കാനം ദേശീയ ജനറല്‍ സെക്രട്ടറിയായാല്‍ സംസ്ഥാന സെക്രട്ടറി ആരാകും? സിപിഐയില്‍ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍ സജീവം

എം. മനോജ്‌ കുമാര്‍

തിരുവനന്തപുരം: നയസമീപനങ്ങളുടെ കാര്യത്തിലും സംഘടനാപരമായും സിപിഐയ്ക്ക് നിര്‍ണായകമായി മാറുകയാണ് കൊല്ലത്ത് നടക്കുന്ന 23 ആം പാര്‍ട്ടി കോണ്‍ഗ്രസ്. സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞപോലെ പാര്‍ട്ടി കോണ്‍ഗ്രസ് സിപിഐയ്ക്ക് മാറ്റത്തിന്റെ കേളികൊട്ട് തന്നെ ആയി മാറിയേക്കും.

സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ചുമതലയൊഴിയുകയാണ്. അനാരോഗ്യമാണ് സുധാകര്‍ റെഡ്ഡിയെ അലട്ടുന്ന പ്രശ്നം.

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ അനാരോഗ്യം മൂലം സുധാകര്‍ റെഡ്ഡി സ്ഥാനമൊഴിയാൻ തീരുമാനിച്ചിരുന്നു. പക്ഷെ പാര്‍ട്ടി ഇടപെട്ടു അദ്ദേഹത്തെ തുടരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

പക്ഷെ ഇക്കുറി സുധാകര്‍ റെഡ്ഡി സ്ഥാനമൊഴിയുമെന്ന് തന്നെയാണ് സൂചനകള്‍. സുധാകര്‍ റെഡ്ഡി സ്ഥാനമൊഴിഞ്ഞാല്‍ ആ സ്ഥാനത്തേക്ക് കടന്നു വരാന്‍ ഏറ്റവും അധികം സാധ്യത പാര്‍ട്ടിയെ കേരളത്തില്‍ നയിക്കുന്ന കാനം രാജേന്ദ്രനാണ്. പാര്‍ട്ടി ശക്തമായ കേരളത്തില്‍ നിന്ന് തന്നെ ദേശീയ തലത്തിലേക്കും പാര്‍ട്ടിയെ നയിക്കാന്‍ നേതാവ് വരട്ടെ എന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനം വന്നാല്‍ സ്വാഭാവികമായും കാനം സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് വരും.

സിപിഎം-സിപിഐ പോര് ശക്തമായ കേരളത്തില്‍ പാര്‍ട്ടിക്ക് ശക്തമായ മേല്‍വിലാസമുണ്ടാക്കിയ നേതാവാണ്‌ കാനം. സിപിഐ-സിപിഎം പോരില്‍ മാത്രമല്ല സംഘടനാപരമായി തന്നെ സിപിഐ കാനത്തിന്റെ കാലത്ത് കേരളത്തില്‍ ശക്തിപ്പെട്ടെന്ന് പാര്‍ട്ടി വിലയിരുത്തുന്നുണ്ട്.

പി.കെ.വാസുദേവന്‍ നായര്‍, വെളിയം ഭാര്‍ഗവന്‍, സി.കെ.ചന്ദ്രപ്പന്‍ എന്നിവര്‍ക്ക് ശേഷം സിപിഐയെ കേരളത്തില്‍ ചലനാത്മകമായ രീതിയില്‍ മുന്നോട്ട് നയിച്ച നേതാവാണ്‌ കാനം. ആ കാനം ദേശീയ ജനറല്‍ സെക്രട്ടറിയായാല്‍ സംസ്ഥാന സെക്രട്ടറി ആര്? ഈ  ചോദ്യമാണ് ഇപ്പോള്‍ സിപിഐയില്‍ മുഴങ്ങുന്നത്.

കേരളത്തില്‍ പാര്‍ട്ടിയെ ശക്തമായി നയിച്ചതാണ് ദേശീയ തലത്തില്‍ പാര്‍ട്ടിയെ നയിക്കാനുള്ള യോഗ്യതയായി പരിഗണിക്കപ്പെടുന്നെങ്കില്‍ കാനത്തിന്റെ സ്ഥാനത്ത് പകരം ആര് എന്നാണു സിപിഐ നേതാക്കള്‍ ആരായുന്നത്. കാനം മാറിയാല്‍ കേരളത്തില്‍ ആര് എന്ന ചോദ്യം ഒരു വെല്ലുവിളിയായി സിപിഐയ്ക്ക് മുന്നിലുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സിപിഎമ്മിനോട് ഇടിച്ചു നില്‍ക്കാന്‍ കഴിയുന്ന നേതാവ് തത്ക്കാലം സിപിഐയിലില്ല.

സിപിഐയ്ക്ക് നിലവിലുള്ള ഉണര്‍വും കരുത്തും കേരളത്തില്‍ നഷ്ടപ്പെടുത്തുന്ന ഒരു തീരുമാനമായും കാനത്തിന്റെ ദേശീയ തലത്തിലേക്കുള്ള മാറ്റം വഴിവെയ്ക്കും. കാനം ആസ്ഥാനം ഡല്‍ഹിക്ക് മാറ്റിയാല്‍ സംസ്ഥാന സെക്രട്ടറി സ്ഥാനവുമായി ബന്ധപ്പെട്ട് സിപിഐയ്ക്ക് കേരളത്തില്‍ പ്രതിസന്ധി വരും.

