കാലിക്കോ അഥവാ കോഴിക്കോടിന്റെ സ്വന്തം ബ്രാന്‍ന്റഡ്‌ തുണി

അബ്ദുള്ള ബിൻ ഹുസൈൻ പട്ടാമ്പി

ഒരുകാലത്ത്‌ യൂറോപ്പിലും തുർക്കിയിലും ഇറാഖ്‌, ഈജിപ്ത്‌ ,യമൻ തുടങ്ങിയ അറബ്‌ നാടുകളിലെ നഗരങ്ങളിലെ മാർക്കറ്റുകളിലും വളരെ പ്രസിദ്ദിയോടെ വിൽക്കപ്പെട്ടിരുന്ന ഒരു തുണിയുണ്ടായിരുന്നു. കോഴിക്കോട്ടെ നെയ്ത്തുശാലകളിൽ നെയ്തെടുത്ത്‌ വിവിധനിറങ്ങൾ നൽകി ചിത്രപ്പണികൾ ചെയ്ത കാലിക്കോ തുണികൾ.

അറബ്‌ വണിക്കുകളും യൂറോപ്പ്യൻ വ്യാപാരികളും വളരെയേറെ വിലമതിച്ചിരുന്ന കോഴിക്കോടിന്റെ സ്വന്തം ബ്രാന്റായിരുന്നു ഈ തുണി. ചായം മുക്കാത്ത, കട്ടിയുളള പരുപരുത്ത കോട്ടൺ തുണിമുതൽ ആകർഷകമായ നിറങ്ങളും ഡിസൈൻ വർക്കുകളും തുടങ്ങി എംബ്രോയിഡറി ചെയ്ത തുണികൾ വരെ കോഴിക്കോട്ടെ തുണിത്തറികളിൽ നെയ്തെടുത്തിരുന്നു. ബഗ്ദാദിലെ പുരാതന മാർക്കറ്റുകളിൽ ഒന്നായിരുന്ന ഇന്ത്യൻ തെരുവിൽ ( സൂഖ്‌ ഹിന്ദ്‌‌ ) വിൽക്കപ്പെട്ടിരുന്ന ഉൽപ്പന്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഈ കാലിക്കോ തുണി എന്ന് പറയുമ്പോൾ ഇതിന്റെ പ്രസിദ്ദി നമുക്ക്‌ മനസ്സിലാക്കാൻ കഴിയും.

ചൈനയുടെ പട്ട്‌ തുണി പോലെ ലോക കമ്പോളങ്ങളിൽ വളരെ പ്രസിദ്ദിയാർജ്ജിച്ച ഒരു തുണിയായിരുന്നു കാലിക്കോ ഫാബ്രിക്ക്‌. ഇബ്ൻ ബതൂത്തയടക്കം നിരവധി ലോകസഞ്ചാരികൾ ഈ തുണിയെ പറ്റി വിവരിച്ചിട്ടുണ്ട്‌. താൻ ബസ്ര നഗരത്തിൽ ചെന്നപ്പോൾ അവിടെ കാലിക്കോ തുണികൾ മാത്രം വിൽക്കുന്ന കടകൾ കണ്ടതായി ബതൂത്ത രേഖപ്പെടുത്തിയിട്ടുണ്ട്‌.

വിവിധ നിറങ്ങളിൽ പുഷ്പങ്ങളുടെ ചെറുരൂപത്തിലുളള ചിത്രങ്ങൾകൊണ്ടാണ് കാലിക്കോ തുണികൾ അലങ്കരിച്ചിരുന്നത്‌. ഇത്‌ തന്നെയായിരുന്നു ആ തുണിയുടെ പ്രത്യേകതയും. വലിയ തടിക്കഷ്ണങ്ങളിൽ പൂക്കളുടേയും ഇലകളുടേയും ചിത്രങ്ങൾ ആലേഖനം ചെയ്ത്‌ നിറം പിടിപ്പിച്ച്‌ തുണിയിൽ അച്ചടിക്കുകയായിരുന്നു ആദ്യകാലങ്ങളിൽ ചെയ്തുവന്നിരുന്നത്‌. എന്നാൽ പിന്നീട്‌‌ ഇതിന് മാറ്റങ്ങൾ വന്നു. ഏറെ കൗതുകരമായ സംഭവം , ഫാബ്രിക്‌ ഡിസൈനിംഗിൽ ചെറിയ പൂക്കൾ പ്രിന്റ്‌ ചെയ്യുന്ന രീതിക്ക്‌‌ ‌ ഇന്നും പറയുന്ന പേര് കാലിക്കോ പ്രിന്റിംഗ്‌ എന്നുതന്നെയാണ്.

പോർച്ചുഗീസുകാരാണ് ആദ്യമായി ഈ തുണിയെ കാലിക്കോ എന്ന് വിളിച്ചത്‌. അവർ വരുന്നതിന് മുന്നെ ഈ തുണി ഏത്‌ പേരിലാണ് അറിയപ്പെട്ടിരുന്നതെന്ന് ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. ബതൂത്തയടക്കമുളള ലോകസഞ്ചാരികൾ ഈ തുണിയെ കാലിക്കൂത്തിലെ തുണി എന്ന് മാത്രമാണ് വിളിച്ചിരിക്കുന്നത്‌.

