കാര്‍ട്ടൂണ്‍ വിവാദം: എ കെ ബാലന്‍റേത് സര്‍ക്കാര്‍ നിലപാടെന്ന് സുനില്‍ കുമാര്‍

തിരുവനന്തപുരം: കാര്‍ട്ടൂണ്‍ വിവാദത്തില്‍ മന്ത്രി എകെ ബാലന്റെ നിലപാടിനോട് പ്രതികരിച്ച് കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍. സിപിഐയുടെ നിലപാടാണ് സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞതെന്നും സര്‍ക്കാര്‍ നിലപാടാണ് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കിയതെന്നും സുനില്‍ കുമാര്‍ പറഞ്ഞു. 

കാര്‍ട്ടൂണ്‍ വിവാദത്തെ തുടര്‍ന്ന് അവാര്‍ഡ് പുനഃപരിശോധിക്കുമെന്നാണ് മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ സബ്മിഷന് മറുപടചി നല്‍കിയത്. അവാർഡ് നൽകിയത് പുനഃ പരിശോധിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടപ്പോള്‍ പ്രകോപനമരമാണ് അവാർഡ് കിട്ടിയ കാർട്ടൂണെന്നും മത ചിഹ്നങ്ങളെ അപമാനിക്കാൻ സർക്കാർ അനുവദിക്കില്ലെന്നും എ കെ ബാലന്‍ മറുപടി നല്‍കി. പ്രതിപക്ഷ നേതാവിന്‍റെ നിലപാട് സ്വാഗതാർഹമെന്ന് ബാലൻ പറഞ്ഞു. വിവാദത്തില്‍ ഒരേ നിലപാടാണ് സര്‍ക്കാരും പ്രതിപക്ഷവുമെടുത്തത്. 

എന്നാല്‍ കഴിഞ്ഞ ദിവസം കാര്‍ട്ടൂണ്‍ വിവാദത്തില്‍ സര്‍ക്കാറിന്‍റെ നിലപാടിനെ  സിപിഐ വിമർശിച്ചിരുന്നു. ലളിത കല അക്കാദമി സ്വതന്ത്ര സ്ഥാപനമാണെന്നായിരുന്നു കാനത്തിന്‍റെ നിലപാട്. ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിന് ശേഷം അത് തിരിച്ചെടുക്കുമോ എന്നും കാനം ചോദിച്ചിരുന്നു.