കാവ് തീണ്ടരുത്…

പുടയൂർ ജയനാരായണൻ

എത്ര മരം നട്ടാല്‍ നിങ്ങള്‍ക്ക് ഒരു സ്വാഭാവിക വനം ഉണ്ടാക്കാന്‍ കഴിയും? എത്ര പക്ഷികൾ നിങ്ങള്‍ നട്ടുണ്ടാക്കുന്ന മരങ്ങളില്‍ കൂടു കൂട്ടും?
എത്ര പാമ്പുകള്‍, എത്ര കീരികൾ, എത്ര ശലഭങ്ങൾ, എത്ര വണ്ടുകൾ, എത്ര തേനീച്ചകൾ, എത്ര പ്രാണികള്‍.. എത്ര കീടങ്ങള്‍ നിങ്ങളുണ്ടാക്കിയ കാടിനെ സമ്പന്നമാക്കും…? എത്ര തെളിനീരുറവകൾ നിങ്ങള്‍ സൃഷ്ടിക്കുന്ന വനത്തിൽ പിറവിയെടുക്കും..?

ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള, വടക്കൻ പറവൂരിലെ രണ്ടേക്കർ വിസ്തൃതിയുള്ള ശാന്തി വനം എന്ന കാവ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് തുടങ്ങിയിട്ട് ദിവസം കുറച്ചായി. എന്നാൽ അതിന്റെ ഗൗരവ സ്വഭാവം പിടി കിട്ടുന്നത് ഇന്ന് മാത്രമാണ്. KSEB ക്ക് ലൈൻ വലിക്കാൻ എന്ന പേരിൽ 35 സെന്റ് കാട് ഇതിനകം നശിപ്പിക്കപ്പെട്ടു കഴിഞ്ഞുവത്രേ. ഇനിയും ഏറെ പണി നടക്കുവാനുമുണ്ട് ശാന്തി വനത്തിൽ. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നുറച്ച് പറയുന്നു മന്ത്രി. അതായത് എന്ത് വില കൊടുത്തും വനനശീകരണം ഉറപ്പാക്കുമെന്ന് മന്ത്രി തന്നെ പ്രസ്താവിച്ചിരിക്കുന്നു..

Related image

ഈ വേനലിൽ കേരളം മരുഭൂമിയാകുന്നുവെന്ന മുറവിളികൾ നാം ഏറെ കേട്ടു കഴിഞ്ഞു. അയ്യായിരം വർഷം മുൻപ്‌ വന നിബിഡമായിരുന്നുവത്രേ രാജസ്ഥാൻ. അതേയിടം ഇന്ന് പ്രസിദ്ധം ഒരു മരുപ്രദേശമെന്ന നിലയ്ക്കാണ്. കേരളം മരുഭൂമിയാകുവാൻ ഇനി അധിക നാൾ വേണ്ടി വരില്ലെന്നുറപ്പാണു. ലോകമൊക്കെ പടർന്ന വ്യവസായ വിപ്ലവം കണ്ട് ഭ്രമിച്ച നമ്മൾ ആദ്യം കെടുത്തിയത് പാമ്പിൻ കാവിലെ ചെറു തിരി ദീപമാണ്. ആദ്യം വെട്ടിയത് കാവിലെ മരങ്ങളാണ്. ഇന്ന് കാടില്ല, കാവും. പാമ്പിൻ കാവുകൾ പാമ്പ് ചെല്ലാൻ മടിക്കുന്ന സിമന്റ് തേച്ച കെട്ടുകളായി. കാവിലെ പാഴ്ച്ചെടികൾ അത്ര പാഴ് ആയിരുന്നില്ലെന്ന് നമ്മൾ ഇനി എന്നാണ് തിരിച്ചറിയുക…?

