക്ക് മേഖലകൾക്ക് പ്രാധാന്യം കൂട്ടുകയും ചെയ്യുന്ന ഇത്തരം നയം ഒരുതരം കുറുക്കൻറ്റെ ബുദ്ധിയായിട്ടാണ് തോന്നുന്നത്. എന്തായാലും നോട്ടു നിരോധനം പോലെ അടുത്ത മണ്ടത്തരമാകാതിരുന്നാൽ മതിയായിരുന്നു ഈ മണ്ഡലങ്ങളുടെ പുനർ നിർണയം.

എന്തായാലും അമിത് ഷാ എന്ന സൂപ്പർ ആഭ്യന്തര മന്ത്രി വന്നപ്പോൾ തന്നെ കല്ലുകടി തുടങ്ങി കഴിഞ്ഞു. പ്രോട്ടോക്കോളിനെ ചൊല്ലി കേന്ദ്ര മന്ത്രി സഭയിലെ അംഗങ്ങളായ രാജ് നാഥ് സിങ്ങും അമിത് ഷായും തമ്മിലുള്ള തർക്കങ്ങളെ പറ്റിയുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങളിലെല്ലാം വന്നത്. പ്രോട്ടോകോളിനെ പറ്റി രണ്ടു അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭിക്കും. അതില്ലാതെ നോക്കുന്നത് നല്ലതാണ്. അമിത് ഷാ പാർട്ടി പ്രസിഡണ്ട് എന്ന നിലയിൽ കരുത്തു തെളിയിച്ച വ്യക്തിയാണ്. പക്ഷെ സർക്കാരിൽ വരുമ്പോൾ പല മന്ത്രിമാർ, അവരുടെ വകുപ്പുകൾ, പ്രോട്ടോകോൾ ഇവയൊക്കെ ഉണ്ട്. അനേകം അധികാര ധ്രുവങ്ങൾ വരുമ്പോൾ ഇപ്പോഴത്തെ കേന്ദ്ര സർക്കാരല്ല; എവിടെയാണെങ്കിലും പ്രശ്നങ്ങൾ ആരംഭിക്കും. എന്തായാലും അമിത് ഷായെ ആഭ്യന്തര മന്ത്രി ആക്കിയതിലൂടെ സംഘ പരിവാർ ആയിരിക്കും കാര്യങ്ങൾ നിയന്ത്രിക്കുക എന്നത് ഉറപ്പായി കഴിഞ്ഞു.