കാന്‍ മേളയ്ക്ക് കരുത്ത് പകര്‍ന്ന് വിഖ്യാതരും നവാഗതരും

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറെ മികവു പുലര്‍ത്തിയാണ് ഇത്തവണ കാന്‍ ചലചിത്രമേള പൂര്‍ണമാകുന്നത്. വിഖ്യാതരായ ചലചിത്രകാരും നവാഗതരും ചേര്‍ന്ന് മേളയെ സമ്പന്നമാക്കി.

പെഡ്രോ ആംഡോവറും, കെന്‍ ലോച്ചും, ക്വെന്റിന്‍ ടരാന്റിനോയും സ്വതസിദ്ധമായ ശൈലിയുടെ ആവിഷ്‌കാരങ്ങളുമായി മേളയുടെ ഭാഗമായിരുന്നു. ആംഡോവറുടെ പെയിന്‍ ആന്റ് ഗ്ലോറി, കെന്‍ ലോച്ചിന്റെ സോറി വി മിസ്സ്ഡ് യു, ലിയനാര്‍ഡോ ഡികാപ്രിയോയും ബ്രാഡ് പിറ്റും മത്സരിച്ചഭിനയിച്ച ടരാന്റിനോയുടെ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളി വുഡ് തുടങ്ങിയ ചിത്രങ്ങള്‍ ചലചിത്ര പ്രേമികള്‍ക്ക് കാഴ്ചയുടെ പുത്തന്‍ അനുഭവമായി .

മേളയിലെ, യുവതുര്‍ക്കിയായ സേവിയര്‍ ഡോളന്‍ മാതിയസ് ആന്റ് മാക്‌സിം എന്ന ചിത്രത്തിലൂടെ കാണികളെ വിസ്മയിപ്പിച്ചു. കൊറിയന്‍ സിനിമാലോകവും കാന്‍ മേളയെ നിരാശപ്പെടുത്തിയില്ല. പാരസൈറ്റ്, ദി സെര്‍വന്റ് തുടങ്ങിയ ചിത്രങ്ങള്‍ മേളയ്ക്ക് കരുത്തു പകര്‍ന്നു.

സെലിന്‍ സിയമയുടെ പോര്‍ട്രൈറ്റ് ഓഫ് എ ലേഡി ഓണ്‍ ഫയര്‍ ആണ് പാം ദി ഓറിനായ് ഏറെപ്പേര്‍ പ്രതിക്ഷിക്കുന്ന ചിത്രം. ഒരു ഹിച്ച് കോക് ടച്ചുള്ളചിത്രമായി ഇതിനെവിലയിരുത്തുന്നു.കുടിയേറ്റ ജനതയുടെ കഥ പറയുന്ന മാത്തി ഡി ഓപിന്റെ അത്‌ലാന്റികും അവാര്‍ഡിനായി പരിഗണിച്ചേക്കാം.