കാര്‍ട്ടൂണ്‍ വിവാദത്തില്‍ പ്രതികരിച്ച് കെ മുരളീധരന്‍; മതങ്ങളെ അപമാനിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ല

കണ്ണൂര്‍: ലളിതകല അക്കാദമിയുടെ പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെ ച്ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി കെ മുരളീധരന്‍ എംപി. മതങ്ങളെ അപമാനിക്കുന്നത് ആവിഷ്‌ക്കര സ്വാതന്ത്ര്യമല്ലെന്ന് മുരളീധരന്‍ കണ്ണൂരില്‍ പറഞ്ഞു. സിഒടി നസീര്‍ വധശ്രമക്കേസില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പ്രതികരണം.

വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കാര്‍ട്ടൂണ്‍ പരിശോധിച്ചുവെന്നും കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് വിലയിരുത്തിയെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ ഇന്നലെ പറഞ്ഞിരുന്നു.

പൂവന്‍ കോഴിക്ക് ഫ്രാങ്കോയുടെ മുഖം, കോഴിയുടെ നില്‍പ്പ് പൊലീസിന്റെ തൊപ്പിക്ക് മുകളിലും തൊപ്പി പിടിക്കുന്നത് പിസി ജോര്‍ജ്ജും ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിയും എന്നതായിരുന്നു കാര്‍ട്ടൂണ്‍. പീഡന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോയുടെ കയ്യിലെ മെത്രാന്‍ സ്ഥാനീയ ചിഹ്നത്തില്‍ അടിവസ്ത്രത്തിന്റെ ചിത്രം ചേര്‍ത്ത ഈ കാര്‍ട്ടൂണിനായിരുന്നു കേരള ലളിത കലാ അക്കാഡമി മികച്ച കാര്‍ട്ടൂണിനുള്ള പുരസ്‌കാരം നല്‍കിയത്. സുഭാഷ് കെ കെ വരച്ച കാര്‍ട്ടൂണ്‍ കേരള ശബ്ദത്തിന്റെ സഹ പ്രസിദ്ധീകരണമായ ഹാസ്യ കൈരളിയിലാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നത്.

തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഒപ്പം നില്‍ക്കാത്തതിനുള്ള പ്രതികാരം എന്ന് ആരോപിച്ച് കത്തോലിക്കാ സഭയിലെ ഒരു വിഭാഗം കാര്‍ട്ടൂണിനെതിരെ രംഗത്തെത്തിയിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു.