കാവുകൾ, ജൈവവൈവിധ്യ കലവറകൾ

അജയകുമാർ

കാവ് എന്ന പദത്തിന് , മരക്കൂട്ടം ,ഉദ്യാനം, ഭദ്രകാളി ക്ഷേത്രം ,കാട്, മതിൽ, നെറ്റിയിലെ കറുപ്പ് അടയാളം ,എന്നൊക്കെയാണ് അർത്ഥം. എന്നാൽ ഈ പദവും അത് വെളിവാക്കുന്ന അർത്ഥവും കേരളത്തിലെ ജൈവവൈവിധ്യത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. കേരളത്തിൽ ബുദ്ധമതത്തിന്റെ വളരെ വേഗത്തിലുള്ള പ്രചാരണം കാവുകളുടെ രൂപീകരണത്തിന് കാരണമായിത്തീർന്നു. അതികഠിനമായ ചര്യകൾ അനുഷ്ഠിച്ചിരുന്ന ബുദ്ധ സന്യാസികൾ ഉണ്ടിരുന്നതും ഉറങ്ങിയിരുന്നതും തുറസ്സായ സ്ഥലങ്ങളിൽ ആയിരുന്നു. അങ്ങനെ ബുദ്ധ ഭിക്ഷുക്കളുടെ വിശ്രമ ശയന സങ്കേതങ്ങൾ ആയിരുന്ന പഴയകാല ഉദ്യാനങ്ങളാണ് പിൽക്കാലത്ത് ആരാധനാ കേന്ദ്രങ്ങൾ ആയി പരിണമിച്ചത്.

പ്രധാനമായും വർണ്ണ വ്യവസ്ഥിതിക്ക് പുറത്തുള്ളവരും ബുദ്ധമതാനുയായികളും ആയിരുന്ന വർക്കുള്ള തുറന്ന ഒരു ആരാധനാ സങ്കേതമായിരുന്നു കാവുകൾ. കേരളത്തിലെ ദ്രാവിഡ ദേവതകളായ കാളി, വേട്ടക്കൊരുമകൻ, അയ്യപ്പൻ,നാഗത്താൻ, തുടങ്ങിയ ദേവതകളുടെ ആരാധന സങ്കേതമായി ഇവ മാറി. കാവുകളെ തന്നെ സർപ്പക്കാവുകൾ ശാസ്താം കാവുകൾ കാളി കാവുകൾ എന്നിങ്ങനെ വേർതിരിക്കാം.

കാവുകൾ അധികവും കുളത്തോട് കൂടിയവയാണ്. അവ എത്രത്തോളം ജൈവവൈവിധ്യങ്ങളുടെ കലവറയായിരിക്കുന്നു എന്ന് പരിശോധിച്ചാൽ നമ്മൾ അത്ഭുതപ്പെട്ടുപോകും. വിഭിന്ന ജാതിയിൽപ്പെട്ടതും മറ്റു നാട്ടു പ്രദേശങ്ങളിൽ കാണാത്തതുമായ വളരെയധികം വൃക്ഷങ്ങൾ കാവുകളിൽ ഉണ്ടായിരുന്നു .താടി നീട്ടി വളർത്തിയിരിക്കുന്ന ആൽ വൃക്ഷങ്ങളും , മാദക മണമുള്ള ഏഴിലമ്പാലയും, നിർഗുണമായ പുന്നയും, ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന കരിമ്പനകളും. ചെമ്പട്ട് വിരിക്കുന്ന വാകമരങ്ങളും, ഔഷധ വൃക്ഷങ്ങൾ ആയ വേപ്പും കൂവളവും, ചേരും ഞാവലും ഒക്കെ ഇതിൽപ്പെടുന്നു. ചെറു ചെടികളായ മുക്കുറ്റി, കരിനൊച്ചി ,എരുക്ക്, വള്ളിച്ചെടികൾ ആയ ശതാവരി കൊഴിഞ്ഞിൽ, ഓടവള്ളി, കുന്നി ചുണ്ണാമ്പ് പള്ളി, മറ്റു ധാരാളം വള്ളികളും ഇവിടെയുണ്ട് . കൂടാതെ ആടലോടം, ചക്രത്തകര, മുരുക്ക് ,അശോകം ,ആവണക്ക്, മുൾച്ചെടികൾ എന്നിവയും കാവിൻറെ സസ്യ വൈവിധ്യത്തിൽ പെടുന്നുണ്ട്.

