കാറിന് ഫാന്‍സി നമ്പറിനായി റെക്കോര്‍ഡ് തുക; കെ.എല്‍ 01 CK-1ന് ചെലവിട്ടത് 31 ലക്ഷം

തിരുവനന്തപുരം: വാഹന റജിസ്ട്രേഷന്‍ ഫാന്‍സി നമ്പരിന് ലേലത്തില്‍ റെക്കോര്‍ഡ് തുക. കെ.എല്‍ 01 CK-1 എന്ന ഫാന്‍സി നമ്പരാണ് 31 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയത്. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണിത്. തിരുവനന്തപുരം ആര്‍.ടി.ഒാഫീസില്‍ നടന്ന ലേലത്തില്‍ ദേവി ഫാര്‍മ ഉടമ ബാലഗോപാലന്‍നായരാണ് തന്റെ ആഡംബരക്കാറിനായി നമ്പര്‍ സ്വന്തമാക്കിയത്.

മൂന്നുപേരാണ് ലേലത്തില്‍ പങ്കെടുത്തത്. ഒപ്പമുള്ളവര്‍ ഇരുപത്തിയഞ്ചുലക്ഷം രൂപ വരെ വിളിച്ചെങ്കിലും മുപ്പത്തിയൊന്ന് ലക്ഷം രൂപ വിളിച്ച് ബാലഗോപാലന്‍നായര്‍ ഫാന്‍സി നമ്പര്‍ സ്വന്തമാക്കി. ഒരു കോടി ഇരുപത് ലക്ഷം രൂപയാണ് വാഹനത്തിന്റ വില.

2017 ല്‍ കെ.എല്‍ 01 CB 1 ന് ലഭിച്ച 25 ലക്ഷം രൂപയായിരുന്നു ഇതിന് മുമ്പുണ്ടായിരുന്ന ഏറ്റവും ഉയര്‍ന്നതുക. അന്നും ബാലഗോപാലന്‍നായര്‍ തന്നെയാണ് ഇഷ്ട നമ്പര്‍ സ്വന്തമാക്കിയത്.