കാലാവസ്ഥയും വ്യോമാക്രമണങ്ങളും

ഋഷി ദാസ്. എസ്സ്

ആദ്യകാല പോർവിമാനങ്ങൾ എല്ലാം തന്നെ പകൽ സമയത്തു മാത്രം പ്രവർത്തനം നടത്താൻ കഴിവുള്ളവയായിരുന്നു . രണ്ടാം ലോക മഹായുദ്ധ കാലത്താണ് എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കാൻ കഴിയുന്ന പോർവിമാനങ്ങൾ രംഗ പ്രവേശനം ചെയുന്നത് .

ഇലക്ട്രോണിക് ഗതിനിർണയ രീതികൾ ഉപയോഗിച്ച് ലക്ഷ്യത്തിൽ എത്തുകയും ലക്ഷ്യങ്ങളുടെ കോർഡിനേറ്റുകൾ കണക്കാക്കി ബോംബ് ചെയ്യുകയും ചെയ്യുന്ന പോർവിമാനങ്ങളും ബോംബറുകളും രണ്ടാം ലോക മഹായുദ്ധത്തിന്റെ സംഭാവനയാണ് . രാത്രി യുദ്ധത്തിന് പൂർണ്ണമായും സജ്ജമായിരുന്ന നൈറ്റ് ഫൈറ്ററുകളും നൈറ്റ് ബോംബറുകളും രണ്ടാം ലോക മഹായുദ്ധകാലത്തു വിന്യസിക്കപ്പെട്ടിരുന്നു.

റഡാറുകളെ വെട്ടിക്കാൻ ഏറ്റവും എളുപ്പമായ മാർഗ്ഗം കഴിയുന്നത്ര താഴ്ന്നു പറക്കുക എന്നതാണെന്ന് കണ്ടുപിടിക്കപ്പെട്ടത് അൻപതുകളിലായിരുന്നു .

ഭൗമ റഡാറുകളിൽ ക്ളറ്റെർ ( clutter)എന്ന ഒരു പ്രശനമുണ്ട് . ഭൗമോപരിതലത്തിലെ വസ്തുക്കളിൽ നിന്നും പ്രതിഫലിച്ചു വരുന്ന റഡാർ തരംഗങ്ങൾ തീർക്കുന്ന പ്രശ്‌നമാണ് ക്ളറ്റെർ . അമ്പതു മീറ്ററിൽ താഴെ ഉയരത്തിൽ പറക്കുന്ന ഒരു പോർവിമാനത്തെ ഒരു ഭൗമ റഡാർ കൊണ്ടും വളരെ ദൂരെനിന്നും കണ്ടുപിടിക്കാൻ ആവില്ല . ക്ളറ്ററിനുള്ളിലായിരിക്കും അവയിൽ നിന്നും പ്രതിഫലിക്കുന്ന സിഗ്നലുകൾ . ഇങ്ങനെ താഴ്ന്നു പറക്കാൻ കഴിയുന്ന പോർവിമാനങ്ങൾ സാധാരണ ഡീപ് പെനിട്രേഷൻ സ്ട്രൈക്ക് പോർവിമാനങ്ങൾ എന്ന് ആണ് വിളിക്കുന്നത് .
നമ്മുടെ ജാഗ്‌വാർ പോര്വിമാനവും മിഗ് -27 ഉം ഈ ഗണത്തിൽ പെടും .

കനത്ത മൂടൽമഞ്ഞും മേഘങ്ങളും റഡാർ തരംഗങ്ങളെ ഒരു പരിധി വരെ പ്രതിഭലിപ്പിക്കും . പക്ഷേ വേഗതയുടെ അടിസ്ഥാനത്തിൽ ലക്ഷ്യങ്ങളെ തിരയാനുള്ള മൂവിങ് ടാർജറ്റ് ഇൻഡിക്കേഷൻ സംവിധാനങ്ങൾ ഇന്ന് എല്ലാ ആധുനിക റഡാർ സംവിധാനങ്ങളിലും ഉണ്ട് . മേഘ കവചത്തെ മറയാക്കി വരുന്ന പോർ വിമാനങ്ങളെ അത്തരം റഡാറുകൾക്ക് എളുപ്പം തിരിച്ചറിയാം. കനത്ത മേഘ കവചം റഡാറുകളുടെ റേൻജ്ജ് കാര്യമായി കുറയ്ക്കും അതിനാൽ തന്നെ വളരെ ദൂരെ നിന്നും ലക്ഷ്യങ്ങളെ തിരിച്ചറിയാൻ കനത്ത മേഘ കവചം ഉള്ളപ്പോൾ റഡാറുകൾക്ക് ആയെന്നു വരില്ല. താഴ്ന്ന മേഘങ്ങളും ഇടിമിന്നലിന്റെ അകമ്പടിയും ഒക്കെ പല വ്യോമസേനകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട് .

മേഘ കവചം പോർവിമാനങ്ങൾക്ക് കൃത്യമായി ലക്ഷ്യങ്ങളെ ആക്രമിക്കാനും വിഘാതമാകും . പോർവിമാനങ്ങളിലെ റഡാറിനും ഇൻഫ്രാ റെഡ് ഡിറ്റക്ഷൻ സംവിധാനത്തിനും ഒക്കെ മോശം കാലാവസ്ഥ പരിമിതികൾ സൃഷ്ടിക്കും .

ചുരുക്കത്തിൽ മോശം കാലാവസ്ഥയെ പ്രയോജനപ്പെടുത്തിയുളള വ്യോമ ഓപ്പറേഷനുകൾ ഒരു ഇരുതല വാൾ പോലെയാണ് . കുറെയൊക്കെ ശത്രുവിനെ വെട്ടിക്കാമെങ്കിലും നമ്മുടെ ആയുധങ്ങളുടെ കൃത്യതയും മോശം കാലാവസ്ഥയിൽ ഉറപ്പാക്കാനാവില്ല .

ആധുനിക യുദ്ധങ്ങളിൽ കാലാവസ്ഥ ഒരു വലിയ ഘടകമാണ് . ഏറ്റവും വലിയ ഉദാഹരണം നമ്മുടെ കണ്മുന്നിൽ മൂന്നുവർഷമായി സിറിയയിൽ നടന്ന റഷ്യൻ ആക്രമണമാണ്. 30 യുദ്ധ വിമാനങ്ങൾ എങ്ങനെയാണ് ഒരു യുദ്ധത്തിന്റെ ഗതി തലകീഴായി മറിച്ചത് എന്ന് ലോകം മുഴുവൻ കണ്ടതാണ് . രാത്രിയെയും മേഘമറകളെയും ഒക്കെ വിദഗ്ധമായി ഉപയോഗിച്ചാണ് മിക്ക റഷ്യൻ വ്യോമാക്രമണങ്ങളും നടന്നത് . ഒരു പക്ഷെ ചരിത്രത്തിലെ ഏറ്റവും ഫലപ്രദമായ വ്യോമ യുദ്ധ വിജയം . അമേരിക്കൻ , യൂറോപ്യൻ പോർവിമാനങ്ങൾക്ക് തങ്ങളുടെ ആൾക്കാരെ റഷ്യൻ ബോംബുകൾ ഭസ്മീകരിക്കുന്നത് നിസ്സഹായരായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.