കായലോരത്തെ ചതുപ്പിൽ യുവാവിന്റെ മൃതദേഹം:സുഹൃത്തുക്കൾ പിടിയിലായി

കൊച്ചി:നെട്ടൂർ റെയിൽവേ സ്റ്റേഷന് സമീപം യുവാവിന്റെ മൃതദേഹം ചതുപ്പിൽ കല്ല് കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തി.കുമ്പളം മാന്നാനാട്ട് വീട്ടിൽ വിദ്യന്റെ മകനായ അർജുൻ (20 )നെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


റെയില്‍വേ ട്രാക്കിന് പടിഞ്ഞാറു ഭാഗത്തായി ആള്‍ താമസമില്ലാത്ത കണിയാച്ചാല്‍ ഭാഗത്ത് കുറ്റിക്കാടിനുള്ളിലെ ചെളിയിലാണ് ബുധനാഴ്ച വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.ഈ മാസം രണ്ടാം തിയതി മുതൽ അർജുനിനെ കാണാനില്ല എന്ന് കാണിച്ചു ബന്ധുക്കൾ പനങ്ങാട് പോലീസിൽ പരാതി നൽകിയിരുന്നു.പരാതിയിൽ അർജുനിന്റെ സുഹൃത്തുക്കളായ നിബിൻ,റോണി എന്നിവരെ സംശയിക്കുന്നതായി പറഞ്ഞിരുന്നു. പോലീസ് പരാതിയിന്മേൽ അന്വേഷണം നടത്തിയില്ലെന്നു അർജുന്റെ പിതാവ് പറഞ്ഞിരുന്നു.നാട്ടുകാരുടെയും,ബന്ധുക്കളുടെയും കടുത്ത പ്രതിഷേധത്തിനെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ നിർദേശമനുസരിച്ചു അന്വേഷണം പുനരാരംഭിച്ചിരുന്നു.

കഴിഞ്ഞ വർഷം പ്രതികളിൽ ഒരാളുടെ സഹോദരനും അർജുനും യാത്ര ചെയ്തിരുന്ന ഇരുചക്ര വാഹനം അപകടത്തിൽപെടുകയും അയാൾ മരിക്കുകയും അർജുൻ സാരമായ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്‌തിരുന്നു.അർജുൻ കാരണമാണ് സഹോദരൻ മരിച്ചത് എന്ന ധാരണയിൽ നിന്നുണ്ടായ പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചത്.കസ്റ്റഡിയിലെടുത്ത പ്രതികൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്.