വാസ്കോ ഡി ഗാമയും സംഘവും സാമൂതിരി രാജാവിനെ അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ ചെന്ന് കണ്ടപ്പോൾ ഗാമ തിരുമുൽകാഴ്ച്ചയായി സാമൂതിരിക്ക്‌ നൽകിയ വസ്തുക്കളിൽ യൂറോപ്പിൽ നെയ്തെടുത്ത കുറച്ച്‌ തുണികളും ഉണ്ടായിരുന്നു. എന്നാൽ ഗാമ സമ്മാനിച്ച മറ്റു വസ്തുക്കൾ പോലെ തന്നെ ഏറ്റവും താഴ്‌ന്ന നിലവാരത്തിലുളള ഒന്നായിരുന്നു ആ തുണിയും. ആ തുണികളിലൊന്നെടുത്ത്‌ സാമൂതിരിയുടെ പ്രാധാനമന്ത്രിയായ തലപ്പണ്ണ നമ്പൂതിരി കൊട്ടാരത്തിലെ തൂപ്പുകാർക്ക്‌ നിലം തുടക്കാൻ കൊടുത്ത സംഭവം പ്രസിദ്ദമാണ്. അത്രക്ക്‌ ഗുണനിലവാരം കുറഞ്ഞതായിരുന്നുവത്രെ അക്കാലത്ത്‌ യൂറോപ്പിൽ നിർമ്മിച്ചിരുന്ന തുണികൾ.

ആദ്യകാല സഞ്ചാരികൾ സാമൂതിരിയെ പരിചയപ്പെടുത്തുന്നത്‌ കാലിക്കോ തുണികൊണ്ട്‌ നാണം മറച്ച അർദ്ദനഗ്നനായ സാമൂതിരിയെയാണ്. അത്പോലെ പ്രസിദ്ദയായ ഉമയമ്മ റാണിയെ സന്ദർശിച്ച വില്യം വാൻ ന്യൂഹോഫ്‌ എന്ന ഡച്ച്‌ പ്രതിനിധി, റാണിയുടെ വസ്ത്രധാരണത്തെ പറ്റി ‘അരയിൽ ചുറ്റിയിരുന്ന ഒരു കാലിക്കോ തുണിയിലധികം വരില്ല, മുകൾ വശം ഏകദേശം മുഴുവൻ നഗ്നമാണ്, മറ്റൊരു കഷ്ണം കാലിക്കോ തുണി അശ്രദ്ദമായി അവരുടെ തോളിനെ ചുറ്റി അണിഞ്ഞിരുന്നു…’ എന്നിങ്ങനെയാണ് അദ്ദേഹം വിവരിക്കുന്നത്‌.

CE 1700കളിൽ ബ്രിട്ടനു തലവേദനയായിരുന്ന ഒരു കടൽ കൊളളക്കാരനെ പറ്റിയുളള വിവരണങ്ങൾ കാണാം. CE 1720ൽ ബ്രിട്ടീഷ്‌ നാവിക സേനയുടെ പിടിയിലായ കാലിക്കോ ജാക്ക്‌ എന്നറിയപ്പെട്ടിരുന്ന ആ കടൽകൊളളത്തലവനെ ബ്രിട്ടൻ തൂക്കിക്കൊല്ലുകയായിരുന്നു. അയാൾ ധരിച്ചിരുന്ന കാലിക്കോ വസ്ത്രമാണ് കാലിക്കോ ജാക്ക്‌ എന്ന പേര് അയാൾക്ക്‌ നേടിക്കൊടുത്തത്‌.

കോഴിക്കോടിന്റെ പ്രസിദ്ദമായ കാലിക്കോ തുണി വ്യവസായവും കയറ്റുമതിയും നശിപ്പിച്ചത്‌ ബ്രിട്ടീഷുകാരാണ്. ഇത്‌ ബ്രിട്ടനിലേക്ക്‌ കയറ്റുമതി ചെയ്യുന്നതും അവിടെ വിൽക്കുന്നതും തടഞ്ഞ്‌കൊണ്ട്‌ ബ്രിട്ടീഷ്‌ പാർലമന്റ്‌ നിയമം പോലും പാസാക്കുകയുണ്ടായി. കാലിക്കോ ആക്ട്‌ എന്നാണ് ആ നിയമം അറിയപ്പെട്ടത്‌. തുടർന്ന് ബ്രിട്ടീഷുകാർ ഇന്ത്യയിൽ ബ്രിട്ടീഷ്‌ , യൂറോപ്യൻ നിർമ്മിത തുണിത്തരങ്ങൾ ഇറക്കുമതി ചെയ്ത്‌ തുടങ്ങിയതോടെ കാലിക്കോയുടെ അധോഗതിയും തുടങ്ങി. ഉൽപ്പാദനവും കയറ്റുമതിയും നിലച്ചതോടെ 1700കളുടെ അവസാനത്തോടെ കാലിക്കോ കുറ്റിയറ്റ്‌ പോവുകയുമുണ്ടായി. ഇന്ന് ലണ്ടനിലെ പ്രശസ്തമായ വിക്ടോറിയ ആന്റ്‌ ആൽബർട്ട്‌ മ്യൂസിയത്തിൽ പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ച്‌ ഡിസൈൻ ചെയ്ത ഒരു കോഴിക്കോടൻ കാലിക്കോ തുണി പ്രദർശിപ്പിച്ചിട്ടുണ്ട്‌.