കേരളത്തിലെ പ്രമുഖ സിപിഐ നേതാവായ പന്ന്യന്‍ രവീന്ദ്രന്‍ ഒരു തവണ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിച്ചതാണ്. ഇനി ഒരു കൂടി സംസ്ഥാന സെക്രട്ടറി പദവി കയ്യാളാന്‍ പന്ന്യന്‍ താത്പര്യപ്പെടുന്നില്ല എന്നാണ് സൂചനകള്‍. കാനം പാര്‍ട്ടി സെക്രട്ടറിയാകുന്ന വേളയില്‍ ആലോചന വന്നപ്പോള്‍ പന്ന്യന്‍ ഈ സ്ഥാനം നിരസിച്ചതുമാണ്.

അടുത്ത നേതാവ് സി.ദിവാകരനാണ്. സി.ദിവാകരന്‍ മികച്ച നേതാവാണെങ്കിലും സിപിഎമ്മിനോട് ഏറ്റുമുട്ടി മുന്നോട്ട് പോകാന്‍ താത്പര്യപ്പെടുന്ന നേതാവല്ല. അതുമല്ല കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ തിരുവനന്തപുരത്തെ പെയ്മെന്റ് സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന നേതാവാണ്‌.

സിപിഐയുടെ തിരുവനന്തപുരം ലോക്സഭാ സ്ഥാനാര്‍ഥിയായിരുന്ന ബെന്നറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ത്ഥിത്വ വിവാദത്തില്‍ അന്വേഷണ കമ്മിഷന്റെ വിമര്‍ശനം ഏറ്റുവാങ്ങിയ നേതാവാണ്‌. സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന പി.രാമചന്ദ്രന്‍ നായര്‍ പാര്‍ട്ടി വിടാനും സിപിഎമ്മില്‍ ചേരാനും ഇടയാക്കിയതും ഈ പെയ്മെന്റ് സീറ്റ് വിവാദമായിരുന്നു.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ കെ.ഇ.ഇസ്മായിലും തുടരന്‍ വിവാദങ്ങള്‍ കാരണം നേതൃത്വത്തിനു അയോഗ്യനായി തുടരുകയാണ്.

കഴിഞ്ഞ രണ്ടു സിപിഐ സംസ്ഥാന സമ്മേളനങ്ങളിലും സെക്രട്ടറി സ്ഥാനത്തേക്ക് ഇസ്മായിലിന്‍റെ പേര് ഉയര്‍ന്നപ്പോള്‍ പാര്‍ട്ടിയില്‍ അംഗീകരിക്കപ്പെട്ടില്ല.

കെ.ഇ.ഇസ്മായിലിന്റെ പേരില്‍ വിവാദം ചിലര്‍ കുത്തിപ്പൊക്കുന്നതാണെന്ന് ആരോപണമുണ്ടെങ്കിലും വിവാദം ഇസ്മായിലിന് ദോഷം ചെയ്തു. അതുകൊണ്ട് തന്നെ ഇസ്മായിലിന് സാധ്യതകള്‍ പരിമിതമായി മാറുന്നു. അടുത്തത് ബിനോയ്‌ വിശ്വമാണ്. ചിന്തകനും എഴുത്തുകാരനും പ്രാസംഗികനുമാണെങ്കിലും ബിനോയ്‌ വിശ്വത്തിനു പൊതുസ്വീകാര്യതയില്ല. സിപിഐയില്‍ തന്നെ സ്വീകാര്യത കുറവാണ്.

ബിനോയ്‌ വിശ്വത്തിനെ പാര്‍ട്ടി സെക്രട്ടറിയായി നിയോഗിക്കാന്‍ കഴിയുമോ എന്നും ചോദ്യം ഉയരുന്നുണ്ട്. വിവാദങ്ങള്‍ ഒഴിവാക്കി പാര്‍ട്ടിയില്‍ സ്വീകാര്യനായി തുടരുന്നത് മുന്‍ എംഎല്‍എയും കിസാന്‍ സഭാ നേതാവുമായ സത്യന്‍ മൊകേരിയാണ്‌. മൊകേരിയ്ക്ക് പാര്‍ട്ടിയില്‍ സ്വീകാര്യതയുണ്ട്. എഐഎസ്എഫ്, ഐവൈവൈഎഫ്, കിസാന്‍ സഭ തുടങ്ങി വിപുലമായ പാര്‍ട്ടി ബാക്ക്ഗ്രൌണ്ടുമുണ്ട്.

സത്യന്‍ മൊകേരി പരിഗണിക്കപ്പെടുമോ എന്ന കാര്യം വ്യക്തവുമല്ല. സിപിഐയുടെ ശക്തികേന്ദ്രമായ കേരളത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ ബഹുമുഖമായ പ്രശ്നങ്ങളാണ് സിപിഐ നേരിടുന്നത്.

അതുകൊണ്ട് തന്നെ ഈ പാര്‍ട്ടി കോണ്‍ഗ്രസ് സിപിഐയെ സംബന്ധിച്ചിടത്തോളം മാറ്റത്തിന്റെ കേളികൊട്ട് ആകും എന്ന് പന്ന്യന്‍ തന്നെ പറയുമ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഭവിക്കുന്ന സംഘടനാപരമായ മാറ്റങ്ങളെ ചൊല്ലിയുള്ള ആകാംക്ഷ സിപിഐ നേതൃത്വത്തെ തന്നെ ഒട്ടാകെ വലയം ചെയ്യുകയാണ്.