കാന്‍സറിനെ കീഴടക്കാനൊരുങ്ങി ബംഗളുരുവിലെ ഗവേഷക സംഘം

രക്താര്‍ബുദം (ലുക്കിമിയ) ചികിൽസിച്ച് ഭേദമാക്കാനുള്ള പരിശ്രമത്തിൽ സുപ്രധാനമായ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഒരു സംഘം ഇന്ത്യന്‍ ഗവേഷകര്‍.
രക്തത്തില്‍ കോശങ്ങളുടെ അമിതമായ വളര്‍ച്ച കാരണമുണ്ടാകുന്ന രോഗത്തെ തടയുന്നതിന് അശ്രിജ് (സംസ്‌കൃതത്തില്‍  രക്തം) എന്ന് വിളിക്കുന്ന മൂലകോശ പ്രോട്ടീന്‍ പ്രധാന പങ്കു വഹിക്കുന്നതായാണ് അവര്‍ കണ്ടെത്തിയിട്ടുള്ളത്.   
ബംഗളുരുവിലെ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസേര്‍ച്ചിലെ മനീഷ എസ് ഇനാംദാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ചരിത്രപ്രധാനമായ നേട്ടം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. 
അമേരിക്കൻ സൊസൈറ്റി  ഓഫ് ഹീമറ്റോളജിയുടെ പ്രസിദ്ധീകരണമായ ‘ബ്ലഡ്’ അവരുടെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. 
പുതിയ രക്തകോശങ്ങള്‍ ഉണ്ടാകുന്നത് ഒരു ആജീവനാന്ത പ്രക്രിയയാണ്. ഒട്ടേറെ കോശങ്ങളുള്ളതിനാല്‍ അവ മാറ്റങ്ങള്‍ക്കു വിധേയമാകുകയും കാന്‍സര്‍ രോഗം ഉടലെടുക്കുകയും ചെയ്യുന്നു. ഖരരൂപത്തിലുള്ള കാന്‍സറിനുള്ള കാരണത്തിന്റെ 90 ശതമാനവും കോശങ്ങളുടെ ഉല്‍പ്പാദനത്തെ നിയന്ത്രിക്കുന്ന പി 53 എന്ന കോശത്തിനുണ്ടാകുന്ന മാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു.
എന്നാല്‍ പി 53 എന്ന കോശത്തിനുണ്ടാകുന്ന മാറ്റം കാരണം രക്താര്‍ബുദം ഉണ്ടാകുന്നതിനുള്ള സാധ്യത 11% മാത്രമാണ്. കാന്‍സറിനെ തടയുന്ന അശ്രിജ് എന്ന പ്രോട്ടീന്‍  പി 53 നു സംരക്ഷണം നല്‍കുന്നു. ‘ജനിതകഘടനയുടെ രക്ഷാകര്‍ത്താവ്’ എന്നും ഇതറിയപ്പെടുന്നു. 
അശ്രിജ് ഇല്ലെങ്കില്‍ പി 53 നശിപ്പിക്കപ്പെടുകയും രക്തകോശങ്ങള്‍ പെരുകുകയും കാന്‍സറിന് കാരണമാകുകയും ചെയ്യുന്നു. പി 53ലുണ്ടാകുന്ന മാറ്റങ്ങളാണ് കാന്‍സറിന് കാരണമാകുന്നതെന്നത് അറിവുള്ള കാര്യമാണ്. എന്നാല്‍ പി 53നു മാറ്റം സംഭവിക്കാതെയും കാന്‍സര്‍ എങ്ങനെയുണ്ടാകുന്നുവെന്നതാണ് ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്നത്. അതെങ്ങനെ സംഭവിക്കുന്നുവെന്നു ബംഗളൂരുവിലെ ഗവേഷകര്‍ വിശദീകരിക്കുന്നു. 
ഗവേഷകരുടെ കണ്ടെത്തലുകള്‍ പുതിയ രോഗനിര്‍ണ്ണയത്തിനും ചികിത്സക്കും അവസരമൊരുക്കും. അശ്രിജ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നറിയാന്‍  ചുണ്ടെലികളിലാണ് പരീക്ഷണം നടത്തിയത്. ജപ്പാനിലെ കൊബെയിലുളള രികെന്‍ സിഡിബി, ബംഗളുരുവില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ് എന്നിവയുമായി സഹകരിച്ചാണത് ചെയ്തത്. 

ചുണ്ടെലികളില്‍ നടത്തിയ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ ഉള്‍പ്പടെയുളള പരീക്ഷണങ്ങള്‍ മാറ്റങ്ങള്‍ കാരണം രക്തത്തില്‍ ഒട്ടേറെ മൂലകോശങ്ങള്‍ ഉണ്ടാകുന്നതായും പ്രായമാകുമ്പോള്‍ മനുഷ്യരിലെന്നതുപോലെ എലികളിലും അത് കാന്‍സര്‍ വ്യാപിക്കുന്നതിനു കാരണമാകുന്നുവെന്നും കണ്ടെത്തി. രക്തത്തിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലുമുണ്ടാകുന്ന കാന്‍സറുകളുടെ ഉത്ഭവവും വളര്‍ച്ചയും കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളില്‍ ഒരു വിപ്ലവമെന്നു ഇതിനെ വിശേഷിപ്പിക്കാം.
കാന്‍സറും മസ്തിഷ്‌ക രോഗങ്ങളുമുള്‍പ്പടെ അശ്രിജ്, പി 53 എന്നിവയുമായി ബന്ധപ്പെട്ട ഒട്ടേറെ രോഗങ്ങള്‍ക്ക് ഔഷധം വികസിപ്പിക്കുന്നതിലേക്കും ഈ ഗവേഷണം നയിക്കുമെന്നാണ് ഗവേഷകർ കരുതുന്നത്.