Related image

ലോക പരിസ്ഥിതി ദിനമായ ജൂൺ 5 നു സംസ്ഥാന വ്യാപകമായി മുൻ വർഷങ്ങളിലേത്‌ മാതിരി ഒരിക്കൽക്കൂടി വൃക്ഷത്തൈ നടീൽ നാടകം അരങ്ങേറും. ക്യാമറകൾക്ക് മുന്നിൽ ലക്ഷക്കണക്കിന് വൃക്ഷത്തൈകൾ ഇക്കുറി വച്ചു പിടിപ്പിക്കും. വൃക്ഷത്തൈ വയ്ക്കുന്ന സെൽഫികളാൽ ഫേസ് ബുക്ക് നിറയും. സർക്കാർ സ്പോൺസേർഡ്‌ പ്രഹസനം വേറെയും അരങ്ങേറും. എം.എൽ.എമാരും, എം. പിമാരും, മന്ത്രിമാരും പെട്ടെന്ന് പരിസ്ഥിതി വാദികളാകും. എല്ലാവരും പടിത്തരം ചടങ്ങുകളോടെ വൃക്ഷ വൽക്കരണം പൂർത്തീകരിച്ച്‌ പൊടിയും തട്ടി പോകും. പിന്നെ ആ വഴിക്ക്‌ തിരിഞ്ഞ്‌ നോക്കുന്നത്‌ അടുത്ത പരിസ്ഥിതി ദിനത്തിലായിരിക്കും എന്നതാണ് തമാശ. കേരളത്തിലിന്നോളം സർക്കാരും, പരിസ്ഥിതി സംഘടനകളും ചേർന്ന് ഇതുവരെ വച്ചു പിടിപ്പിച്ച വൃക്ഷ തൈകൾ മുഴുവൻ ഇവിടെ വളർന്നിരുന്നു എങ്കിൽ കേരളം ഇതിനകം തന്നെ വലിയൊരു കൊടുങ്കാടായി മാറിയേനേ. ഇവിടുത്തെ മുഴുവൻ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും ഇതൊരു പരിഹാരമായേനെ.. പരിസ്ഥിതി ദിനത്തിൽ മാത്രം ഉണരുന്ന പാരിസ്ഥിതിക ബോധമാണ് നമ്മുടെ ശാപം.

Image result for forest kavu

ഒന്ന് ഓർക്കുക കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ വെട്ടിമാറ്റിയ വൃക്ഷങ്ങളുടെ എണ്ണം ഏതാണ്ട്‌ ഇരുപത്‌ ലക്ഷത്തോളം വരും എന്നാണു കണക്ക്‌. ഈ വേനലിൽ തീച്ചൂളയിൽ വെന്തുരുകിയ ഓരോ മലയാളിയും അൽപമെങ്കിലും വസ്തുതാപരമായി ചിന്തിക്കുന്നുവെങ്കിൽ ഇനിയവശേഷിക്കുന്ന ഒരു കാവും നശിക്കാതിരിക്കാൻ കൈകോർക്കുക. വടക്കൻ പറവൂരിലെ ശാന്തി വനത്തെയും, കണ്ണൂരിലെ നീലിയാർ കാവിനെയും പോലെ ഓരോ കാവിനെയും കാത്ത് രക്ഷിക്കുക.

Image result for forest kavu

ഈ ഘട്ടത്തിൽ ഭൂട്ടാൻ എന്ന ചെറു രാജ്യത്തെക്കുറിച്ച് പറയാതെ വയ്യ. ആഗോള താപനത്തിനെതിരെ ലോക രാജ്യങ്ങൾ കാർബൺ ന്യൂട്രൽ എന്ന് ലക്ഷ്യത്തിനു വേണ്ടി വാദിച്ചപ്പോൾ കാർബൺ ന്യൂട്ട്ട്രൽ അല്ല കാർബൺ ന്യെഗറ്റീവ്‌ ആണു ഞങ്ങൾ എന്ന് ഉറക്കെ പറയാൻ അവരെ പ്രാപ്തരാക്കിയത്‌ പാരിസ്ഥിതിക സംരക്ഷണത്തിനു അവർ ഉയർത്തിപ്പിടിച്ച വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകളായിരുന്നു. വന സംരക്ഷണമെന്നത് ഭരണഘടനയിലെ സുപ്രധാനമായ നിയമ സംവിധാനമാണ് അതിനവരെ പ്രാപ്തരാക്കിയത്.. ഇനി ഈ വീഡിയോ കാണുക. ഭൂട്ടാൻ നടപ്പാക്കിയ പ്രവർത്തനങ്ങൾ കേൾക്കുക…