കാരുണ്യത്തിന്റെ വറ്റാത്ത കടൽ – ദയാ ബായ്

രേഷ്മ സെബാസ്റ്റ്യൻ

അവഗണിക്കപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതികരണത്തിന്റെ ശബ്ദമായി മാറിയ ദയയുടെ ആൾരൂപമാണ് ദയാ ബായ് എന്ന മേഴ്‌സി മാത്യു . മധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ 50 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കേരളത്തിൽനിന്നുള്ള സാമൂഹ്യ പ്രവർത്തകയാണ് ദയാ ബായ് .

1941 ഫെബ്രുവരി 22 ന് കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ പാലായ്ക്ക് സമീപമുള്ള പൂവരണിയിൽ പുല്ലാട്ട് മാത്യുവിന്റേയും ഏലിക്കുട്ടിയുടെയും 14 മക്കളിൽ മൂത്തവളായാണ് മേഴ്‌സി ജനിച്ചത് . കൊച്ചു കൊട്ടാരം പ്രൈമറി സ്കൂൾ , വിളക്കുമാടം സെന്റ് ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം . പിന്നീട് ജീവശാസ്ത്രത്തിൽ ബിരുദവും ബോംബെ സർവകലാശാലയിൽ നിന്ന് എം എസ് ഡബ്ല്യൂവും നിയമവും പഠിച്ചു .

പതിനൊന്നാം ക്ലാസ് കഴിഞ്ഞപ്പോൾ പഠനം നിർത്തിയ മേഴ്‌സി, തന്റെ ആഗ്രഹം പോലെ കന്യാസ്ത്രീയാകാൻ തീരുമാനിച്ചു . വടക്കേ ഇന്ത്യയിലെ അധസ്ഥിതർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന തോന്നലിൽ ബീഹാറിലെ ഹസാരിബാഗിലെ ഹോളി കോൺവെന്റിൽ എത്തി .

കോൺവെന്റ് നിവാസികൾ ആഘോഷപൂർവ്വം ക്രിസ്മസ് കൊണ്ടാടുമ്പോൾ, ഒറ്റ വസ്ത്രം കൊണ്ട് ശരീരം മറച്ച് പള്ളിയിൽ കുർബാനയ്ക്ക് എത്തുന്ന ആദിവാസികളുടെ കഷ്ടപ്പാട് മേഴ്‌സി അനുഭവിച്ചറിഞ്ഞു . സേവനത്തിനായി ആദിവാസികളുടെ ഗ്രാമത്തിലേയ്ക്ക് പോകണമെന്ന മേഴ്സിയുടെ ആവശ്യം പരിഗണിക്കപ്പെടാതായതോടെ കന്യാസ്ത്രീ പഠനം അവസാനിപ്പിച്ച് മഠത്തിൽ നിന്നും അവർ പുറത്തു വന്നു . പ്രാർത്ഥനയിൽ നിന്നും പ്രവർത്തനത്തിലേയ്ക്കുള്ള പുറപ്പാടായിരുന്നു അത് .

മറ്റുള്ളവർക്കു വേണ്ടി പ്രവർത്തിക്കണമെന്ന അദമ്യമായ ആഗ്രഹത്താൽ മദർ തെരേസ ചിൽഡ്രൻസ് ഹോം , ഓൾഡ് ഏജ് ഹോം എന്നിവിടങ്ങളിൽ പ്രവർത്തിച്ചു . യുദ്ധ സമയത്ത് ബംഗ്ലാദേശ് അഭയാർഥികളുടെ സേവനത്തിനായി ബംഗ്ലാദേശിലും എത്തി . പിന്നീട് തന്റെ സേവനങ്ങളുടെ പരിമിതി ആരുടേയും കീഴിൽ തളച്ചിടാതെ സ്വയം പ്രവർത്തനം ആരംഭിച്ച അവർ മുംബൈയിലെ ഗ്രാമങ്ങളിലും ഡൽഹിയിലും ആന്ധ്രയിലും ഹരിയാനയിലെ ദുരിതാശ്വാസ ക്യാമ്പുകളിലുമായി വർഷങ്ങളോളം പ്രവർത്തിച്ചു . ഇതിനിടയിൽ ബി.എസ്.സി. യും എം.എസ്‌. ഡബ്ലിയുവും പാസ്സായി . പഠനത്തിന്റെ ഭാഗമായി ഫീൽഡ് വർക്കിനായി മധ്യപ്രദേശിലെ ചിന്ത്‌വാഡിയിലെ സുള്ളഗപ്പയിൽ ഒരു ആദിവാസി വിധവയുടെ വീട്ടിൽ ആണ് താമസിച്ചത് .

എം.എസ്‌. ഡബ്ലിയു പഠനകാലത്ത് താമസിച്ചിരുന്ന വീടിനു സമീപത്തുള്ള ചന്ദ്ര എന്ന യുവതിയുടെ അമ്മയുടെ സ്ഥലമായ ടിൻസായ് ഗ്രാമത്തിൽ അവർ എത്തിച്ചേർന്നു . ഗോണ്ടുകൾ എന്നറിയപ്പെട്ടിരുന്ന ആദിവാസികൾ ആണ് അവിടെ ഉണ്ടായിരുന്നത് . അങ്ങനെ അവരിലൊരാളായി മാറാൻ മേഴ്‌സി അവരുടെ വേഷവും ഭാഷയും ഭക്ഷണവും സ്വീകരിച്ചു . ഗോത്ര വർഗ്ഗ സ്ത്രീകളുടെ വിളിപ്പേരായ ബായ് യും മേഴ്‌സിയിലെ ദയയും കൂട്ടിച്ചേർത്ത് അവർ “ദയാ ബായ്” ആയി മാറി.

ടിൻസായിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു പിന്നീട് . കുടിവെള്ളവും വൈദ്യുതിയും സ്കൂളുകളുമില്ലാത്ത ടിൻസായിക്ക് വേണ്ടി ദയാ ബായ് ശക്തിയുക്തം പോരാടി . ആദിവാസികളെ ചൂഷണം ചെയ്തു കൂലി വെട്ടിച്ചവർക്കെതിരെ ദയാ ബായ് യുടെ നേതൃത്വത്തിൽ ആദിവാസികൾ രംഗത്തിറങ്ങി . പ്രായമായവർക്ക് ദയാ ബായ് നിയമ സാക്ഷരതാ ക്ലാസുകൾ നടത്തുകയും കവിതകളിലൂടെയും തെരുവ് നാടകങ്ങളിലൂടെയും അവരെ ബോധവൽക്കരിക്കുകയും ചെയ്തു . തൻ്റെ പ്രവർത്തനങ്ങളിൽ രോഷം പൂണ്ട രാഷ്രീയക്കാരും ഉന്നതന്മാരും അടങ്ങുന്ന ശത്രുക്കൾ പലവട്ടം ഉപദ്രവിച്ചുവെങ്കിലും ദയാ ബായ് പോരാടി ജയിച്ചു .

ടിൻസായിയിലെ പോരാട്ടത്തിനു ശേഷം ബറൂളിലെത്തിയ ദയാ ബായ് കുടുംബത്തിൽ നിന്നും കിട്ടിയ വിഹിതം കൊണ്ട് രണ്ട് ഏക്കർ സ്ഥലം വാങ്ങുകയും പ്രകൃതിദത്തമായ കൃഷികൾ നടത്തിക്കൊണ്ട് ഗ്രാമീണർക്ക് മാതൃക കാണിക്കുകയും ചെയ്തു . എല്ലാം നേടിയെടുക്കാൻ ശ്രമിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് പ്രചോദനമാണ് ഉള്ളതെല്ലാം ഇട്ടെറിഞ്ഞു പാവങ്ങൾക്കു വേണ്ടി ഇറങ്ങി തിരിച്ച ദയാ ബായ് . വിത്സൺ ഐസക് തയാറാക്കിയ “പച്ചവിരൽ” എന്ന ആത്മകഥ അവരുടെ പച്ചയായ ജീവിതമാണ് .

കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ തണലില്ലാതെ ഒറ്റയ്ക്ക് പൊരുതി വിജയിച്ച , മറ്റുള്ളവർക്കായ് തണൽ വിരിയിച്ച ഒറ്റമരമാണ് ദയാ ബായ് . കൂടുതൽ ആളുകളെ ഉൾക്കൊള്ളാനായി ചില്ലകൾ നീട്ടി വിരിച്ച ഒറ്റമരം. കാരുണ്യത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമായ ദയാ ബായ് യെ തേടി ഒരുപാട് അംഗീകാരങ്ങൾ വന്നു . 2007 ലെ വനിതാ വുമൺ ഓഫ് ദി ഇയർ പുരസ്‌കാരം , വിജിൽ ഇന്ത്യയുടെ നാഷണൽ ഹ്യൂമൻ റൈറ്സ് അവാർഡ് , അയോദ്ധ്യ രാമായൺ ട്രസ്റ്റിന്റെ ജനനി ജാഗ്രതി അവാർഡ്, 2001 ലെ മികച്ച സാമൂഹ്യ പ്രവത്തകയ്ക്കുള്ള ധർമ്മ ഭാരതി ദേശീയ പുരസ്‌കാരം , ദി സ്പിരിറ്റ് ഓഫ് അസീസി ദേശീയ പുരസ്‌കാരം (2010) എന്നിവ അവയിൽ ചിലതാണ്. ദയാ ബായ് യെക്കുറിച്ച് ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് ‘ഒറ്റയാൾ”.

ദയ എന്ന വാക്കിന്റെ അർത്ഥം അന്വർത്ഥമാക്കിയ സാമൂഹ്യ പ്രവർത്തകയാണ് ദയാ ബായ്. മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുക എന്നതിനേക്കാളുപരിയായി അവരിലേക്കിറങ്ങിച്ചെന്ന് അവരിലൊരാളായി, അവർക്കുവേണ്ടി പോരാടിയ ആ രീതിയാണ് ദയാ ബായിയെ വ്യത്യസ്തയാക്കുന്നത്. അവർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും അവരുടെ പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ നമുക്ക് സാധിക്കും. നിലവിളക്കായ് എരിഞ്ഞില്ലെങ്കിലും വിളക്കിനു കരുത്താവുന്ന എണ്ണയായ് മാറാൻ എല്ലാവർക്കും കഴിയട്ടെ.