കാന്‍സര്‍ ബാധിതരുടെ നിരക്കില്‍ കേരളം മുന്നില്‍; പഠന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നത്

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറെ അഭിമാനംകൊളളുന്നവരാണ് മലയാളികള്‍. എന്നാല്‍ ഇന്ന് മലയാളികള്‍ നടന്നടുക്കുന്നത് അര്‍ബുദത്തിന്റ മരണക്കെണിയിലേക്ക്. രാജ്യത്ത് അര്‍ബുദബാധിതരുടെ നിരക്കില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കേരളമാണെന്ന് പഠനറിപ്പോര്‍ട്ട്.

സംസ്ഥാനത്ത് ഒരുലക്ഷം പേരില്‍ 135 പേര്‍ അര്‍ബുദബാധിതരെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മരണനിരക്കില്‍ രണ്ടാം സ്ഥാനത്താണ് കേരളം. രാജ്യത്തെ അര്‍ബുദ ചികില്‍സാ രംഗത്തെ ഇരുപത്താറു വര്‍ഷത്തെ കണക്കുകള്‍ അടിസ്ഥാനമാക്കി ലോകപ്രശസ്ത ആരോഗ്യ പ്രസിദ്ധീകരണമായ ‘ലാന്‍സെറ്റ്’ പുറത്തുവിട്ടതാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍.

ഇന്ത്യയില്‍ അര്‍ബുദരോഗം ഏറ്റവും കൂടുതല്‍ പിടികൂടുന്നത് ആരോഗ്യസംരക്ഷണത്തില്‍ മുന്‍പന്തിയിലെന്ന് നടിക്കുന്ന കേരളീയരെയാണ്.ഒരുലക്ഷം പേരെയെടുത്താല്‍ 135 പേര്‍ രോഗ ബാധിതരാണ്. നൂറ്റി ആറാണ് ദേശീയ ശരാശരി എന്നറിയുമ്ബോഴാണ് നമ്മളെ പിടിമുറുക്കിയ വന്‍ വിപത്തിന്റെ ആഴം നമുക്ക് മനസിലാവൂ. അതായത് ദേശീയ ശരാശരിയേക്കാള്‍ മുപ്പത് ശതമാനത്തോളം അധികമാണ് നമ്മുടെ നാട്ടിലെ അര്‍ബുദബാധയുടെ നിരക്ക് . സ്ത്രീകളുടേയും പുരുഷന്‍മാരുടേയും മരണനിരക്കില്‍ മിസോറാമിന് തൊട്ടുപിന്നിലാണ് നമ്മുടെ സംസ്ഥാനം.

ലക്ഷം പുരുഷന്മാരില്‍ 103 പേര്‍ അര്‍ബുദം ബാധിച്ച്‌ മരിക്കുന്നു. 73 ആണ് സ്ത്രീകളിലെ മരണനിരക്ക്. പുരുഷന്മാരിലെ ശ്വാസ കോശ അര്‍ബുദം, വായിലെ കാന്‍സര്‍ സ്ത്രീകളിലെ സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം തൈറോയ്ഡ് നിരക്കുകളിലും കേരളം ഒന്നാമതാണ്. കരളിനും കുടലിനും ബാധിക്കുന്ന അര്‍ബുദ നിരക്കുകളില്‍ രണ്ടാമതും.

തിരിച്ചറിയാനും ചികിത്സ തേടാനും വൈകുന്നതാണ് മരണനിരക്ക് ഉയരാനുളള കാരണം. തുടക്കത്തിലേ കണ്ടെത്തി കൃത്യമായ ചികില്‍സ നല്കിയാല്‍ തൊണ്ണൂറു ശതമാനം അര്‍ബുദങ്ങളും പൂര്‍ണമായും ഭേദമാക്കാനാവും.