കാര്‍ട്ടൂണ്‍ മത പ്രതീകങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നത്‌; പുരസ്കാരം നല്‍കാനുള്ള തീരുമാനം പുന:പരിശോധിക്കുമെന്ന് മന്ത്രി

ലളിതകലാ അക്കാദമിയുടെ  പുരസ്കാരത്തിന് തിരഞ്ഞെടുത്ത കാര്‍ട്ടൂണ്‍ മത പ്രതീകങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് സാംസ്കാരികമന്ത്രി എ.കെ. ബാലന്‍. കാര്‍ട്ടൂണിന് പുരസ്കാരം നല്‍കാനുള്ള തീരുമാനം പുന:പരിശോധിക്കാന്‍ അക്കാദമിയോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

ബിഷപ്  ഫ്രാങ്കോ മുളക്കലിനെക്കുറിച്ച് കാര്‍ട്ടൂണ്‍ വരയ്ക്കുന്നതിന് എതിരല്ല. അതിനായി ക്രിസ്ത്യന്‍ മത ചിഹ്നങ്ങളെ മോശമായി ഉപയോഗിക്കുന്നത് അംഗീകരിക്കുന്നില്ലെന്നും മന്ത്രി  പറഞ്ഞു.   

അതേസമയം ആരോപണവിധേയമായ കാർട്ടൂണിന് സംസ്ഥാന പുരസ്കാരം നൽകിയത് പുനപരിശോധിക്കുമെന്ന് ലളിതകല അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്. അവാർഡ് നിർണയത്തിൽ അക്കാദമി ഇടപ്പെട്ടിട്ടില്ല. വിദഗ്ധ സമിതിയെ ഇക്കാര്യം പരിശോധിക്കാൻ നിയോഗിച്ചിട്ടുണ്ടെന്നും നേമം പുഷ്പരാജ് പറഞ്ഞു.

നേരത്തെ കാര്‍ട്ടൂണിനെതിരെ കെസിബിസി രംഗത്തെത്തിയിരുന്നു. ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുത്തിരിക്കുന്ന കാർട്ടൂൺ അങ്ങേയറ്റം പ്രകോപനപരവും പ്രതിക്ഷേധാർഹവുമാണെന്ന്‌ കെ സി ബി സി വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.