‘കാല്‍ചിലമ്പ്’ തിയേറ്ററുകളിലേക്ക്

തെയ്യം പ്രമേയമായി ഒരുക്കിയ ചിത്രം ‘കാല്‍ചിലമ്പ്’ തിയേറ്ററുകളിലേക്ക്. തെയ്യം കലാകാരന്മാരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയ  പ്രണയകഥയാണ് ചിത്രം പറയുന്നത്. വിനീതും സംവൃത സുനിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം എട്ടുവര്‍ഷം മുമ്പ് 2010ല്‍ ഇന്ത്യന്‍ പനോരമയിലായിരുന്നു ആദ്യമായി പ്രദര്‍ശിപ്പിച്ചത്.

തെയ്യത്തെ ആത്മാവോളം സ്നേഹിച്ച കണ്ണന്‍ എന്ന തെയ്യം കലാകാരനായാണ് വിനീത് എത്തുന്നത്. ഈ കലാരൂപത്തിനു വേണ്ടി വിവാഹം പോലും കഴിക്കാതെ ജീവിക്കുന്നവനാണ്. എന്നാല്‍ ചിറക്കല്‍ കോവിലകം ക്ഷേത്രത്തില്‍ കാരണവരുടെ പകരക്കാരനായി തെയ്യം അവതരിപ്പിക്കാന്‍ കണ്ണന്‍ എത്തുകയും അവിടുത്തെ കാര്‍ത്തിക തമ്പുരാട്ടിയായി പ്രണയത്തിലാവുകയും ചെയ്യുന്നു. വ്രതശുദ്ധിയും ഉപാസനയുമെല്ലാം കണ്ണന് നഷ്ടമാകുന്നു.

ഉയര്‍ന്ന ജാതിയില്‍ പെട്ട കാര്‍ത്തിക തമ്പുരാട്ടിയും, താഴ്ന്നവരെന്നു പറഞ്ഞ് അടിമകളെ പോലെ ജീവിക്കാന്‍ വിധിക്കപ്പെട്ട കുലത്തിലെ കണ്ണനും തമ്മിലുള്ള പ്രണയത്തിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. നവാഗതനായ എം.ടി അന്നൂരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സായ് കുമാര്‍, മോഹന്‍ ശര്‍മ്മ, മധുപാല്‍, ശ്രീരാമന്‍, മാള, നാരായണന്‍ നായര്‍, അഗസ്റ്റിന്‍ എന്നി വരും ചിത്രത്തിലുണ്ട്. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് വിനീത് എത്തുന്നത്.