കാലവര്‍ഷം അഞ്ച് ദിവസം വൈകും; എല്‍നീനോ പ്രതിഭാസം കാരണമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷം അഞ്ച് ദിവസം വൈകും. ജൂണ്‍ ഒന്നിന് എത്തേണ്ട കാലവര്‍ഷം അഞ്ച് ദിവസം വൈകി ആറിന് കേരള തീരത്ത് എത്തുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

മൂന്ന് ദിവസം വൈകി ജൂണ്‍ നാലിന് കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന് സ്വകാര്യ ഏജന്‍സിയായ സ്കൈമെറ്റ് കഴിഞ്ഞദിവസം പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. രാജ്യത്ത് ഈ വര്‍ഷം കാലവര്‍ഷം സാധാരണപോലെ ലഭിക്കുമെന്നും ദീര്‍ഘകാല ശരാശരിയുടെ 96 ശതമാനം മഴയുണ്ടാകുമെന്നും ഐ.എം.ഡി നേരത്തെ അറിയിച്ചിരുന്നു. എല്‍നീനോ പ്രതിഭാസം കാരണമാണ് കാലവര്‍ഷത്തിന്റെ തുടക്കം വൈകുന്നതെന്നാണ് വിലയിരുത്തല്‍.

അതേസമയം, കാലാവസ്ഥാ വകുപ്പിന് വിരുദ്ധമായ പ്രവചനമാണ് സ്കൈമെറ്റിന്റേത്‌. സാധാരണയിലും കുറവായിരിക്കും ഇത്തവണ കാലവര്‍ഷമെന്നാണ് സ്കൈമെറ്റിന്റെ അറിയിപ്പ്. 93 ശതമാനം മഴയേ ലഭിക്കുവെന്ന് സ്കൈമെറ്റ് പ്രവചിക്കുന്നു.