ജീവികളുടെ ഒരു വൈവിധ്യ കലവറ കൂടി അവിടെ ഉണ്ട്. കുരങ്ങൻ, മരപ്പട്ടി, മുള്ളൻപന്നി. കാട്ടുപൂച്ച, കീരി, പാമ്പ്, എലി, പഴുതാര ,ഓന്ത് ,അരണ ,കടന്തൽ, നിർദോഷിയായ മറ്റു ചെറുകീടങ്ങൾ എല്ലാം തന്നെ ജീവികളുടെ ലോകം വൈവിധ്യ പൂർണമാകുന്നു. തെറ്റി ,മന്ദാരം ,കാട്ടുതുളസി മറ്റ് പാഴ് ചെടികൾ എന്നിവ ഷഡ്പദങ്ങൾക്ക് വിരുന്നൊരുക്കുന്നു. കാവുകളോട് ചേർന്ന കുളങ്ങൾ അതിനടുത്ത നിലങ്ങളെ ജല സമ്പുഷ്ടമാക്കുന്നു. അതോടൊപ്പം അവ കാരി ,വരാൽ ,പള്ളത്തി ,മാനത്തുകണ്ണി നീർക്കോലി തുടങ്ങിയ ജീവികളുടെ ആവാസ കേന്ദ്രവും കൊറ്റികളുടെയും ആശ്രയവുമാണ്.

കൂടാതെ കൂകി വിളിക്കുന്ന കുയിലും അമർത്തി മൂളുന്ന മൂങ്ങയും തത്തകളും മറ്റു കിളികളും ശബ്ദമയമാക്കുന്നു. അങ്ങനെയുള്ള ഒരു വൈവിധ്യ കലവറയാണ് കാവുകൾ കേരളത്തിലെ ഇന്നത്തെ കാവുകളുടെ അവസ്ഥയെക്കുറിച്ച് നോക്കുമ്പോൾ വളരെ ദുഃഖകരമാണ്. 110 ഏക്കർ വിസ്തൃതിയുണ്ടായിരുന്ന കാസർകോട് ജില്ലയിലെ കമ്മാടം കാവ് ഇപ്പോൾ 54. 76 ഏക്കർ വിസ്തൃതിയുള്ള ഒരു കാവായി മാറിയിരിക്കുന്നു. ബാക്കി ഭൂമി കയ്യേറ്റക്കാർ കൊണ്ടുപോയി എങ്കിലും ഏഷ്യയിലെതന്നെ ഏറ്റവുംവലിയ കാവാണ് ഇത്. കേരളത്തിലാകെ കാവുകൾ വ്യാപിച്ചുകിടക്കുന്നു. അതിൽ 57 ശതമാനവും 5 സെൻറിൽ താഴെ വിസ്തൃതിയുള്ളതാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കാവുകൾ ഉള്ള ജില്ല ഏറ്റവും ചെറിയ ജില്ലയായ ആലപ്പുഴയാണ്. ആലപ്പുഴയിൽ 1128 കാവുകളുണ്ട്. ആലപ്പുഴയിലെ കാവുകളിലെ ജൈവവൈവിധ്യ പഠനത്തിൽനിന്നും അവയിൽ 687 പുഷ്പിക്കുന്ന സസ്യങ്ങളുണ്ട് എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.

ഇതോടൊപ്പംതന്നെ മറ്റു കുറച്ചു കാവുകൾ ക്ഷേത്രങ്ങളായി പരിണമിക്കുകയും ചെയ്തിട്ടുണ്ട് അവയിൽ പ്രധാനപ്പെട്ടവയാണ് ആര്യങ്കാവ്, കോട്ടയത്തെ പള്ളിപ്പുറത്തുകാവ് പനയന്നൂർകാവ് പനച്ചിക്കാവ് വേട്ടക്കൊരുമകൻകാവ് ചിറ്റൂർ കാവ് മണ്ണാറശാല തുടങ്ങിയവ. അങ്ങനെ കാവ് ഇന്നും നാടിൻറെ പ്രാണനും ശ്വാസകോശവും ജൈവവൈവിധ്യത്തിന്റെ പരിച്ഛേദമായി തുടരുന്നു.